സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ പോരാട്ടങ്ങളുടെ പോരാട്ടത്തിന് കാഹളം മു‍ഴങ്ങി; ക്രിസ്റ്റ്യാനോ, സിദാന്‍, നെയ്മര്‍ എന്നിവര്‍ക്ക് നിര്‍ണായകം

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം. പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും കൊമ്പുകോർക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും തമ്മിലുള്ള മുഖാമുഖംകൂടിയാണ് ഇന്ന്. ലീഗിലെ അവസാന കളിയിൽ ഹാട്രിക് അടിച്ചാണ് റൊണാൾഡോ ഒരുങ്ങിയത്. നെയ്മർ പിഎസ്ജിയെ കിരീടത്തിലേക്കടുപ്പിച്ചു. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ പോർടോയെ നേരിടും.

കരുത്തിലും കളിമികവിലും പ്രതിഭകളുടെ ധാരാളിത്തമാണ് റയലിനും പിഎസ്ജിക്കും. റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഇന്ന് ഓരോനിമിഷവും ആവേശംനിറയും. നെയ്മറും കൈലിയൻ എംബാപ്പെയും എഡിൻസൺ കവാനിയും അടങ്ങുന്ന ആക്രമണത്രയമാണ് ഫ്രഞ്ച് പടയുടെ സൗന്ദര്യം. ചാമ്പ്യൻസ് ലീഗിലെ കന്നിക്കിരീടത്തിനാണ് അവർ കോപ്പുകൂട്ടുന്നത്. ഇതിൽ കവാനിയുടെ പരിക്കാണ് പിഎസ്ജിയുടെ ആശങ്ക.

സിനദിൻ സിദാന്റെ ആവനാഴിയിൽ ആയുധങ്ങൾക്ക് കുറവില്ല. ലോക ഫുട്ബോളർ റൊണാൾഡോ, ഗാരെത് ബെയ്ൽ,  എന്നിവർ നയിക്കുന്ന മുന്നേറ്റനിര ഏത് ടീമിന്റെയും പേടിസ്വപ്നമാണ്. ഒമ്പത് ഗോൾ നേടിയ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോറർ സ്ഥാനത്തുണ്ട്. സ്പാനിഷ് ലീഗിൽ കിരീടപ്രതീക്ഷ നഷ്ടമായ റയലിന് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഹാട്രിക് കിരീടമാണ് സിദാനും സംഘവും ലക്ഷ്യമിടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് റയൽ തകർത്തത്. മധ്യനിരയിൽ ടോണി ക്രൂസിന്റെ മിന്നുന്ന പ്രകടനമാണ് റയലിന്റെ മറ്റൊരു പ്രതീക്ഷ. സാന്റിയാഗോ ബെർണബ്യൂവിൽ അവസാനമായി നടന്ന 17 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും റയൽ തോൽവി അറിഞ്ഞിട്ടില്ല.

മുഖംമിനുക്കിയാണ് പിഎസ്ജിയുടെ വരവ്. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് എതിരാളികളില്ല. ചാമ്പ്യൻസ് ലീഗിന്റെ ആദ്യറൗണ്ടിൽ 25 ഗോളുകളാണ് പിഎസ്ജി അടിച്ചുകൂട്ടിയത്. ഗോളടി ആഘോഷമാണ് പിഎസ്ജിക്ക്. റയൽ ഭയക്കുന്നതും ഇതുതന്നെ. ചാമ്പ്യൻസ് ലീഗിൽ ഇതിന് മുമ്പ് ആറ് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ടുവീതം ജയം നേടി. രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ചകളി പുറത്തെടുക്കുന്ന ലിവർപൂൾ ഇന്ന് സ്വന്തം തട്ടകത്തിലാണ് പോർടോയെ നേരിടുന്നത്. ഇരു ടീമുകളും ഇതിനുമുമ്പ് നാല് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിൽ ലിവർപൂൾ ജയിച്ചു. രണ്ടെണ്ണം സമനിലയിലായി. പോർടോ പോർച്ചുഗൽ ലീഗിൽ മികച്ചപ്രകടനമാണ് പുറത്തെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here