ആമി മലയാളത്തിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന്; ഹൃദ്യമായ ചലച്ചിത്രാനുഭവം: ഡോ. ബി. ഇക്ബാൽ

ഇന്നലെയാണ് ‘ആമി’ കണ്ടത്. കടുത്ത എതിര്‍പ്പ് – പ്രത്യേകിച്ച് സാമൂഹ്യശ്രംഖലയില്‍ – ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ അല്‍പം മുന്‍ വിധിയോടെയാണു ചിത്രം കാണാന്‍ പോയത്. കണ്ടു കഴിഞ്ഞപ്പോള്‍ മലയാളത്തിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ആമി’യെന്നാണ് എനിക്കു തോന്നിയത്.

അതിസങ്കീര്‍ണ്ണമായ വ്യക്തിത്വസവിശേഷതകളുള്ള മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രാവിഷ്‌ക്കാരം നടത്താനുള്ള കമലിന്റെ ധീരമായ തീരുമാനം അതുകൊണ്ടുതന്നെ അഭിനന്ദാര്‍ഹമാണ്. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും സ്വപ്നവുമെല്ലാം ഇടകലര്‍ന്ന വിഭ്രാന്തിയുളവാക്കുന്ന ജീവിതത്തിന്റെയും സാഹിത്യസൃഷ്ടികളുടെയും ഉടമയായിരുന്നു മാധവിക്കുട്ടി.

വ്യാഖ്യാതാക്കളുടെ വസ്തുനിഷ്ഠമായ വിശകലനം അസാധ്യമാക്കുന്ന അസാധാരണ ജീനിയസ്. വ്യത്യസ്ത വീക്ഷണകോണിലൂടെ മാധവികുട്ടിയുടെ ജീവിതത്തേയും കൃതികളെയും വിലയിരുത്താന്‍ മാത്രമേ വ്യാഖ്യാതാക്കള്‍ക്ക് കഴിയൂ.

ചലച്ചിത്രം തുടങ്ങിയ സര്‍ഗ്ഗത്മക സൃഷ്ടികളുടെ കാര്യത്തില്‍ സംവിധായകന്റെ സ്രുഷ്ടിപരമായ സ്വാതന്ത്ര്യം അംഗീകരിക്കേണ്ടതുണ്ട്. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ തന്റെ കാഴ്ചപ്പാടില്‍ മാധവിക്കുട്ടിയുടെ ജീവിതത്തെ ചലച്ചിത്രമാധ്യമ സാധ്യത പ്രയോജനപ്പെടുത്തി വ്യാഖ്യാനിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ടോ എന്നാണു പരിശോധിക്കേണ്ടത്. ഇതില്‍ വലിയൊരളവ് കമല്‍ വിജയിച്ചിരിക്കുന്നു.

മാത്രമല്ല ദുരൂഹമെന്നോ ദുര്‍ഗ്രഹമെന്നോ വിശേഷിപ്പിക്കാവുന്ന മാധവിക്കുട്ടിയുടെ ജീവിതത്തിനു മറ്റാരും അവതരിപ്പിക്കാത്ത ചില പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതില്‍ കമല്‍ വിജയിച്ചിരിക്കുന്നു. മാധവിക്കുട്ടിയെ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ കമലിനു കഴിഞ്ഞിട്ടുണ്ട്. . അതാണു ‘ആമി’യെ ഹൃദ്യമായ ചലച്ചിത്രാനുഭവമാക്കി മാറ്റിയിരിക്കുന്നത്.

മാധവിക്കുട്ടിയെ സംബന്ധിച്ച് സ്വയമുള്ള ധാരണകളോട് പൊരുത്തപെടുന്നതാണോ ‘ആമി’ എന്ന് വിലയിരുത്താനാണു മിക്ക വിമര്‍ശകരും ശ്രമിച്ചിട്ടുള്ളത്. അങ്ങിനെ നോക്കിയപ്പോഴുണ്ടായ നിരാശയില്‍ നിന്നാണു രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നതെന്ന് വേണം കരുതാന്‍. സംവിധായന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം കണക്കിലെടുക്കാത്ത വിമര്‍ശനമാണു പലരും നടത്തിയിട്ടുള്ളത്.

മറ്റൊരു സംവിധായകനു മറ്റൊരു രീതിയില്‍ മാധവിക്കുട്ടിയിടെ ജീവിതത്തെ വ്യാഖ്യാനിച്ച് അവതരിപ്പിക്കാനാവും. നിരവധി ജീവചരിത്ര നോവലുകള്‍ക്കും സാധ്യതയുണ്ട്. അതിനായി നമുക്ക് കാത്തിരിക്കാം. എന്നാല്‍ അതിനായി ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും വ്യക്തിപരമായി അവഹേളിക്കയും ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News