കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനം; കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്; കരാര്‍ തൊഴിലാളികളെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം അസറ്റ്‌ലിന്‍ വാതകമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഗ്യാസ് കട്ടറില്‍ നിന്നും വാതകം ചോര്‍ന്നിരുന്നുവെന്നും കണ്ടെത്തി. കരാര്‍ തൊഴിലാളികളെയടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പിപി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കപ്പല്‍ശാലയില്‍ പരിശോധന നടത്തിയിരുന്നു. പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ടിലാണ് അപകട കാരണം അസറ്റ്‌ലിന്‍ വാതകം ചോര്‍ന്നതാണെന്ന് സ്ഥിരീകരിച്ചത്.

ഓക്‌സിജനില്‍ മൂന്ന് ശതമാനത്തിലേറെ അസറ്റ്‌ലിന്‍ കലര്‍ന്നാല്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. അസറ്റ്‌ലിന്‍ കത്തുമ്പോള്‍ വിഷവാതകവും ഉത്പാദിപ്പിക്കപ്പെടും. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് കട്ടറിന്റെ ട്യൂബില്‍ നിന്നും വാതകം ചോര്‍ന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ട്യൂബ് ഉള്‍പ്പെടെയുളള സാമഗ്രികള്‍ കരാര്‍ സ്ഥാപനത്തിന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ കരാര്‍ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തേക്കും. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ക!ഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

സാഗര്‍ ഭൂഷണ്‍ കപ്പലില്‍ അറ്റകുറ്റപ്പണിക്ക് മുന്‍പ് കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുവെന്ന കാര്യത്തില്‍ സംശയവും ബാക്കിയാണ്. പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖകളിലുണ്ടെങ്കിലും ജോലി തുടങ്ങി ഒരു മണിക്കൂറിനുളളില്‍ പൊട്ടിത്തെറിയുണ്ടായതാണ് സംശയം വര്‍ദ്ധിപ്പിക്കുന്നതും.

അതേസമയം, അപകടത്തില്‍ 45 ശതമാനം പൊളളലേറ്റ കോതമംഗലം സ്വദേശി ശ്രീരൂപിന്റെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News