കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; പ്രതിഷേധം ശക്തം

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വെഹിക്കിള്‍ അമന്‍ഡ്മെന്റ് ബില്ലിനെതിരെ തൊഴിലാളി യൂണിയനുകള്‍ മാര്‍ച്ച് 6ന് ദേശീയ പ്രതിഷേധ മാര്‍ച്ച് നടത്തും. ദില്ലിയില്‍ ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തിന്റേതാണ് തീരുമാനം.

റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖല സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും യോഗം കുറ്റപ്പെടുത്തി. എല്ലാ സംഘടനകളും പങ്കെടുത്ത യോഗത്തില്‍ ബിഎംഎസ് വിട്ടുനിന്നു

തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ റോഡ് സുരക്ഷ ബില്‍ പിന്‍വലിച്ചത്. എന്നാല്‍ അതിനുപകരം കൊണ്ട് വന്ന മോട്ടോര്‍ വെഹിക്കിള്‍ അമന്‍ഡ്മെന്റ് ബില്ലിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. ദില്ലിയില്‍ ചേര്‍ന്ന വിവിധ തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ ബില്ലിനെതിരെ മാര്‍ച്ച് 6ന് ദേശീയ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു.

വാഹനപ്പെരുപ്പം കുറക്കുകയല്ല, റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് യോഗം കുറ്റപ്പെടുത്തി. മാര്‍ച്ച് 20നകം എല്ലാ സംസ്ഥാനങ്ങളിലും വിവിധ സംഘടനകള്‍ സമ്മേളനം നടത്തും. മാര്‍ച്ച് 31ന് മുംബൈയില്‍ ചേരുന്ന കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ദേശീയപണിമുടക്ക് ഉല്‍പ്പെടെ തീരുമാനിക്കുമെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന കണ്‍വീനര്‍ കെകെ ദിവാകരന്‍ പറഞ്ഞു

എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുത്തപ്പോള്‍ സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഈ മാസം 20ന് രാജ്യവ്യാപകമായി കരിദിനമാചരിക്കാന്‍ പ്രഖ്യാപിച്ച ബിഎംഎസ് യോഗത്തില്‍ പങ്കെടുക്കാത്തതിലൂടെ അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here