തെരഞ്ഞെടുപ്പിന്റെ മറവില്‍ വമ്പന്‍ പണപ്പിരിവുമായി ബിജെപി; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്‌

ദില്ലി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം പിരിച്ചത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. 1503.21 കോടി രൂപയാണ് അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ഏഴ് ദേശീയ പാര്‍ടികളും 16 പ്രാദേശിക പാര്‍ട്ടികളും പിരിച്ചെടുത്തത്.

ഇതില്‍ ഏറ്റവും കൂടുതല്‍ തുക (1214 കോടി രൂപ) പിരിച്ചെടുത്തത് ബിജെപിയാണ്. മൊത്തം തുകയുടെ 92.4 ശതമാനം വരും ബിജെപി പിരിച്ചെടുത്ത തുക. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കായി ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ചെലവിട്ടത് 494.36 കോടി രൂപയാണ്. മൊത്തം തുകയുടെ 56 ശതമാനം മാത്രമാണീ തുക. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും ഉള്‍പ്പെടെ ചെലവിട്ട തുകയുടെ കണക്കാണിത്.

ദേശീയ പാര്‍ട്ടികളില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത്. 1314.29 കോടി രൂപയാണ് ഇരു പാര്‍ട്ടികളും ചേര്‍ന്ന് പിരിച്ചെടുത്തത്. ഇതില്‍ 328.66 കോടി രൂപ മാത്രമാണ് ചെലവിട്ടത്. അതില്‍ 189.46 കോടി രൂപ പ്രചാരണത്തിന് വേണ്ടി ചെലവാക്കിയെന്നാണ് എഡിആര്‍ കണക്കുകള്‍.

ബിജെപിക്ക് വേണ്ടി മൊത്തം തുകയുടെ 98.33 ശതമാനവും പിരിച്ചത് കേന്ദ്ര കമ്മിറ്റിയാണ്. 1194.21 കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റി ഈ ഇനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കണക്കു പരിശോധിക്കുന്ന സമയത്ത് 16.77 കോടി രൂപ പിരിച്ച് നല്‍കി ഗോവയാണ് പട്ടികയില്‍ മുമ്പില്‍. 46 ലക്ഷം രൂപയാണ് സിപിഐ എം ഈ അഞ്ച് നിയമസഭാ തെരഞ്ഞടുപ്പുകള്‍ക്കുമായി പിരിച്ചെടുത്തത്.

പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തിരിക്കുന്നത് ശിവസേനയാണ്. 115.86 കോടി രൂപയാണ് ഈ ഇനത്തില്‍ ശിവസേന പിരിച്ചത്. ആം ആദ്മിയാണ് ഈ പട്ടികയില്‍ രണ്ടാമത്. 37.35 കോടി രൂപയാണ് പിരിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here