ഗവേഷണ കാര്യത്തില്‍ കേരള വിസിക്ക് ഇരട്ട നീതി; കമ്പ്യൂട്ടര്‍ എഞ്ചീനിയര്‍ക്ക് സംഗീതത്തില്‍ ഗവേഷണം ചെയ്യാം, അലോപ്പതി ഡോക്ടര്‍ക്ക് മലയാളത്തില്‍ ഗവേഷണം ചെയ്തു കൂടെന്ന് വിചിത്രവാദം

തിരുവനന്തപുരം: ഗവേഷണ കാര്യത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് ഇരട്ട നീതി. കമ്പ്യൂട്ടര്‍ എഞ്ചീനിയര്‍ക്ക് സംഗീതത്തില്‍ ഗവേഷണം ചെയ്യാം, അലോപ്പതി ഡോക്ടര്‍ക്ക് മലയാളത്തില്‍ ഗവേഷണം ചെയ്തു കൂടെന്ന വിചിത്രകണ്ടെത്തലുമായി വൈസ് ചാന്‍സിലര്‍.

ഗവേഷണത്തിന് യോഗത്യയില്ലെന്ന് കണ്ടെത്തി സര്‍വ്വകലാശാല മടക്കിയച്ചത് കേരളാ സര്‍ക്കാര്‍ മികച്ച ശാസ്ത്ര ഗവേഷഷകനെന്ന് രണ്ട് വട്ടം തിരഞ്ഞെടുത്ത പ്രശസ്ത ക്യാന്‍സര്‍ വിദഗ്ദനെയാണ്. വൈസ് ചാന്‍സിലറിന്റെ കീഴില്‍ ഗവേഷണ രംഗം മുരടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡോ.നാരായണ ഭട്ടത്തിരിയുടെ ഈ കഥ..

ക്യാന്‍സര്‍ ചികില്‍സാ വിദഗ്ദനും, ബഹുഭാഷ പണ്ഡിതനുമായ ഡോ. നാരായണ ഭട്ടത്തിരി കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്റെ കാര്‍ക്കശ്യത്തിന്റെ ഇരയാണ്. ഗവേഷണ കാര്യത്തില്‍ വിസി പുലര്‍ത്തിയ സാങ്കേതികമായ പിടിവാശി ഒഴിവാക്കിയിരുന്നെങ്കില്‍ മലയാള ഭാഷക്കും, ഒപ്പം വൈദ്യശാസ്ത്രത്തിനും മുതല്‍കൂട്ടാകുമായിരുന്ന ഒരു ഗവേഷണ പ്രബന്ധം പിറവി എടുക്കുമായിരുന്നു.

മലയാള പദങ്ങളിലെ അര്‍ത്ഥശാസ്ത്ര വിശകലനം എന്ന വിഷയത്തില്‍ നടുവട്ടം ഗോപാലകൃഷ്ണന് കീഴില്‍ ഗവേഷണം ചെയ്യാനായിരുന്നു അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചത്. ഗവേഷണ വിഷയത്തിന്റെ സാഗത്യം പരിശോധിക്കുന്ന ഡോക്ടറല്‍ കമ്മറ്റിയും, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവും 2014ല്‍ തന്നെ നാരായണ ഭട്ടത്തിരിയുടെ ഗവേഷണ വിഷയത്തില്‍ കാമ്പുണ്ടെന്ന് കണ്ടെത്തിയതാണ്.

എന്നാല്‍ വിസി കടുംപിടുത്തം തുടര്‍ന്നതാനാല്‍ ഗവേഷണം ആരംഭിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാരായണ ഭട്ടത്തിരി പീപ്പിളിനോട് പറഞ്ഞു.

ഏത് വിഷയത്തിലാണോ ഗവേഷണം ചെയ്യുന്നത് ആ വിഷയത്തില്‍ ബിരുദവും, ബിരുദാനന്ദര ബിരുദവും വേണമെന്നതാണ് ചട്ടം. അലോപതി ഡോക്ടറായ നാരായണ ഭട്ടത്തിരിക്ക് വിനയായത്. എന്നാല്‍ തന്റെ അതേ യോഗത്യ തന്നെയാണ് സര്‍വ്വകലാശാല അധ്യാപകനായ അച്യുത് ശങ്കറിനും ഉളളതെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.

കമ്പ്യൂട്ടര്‍ എഞ്ചീനിയറായ അച്യുത് ശങ്കറിന് സംഗീതത്തില്‍ ഡോക്ടറേറ്റ് നല്‍കാമെങ്കില്‍ തനിക്ക് മലയാളത്തില്‍ ഗവേഷണം ചെയ്തു കൂടെ എന്ന് അദ്ദേഹം ചോദിക്കുന്നു. നിലവില്‍ ആലത്തൂര്‍ മണിപ്രവാളത്തിലെ വൈദ്യകവിതയെ പറ്റി സ്വന്തം നിലയില്‍ ഗവേഷണം ചെയ്യുന്ന നാരായണ ഭട്ടത്തിരി മലയാളത്തിലെ നിരവധി അനുകാലികങ്ങളിലെ ഭാഷവിദഗ്ദനായ കോളമിസ്റ്റാണ്.

സര്‍വ്വകലാശാലയുടെ തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാന്‍ കോടതി പറഞ്ഞിട്ട് പോലും വിസി അനുസരിച്ചില്ലെന്നാതാണ് സത്യം.

ഒടുവില്‍ നാരായണ ഭട്ടത്തിരിയെ പഠിപ്പിക്കാന്‍ യോഗ്യതയുളള മലയാളം അധ്യാപകന്‍ സര്‍വ്വകലാശാലയില്ലെന്ന വിചിത്രമായ മറുപടി നല്‍കിയാണ് ഫയല്‍ എന്നന്നേക്കുമായി അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News