രജനീകാന്തിന്റെ പാട്ട് പാടി ഹൈക്കോടതി; ഒടുവില്‍ മകള്‍ അമ്മക്ക് സ്വന്തം

കൊച്ചി: മാതൃത്വത്തിന്റെ മഹത്വം വിശദീകരിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാട്ട് പാടി കേരള ഹൈക്കോടതി. അമ്മയോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന മന്നന്‍ എന്ന സിനിമയിലെ ഇന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം ഏറ്റെടുത്ത അമ്മാ എന്റഴയ്ക്കാത ഉയിരില്ലയേ, അമ്മാവേ വണങ്കാതെ ഉയര്‍വില്ലയേ’ എന്ന വരികള്‍ കടമെടുത്താണു കോടതി അഞ്ചര വയസ്സുകാരന്റെ കസ്റ്റഡി മാതാവിന് പുനസ്ഥാപിച്ച് നല്‍കിയത്.

വിവാഹമോചനത്തെത്തുടര്‍ന്ന് മാതാവിനൊപ്പം കഴിഞ്ഞുവന്ന കുട്ടിയുടെ സംരക്ഷണതര്‍ക്കത്തില്‍ ‘മറ്റാര്‍ക്കും പകരമാകാന്‍ ആര്‍ക്കും കഴിയില്ല’ എന്നു കര്‍ദിനാള്‍ ഗാസ്പര്‍ മെര്‍മിലോഡ് പറഞ്ഞതു കൂടി എഴുതിച്ചേര്‍ത്തു കോടതി വിധിക്ക് കാവ്യസുന്ദരമായ വ്യക്തത വരുത്തി.കുട്ടിയുടെ കസ്റ്റഡി മാതാവിനു തിരിച്ചു നല്‍കിയതു കുടുംബക്കോടതിയുടെ ഉത്തരവിനു വിധേയമായിരിക്കുമെന്നു ഡിവിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തര്‍ക്കമുള്ള കക്ഷികള്‍ക്കു കുടുംബക്കോടതിയെ സമീപിക്കാന്‍ തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞശേഷം ധാരണപ്രകാരം നാലു മാസത്തില്‍ അഞ്ചുദിവസം കുട്ടി പിതാവിനൊപ്പമാണു കഴിയേണ്ടത്. വിദേശത്തുള്ള പിതാവിന്റെ മാതാപിതാക്കള്‍ 2018 ജനുവരി 27ന് കുട്ടിയെ കൊണ്ടുപോയശേഷം തിരികെ ഏല്‍പിച്ചില്ലെന്നാരോപിച്ചു മാതാവ് കൊല്ലം കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. ഫലമില്ലാതായപ്പോള്‍ കോടതിയില്‍ ഹേബിയസ് ഹര്‍ജി നല്‍കി.

ഇതിനിടെ, കേസന്വേഷണത്തിന്റെ പേരില്‍ പൊലീസ് ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് കുട്ടിയുടെ പിതൃവീട്ടുകാരും ഹര്‍ജി നല്‍കി. രണ്ടു ഹര്‍ജികളും ഒന്നിച്ചു പരിഗണിച്ചാണു കോടതി നടപടി. വിവാഹമോചിതയായ മാതാവിനൊപ്പം ഏഴു വയസ്സു വരെ കുട്ടിയെ വിടാന്‍ മുസ്‌ലിം വ്യക്തിനിയമത്തിലും അനുവദിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ ക്ഷേമം സംബന്ധിച്ചു തെളിവു വിലയിരുത്തി തീരുമാനമെടുക്കേണ്ടതു കുടുംബക്കോടതിയാണെന്നും റിട്ടധികാരം വിനിയോഗിക്കുന്ന കോടതിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

അമ്മയുടെ പരാതിയില്‍ പൊലീസ് നടത്തുന്ന അന്വേഷണം പൊലീസ് പീഡനമായി ആരോപിക്കുന്നതു ശരിയല്ലെന്നും അത്തരം ആരോപപണമുള്‍പ്പെട്ട ഹര്‍ജി കോടതി നടപടികളുടെ ദുരുപയോഗമാകുമെന്നും കോടതി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here