ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പടയോട്ടം തുടരാന്‍ കൊഹ്ലിപ്പട ആറാം അങ്കത്തിനിറങ്ങുന്നു; പുത്തന്‍ പരീക്ഷണങ്ങളുമായി ടീം ഇന്ത്യ

ചരിത്രംകുറിച്ച് ഇന്ത്യ സ്വന്തമാക്കിയ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന്. രണ്ടാം ഏകദിനത്തിന് വേദിയായ സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിലാണ് ആറാം ഏകദിനവും. ഒമ്പതുവിക്കറ്റിനാണ് ഇന്ത്യ ആദ്യവരവിൽ ജയംകുറിച്ചത്.

രണ്ടാംവരവിലും ആധികാരിക ജയം സ്വന്തമാക്കി പരമ്പരയ്ക്ക് അടിവരയിടാനാകും വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ടെസ്റ്റ് പരമ്പരയിലെ തീർത്തും മോശം കളിക്ക് ബദലായി ഇന്ത്യക്ക് അങ്ങിനെയൊരു ഫലം അനിവാര്യമാണ്.

ട്വന്റി‐20 പരമ്പരയിൽ മികച്ച തുടക്കം കുറിക്കാനും ഇന്ത്യക്ക് ഏകദിന പരമ്പര ഗംഭീരമായി അവസാനിപ്പിച്ചേ മതിയാകൂ. 18നാണ് മൂന്ന് കളിയുടെ ട്വന്റി‐20 പരമ്പര തുടങ്ങുന്നത്.

പോർട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് 73 റണ്ണിന്റെ ജയം പിടിച്ചെടുത്താണ് ഇന്ത്യ വിദേശമണ്ണിലെ വീരചരിത്രം കുറിച്ചത്. ആദ്യ അഞ്ചുകളിയിൽ തോറ്റത് മഴനിയമം കുഴക്കിയ നാലാം ഏകദിനത്തിൽ മാത്രം.

അഞ്ചുകളിയിലും കളിച്ച മുതിർന്ന കളിക്കാർക്ക് വിശ്രമിക്കാനുള്ള അവസരംകൂടിയാണ് ഇന്നത്തെ മത്സരം. ടീമിലെ മറ്റുകളിക്കാർക്ക് കഴിവ് തെളിയിക്കാനും.

ബൗളർമാരിൽ ശാർദുൽ താക്കൂറും മുഹമ്മദ് ഷമിയും ഇന്ന് ടീമിൽ ഇടംപിടിച്ചേക്കും. പകരം ഭുവനേശ്വർ കുമാറും ജസ്പ്രിത് ബുമ്രയും വിശ്രമിക്കും. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുശേഷം തുടർച്ചയായി 20 ഏകദിനവും എട്ട് ട്വന്റി‐20യും കളിച്ചു ബുമ്ര.

ഭുവനേശ്വർ 19 ഏകദിനവും ആറ് ട്വന്റി‐20യും. 2015 ലോകകപ്പിനുശേഷം മൂന്ന് ഏകദിനത്തിൽ മാത്രമാണ് ഷമി പന്തെറിഞ്ഞത്. ശാർദുൽ ആകെ കളിച്ചത് രണ്ട് ഏകദിനത്തിൽ. 2019 ലോകകപ്പിന് മുമ്പ് പകരക്കാരുടെ ശക്തമായ നിരയുണ്ടാക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

ബാറ്റിങ്ങിൽ ശിഖർ ധവാനും രോഹിത് ശർമയും വിരാട് കോഹ്ലിയും മുൻനിരയിൽ തിളങ്ങുമ്പോൾ അജിൻക്യരഹാനെ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, മഹേന്ദ്രസിങ് ധോണി എന്നിവർ തീർത്തും മങ്ങി.

മധ്യനിരക്കാരെക്കാൾ ഭുവനേശ്വറാണ് മികവ് കാട്ടിയത്. ഇന്ത്യയുടെ കഴിഞ്ഞ അഞ്ചുകളിയിൽ മധ്യനിരക്കാരുടെ സംഭാവന രഹാനെയുടെ ഒരേയൊരു അരസെഞ്ചുറി മാത്രം. അവിടെ പരീക്ഷിക്കാൻ ദിനേഷ് കാർത്തിക്കും മനീഷ് പാണ്ഡെയുമാണ് പകരക്കാരുടെ ബെഞ്ചിലുള്ളത്.

മറുവശത്ത് ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയ്ക്കും പരീക്ഷണമാണ്. ഇന്ത്യയ്ക്കുശേഷം ഓസ്ട്രേലിയയാണ് ആഫ്രിക്കക്കാരുടെ വിരുന്നുകാർ. അവരുമായി നേർക്കുനേർ വരുംമുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാൻ എയ്ഡൻ മാർക്രത്തിന്റെ സംഘത്തിന് ഇന്ന് ജയിച്ചേ മതിയാകൂ. ആത്മവിശ്വാസത്തോടെ ട്വന്റി‐20 പരമ്പരയ്ക്ക് ഇറങ്ങാനും സെഞ്ചൂറിയനിൽ ജയിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News