ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

‘പൊന്നു സാറെ, ഓള് തട്ടമിട്ടുകഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല’ തട്ടത്തിന്‍ മറയത്തിലെ ഈ ഡയലോഗ് ഇന്ന്, പ്രിയ ചിരിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് മാറ്റിയെഴുതുകയാണ് കട്ട ഫാന്‍സ്.

പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിയ പ്രിയയും വീഴ്ത്താന്‍ നോക്കിയ ചെക്കന്‍ റോഷനും മലയാള സിനിമയില്‍ പുതിയ ചരിത്രം തീര്‍ക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

ഇരുവരും നേടിയ സ്വീകാര്യതയ്ക്ക് പിന്നില്‍, ആരാധകലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ ആ കണ്ണിറുക്കലിനെ കണ്ടെത്തിയ ക്യാമറക്കണ്ണുകള്‍ക്കും ചിലത് പറയാനുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ മുതല്‍ സല്‍മാന്‍ ഖാനെ വരെ വീഴ്ത്തിയ ആ കണ്ണിറുക്കലിനെ കണ്ടെത്തിയത് പ്രമുഖ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥാണ്.

‘മാണിക്യമലരായ പൂവി’ ഗാനത്തിന്റെ ചിത്രീകരണ അനുഭവങ്ങള്‍ സിനു കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു:

അഡാര്‍ ലൗവിന്റെ ആദ്യ ഷൂട്ടിംഗ് ദിനത്തിലാണ് ‘മാണിക്യമലരായ പൂവി’ ഗാനത്തിന്റെ ചിത്രീകരണം. പ്ലസ്‌വണ്‍ ക്ലാസിന്റെ ആദ്യദിനത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഫ്രെഷേഴ്‌സ് ഡേയാണ് സന്ദര്‍ഭം.

ജൂനിയേഴ്‌സിന് സ്വാഗതമേകി സീനിയര്‍ വിദ്യാര്‍ഥികളുടെ ചുമടുതാങ്ങി ബാന്‍ഡ് ആലപിക്കുന്നതാണ് ‘മാണിക്യമലരായ പൂവി’ ഗാനം.

ഇതിനായി ഒരുക്കിയ ജൂനിയര്‍ വിദ്യാര്‍ഥിനികളുടെ ഏറ്റവും പിന്നിലായ നിന്ന ആര്‍ടിസ്റ്റായിരുന്നു പ്രിയ വാര്യര്‍. ചിത്രീകരണത്തിന്റെ റിഹേഴ്‌സല്‍ നോക്കുന്നതിനിടെ, സംവിധായകന്‍ ഒമര്‍ ലുലു പ്രിയയോട് അല്‍പം മുന്നിലേക്ക് നീങ്ങി നിന്ന് കണ്ണിറുക്കി കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് സിനുവിന്റെ ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.

പിന്നീട് ഈ ദൃശ്യങ്ങള്‍ എഡിറ്റിംഗ് ടേബിളില്‍ എത്തിയതോടെയാണ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഒതുങ്ങി നില്‍ക്കേണ്ടതല്ല പ്രിയ എന്ന് ഒമര്‍ ലുലു മനസിലാക്കിയത്. പ്രിയയുടെ ആ കിടിലന്‍ എക്‌സ്പ്രഷനും നോട്ടവും യുവാക്കളുടെ ഹൃദയത്തെ കീഴടക്കാന്‍ കഴിയുന്നതാണെന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു.

പിന്നീട് എല്ലാം പെട്ടന്നാണ് സംഭവിച്ചത്. പ്രിയയെ പ്രധാനകഥാപാത്രമാക്കി ചിത്രീകരണം മുന്നോട്ടു കൊണ്ടുപോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഒമറിന് തെറ്റിയില്ല. ‘മാണിക്യമലരായ പൂവി’ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തതോടെ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് കണ്ണിറുക്കിയൊരു പുഞ്ചിരിയുമായി പ്രിയ നടന്നുകയറുകയായിരുന്നു.

പ്രിയ കണ്ണിറുക്കി കാണിക്കുന്ന റോഷന്റെ കഥാപാത്രവും പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇരുവരും ആദ്യമായി കാണുന്നതും ആ ഗാനസന്ദര്‍ഭത്തിലാണ്. ആദ്യമായി കാണുന്ന രണ്ടു പേര്‍ കാണിക്കുന്ന ഒരു ക്യാമ്പസ് താമശ മാത്രമാണ് ആ പുരികക്കൊടി ഉയര്‍ത്തലും കണ്ണിറുക്കി കാണിക്കലും. -സിനു പറയുന്നു.

ഗാനം വൈറലായതോടെ, പ്രിയയ്ക്കും ഒമറിനും തനിക്കും ഫോണ്‍വിളികളുടെ ബഹളമാണെന്നും സിനു പറയുന്നു. സല്‍മാന്‍ ഖാന്‍ കഴിഞ്ഞദിവസം ഒമറിനെ വിളിച്ച് തങ്ങളുടെ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചെന്നും സിനു പറഞ്ഞു.

പ്രിയയെ നായികയാക്കി, ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തമിഴ്താരം ധനൂഷും അറിയിച്ചെന്ന് സിനു കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ടിവിയിലെ ക്യാമറാമാനായിരുന്ന സിനു സിദ്ധാര്‍ത്ഥ്, ഇതുവരെ 21 സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. ഒമര്‍ ലുലുവിന്റെ ആദ്യ രണ്ടു സിനിമകള്‍ക്കും ക്യാമറ നിര്‍വഹിച്ചത് സിനുവായിരുന്നു.