‘സത്യേട്ടാ, നിങ്ങള്‍ ഹൃദയത്തിലേക്കാണ് ഗോളടിച്ചത്’; ക്യാപ്റ്റന്‍: കൂട്ടിച്ചേര്‍ക്കലുകളോ കുത്തിനിറയ്ക്കലുകളോ ഇല്ലാതെ പറഞ്ഞു തീര്‍ത്തൊരു ജീവിതം

വിപി സത്യനെന്ന ഇന്ത്യന്‍ ക്യാപ്റ്റനെ കണ്ടു. കാല്‍പന്തുകളിയോളം ആവേശവും ഉദ്യേഗവും നെഞ്ചിടിപ്പുമുണ്ട് സിനിമയ്ക്ക്. 90 മിനിട്ടറിയാതെ മൈതാനത്ത് പന്തുരുളുന്നത് പോലെ അറിയാതെ സിനിമ നെഞ്ചിലേക്ക് ഗോളടിച്ച് കയറുന്നു. മലയാളിക്ക് ശീലമില്ലാത്ത സ്‌പോര്‍ട്‌സ് ബയോപിക് ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കാന്‍ പ്രജേഷ് സെന്‍ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

വിജയവും പരാജയവും ആശങ്കയും വിഷാദവും ആവേശവും ഒരേ അനുപാതത്തില്‍ സിനിമയില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. കടന്ന് പോയ രണ്ടര മണിക്കൂറില്‍ എപ്പോളൊക്കെയോ കണ്ണടയ്ക്കുള്ളിലൂടെ വന്ന വെള്ളം തുടച്ച് കളഞ്ഞിട്ടുണ്ട്. എത്ര തീവ്രമായാണ് വികാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മൈതാനത്ത് സത്യന്റെ കാലുകള്‍ വേദന സഹിക്കുമ്പോള്‍ അതിന്റെ നീറ്റല്‍ പ്രേക്ഷകരും അറിയുന്നുണ്ടായിരുന്നു. സന്തോഷ് ട്രോഫിയാണ് നടക്കുന്നത്. 19 വര്‍ഷം കേരളം വഴി വരാത്ത കപ്പിനെ പിടിച്ച് വാങ്ങുകയെന്ന ഭാരിച്ച ഉത്തരവാദിത്തം സത്യനുണ്ട്.

ബംഗാളിനെതിരായ സെമി കഴിഞ്ഞു, ഫൈനലില്‍ ഗോവയാണ് എതിരാളികള്‍. ജയിക്കുകയെന്ന വലിയ സമ്മര്‍ദ്ദമുണ്ട് ക്യാപ്റ്റന്. കേരളം ആ വിജയം കാത്തിരിക്കുന്നുണ്ട്. ആവേശത്തിനിടയിലേക്ക് ഷിന്‍ഗാഡിനുള്ളില്‍ ഐസ് കുത്തിനിറച്ച് സത്യന്‍ മൈതാനത്തേക്കിറങ്ങുന്നൊരു രംഗമുണ്ട്. സത്യന്റെ കാലിലൂടെ വേദന വെള്ളമായി ഒഴുകുന്നുണ്ട്. കരഞ്ഞു പോയിട്ടുണ്ട് ആ നിമിഷത്തില്‍.

സന്തോഷത്തിന്റെയും ആവേശത്തിന്റെയും കപ്പുയര്‍ത്തി കേരളമെത്തുമ്പോള്‍ ടീമിനെ സ്വീകരിക്കുന്നവരുടെ കൂടെ ഒരറ്റത്ത് ഓരോ പ്രേക്ഷകനുമുണ്ടായിരുന്നു.

സിദ്ധിക്കിന്റെ കഥാപാത്രം ശരിക്ക് ഒരു വ്യക്തിയായിരുന്നില്ല, അതിലുപരി മൈതാനങ്ങളില്‍ നിന്ന് മൈതാനങ്ങളിലേക്ക് കാല്‍പ്പന്തിനു പുറകെ നിരന്തരം അലഞ്ഞ് കൊണ്ടിരുന്ന ഒട്ടനേകം വ്യക്തികളാണ്. സിനിമയില്‍ അയാള്‍ നിറയ്ക്കുന്ന ആവേശം ചെറുതല്ല.

ഒരു ഫുട്‌ബോള്‍ കാലഘട്ടത്തിലുള്ളവര്‍ നിറയുമ്പോള്‍ ഷറഫലിയും പാപ്പച്ചനും കുരികേശും ഉള്ളിടത്ത് ഐ.എം വിജയന്‍ ഇല്ലാതെ പോയതെന്താണെന്ന് ഇടയ്ക്ക് ആലോചിക്കേണ്ടിവന്നിട്ടുണ്ട്.

തിരസ്‌കാരവും അവഗണനയും വിഷാദവും ഒടുക്കം വേദനയും ഡിഫെന്റ് ചെയ്യാനാവാതെ സത്യന്‍ ജീവിതത്തിലേക്ക് നീട്ടിയൊരു സെല്‍ഫ് ഗോള്‍ പായിക്കുമ്പോള്‍ തീവണ്ടി ഒച്ചപോലും സത്യനറിഞ്ഞിട്ടില്ല. അയാളുടെ കണ്ണിലും കാതിലും കരളിലും ഫുട്‌ബോള്‍ മൈതാനവും കമന്ററിയും മാത്രമേയുള്ളൂ.

അതുകൊണ്ട് തന്നെയാണ് കാല്‍പന്തുകളിക്കാരന് വിലപ്പെട്ടതെന്താണോ അത് നഷ്ടമായാല്‍ അവനില്ലെന്ന തീരുമാനം ആ ക്യാപ്റ്റനെടുത്തത്. ജയസൂര്യയെ സിനിമയിലെവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല. സിനിമയിലെ മൈതാനത്തും പുറത്തും സത്യന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സത്യനെ മാത്രമേ കണ്ടുള്ളു.

ഒരു കാലഘട്ടത്തിന്റെ നെഞ്ചിലെ ഫുട്‌ബോളിന്റെ ശ്വാസത്തെ മനോഹരമായി സിനിമ ഉള്‍കൊണ്ടിട്ടുണ്ട്. സെവന്‍സെന്നോ സന്തോഷ് ട്രോഫിയെന്നോ ലോകകപ്പ് യോഗ്യത മത്സരമെന്നോ സത്യനില്ല, സത്യന് ഫുട്‌ബോള്‍ മാത്രമേയുള്ളു ഉള്ളിലേക്കെടുക്കുന്നത് ഫുട്‌ബോളെന്ന ശ്വാസമാണ്.

അവര്‍ ജീവിക്കുന്നതും ആ ശ്വാസത്തിലാണ്. ഇടയ്ക്ക് ഹൃദയവും അവരുടേതിന് സമാനമായ താളത്തില്‍ മിടിച്ചു. അത് കൊണ്ടാവണം മൈതാനത്ത് സത്യന്‍. കളിക്കാനിറങ്ങുമ്പോള്‍, സാഫ് കപ്പ് പെനാലിറ്റിയിലേക്ക് നീങ്ങുമ്പോളൊക്കെ ഗോളടിക്ക് സത്യായെന്ന് പറഞ്ഞ് പോയി.

പല ടൈംലൈനിലൂടെയും സിനിമ മുന്നേറുമ്പോള്‍ പ്രേക്ഷകനെയും ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോവുന്നുണ്ട്. ഇതിന് റോബി വര്‍ഗീസിന്റെ ക്യാമറ കണ്ണുകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുമുണ്ട്.

ചായക്കടയിലും പൊലീസ് സ്റ്റേഷനിലും റേഡിയോയില്‍ ഫുട്‌ബോള്‍ കമന്ററി കേട്ടതിന്റെയും ആന്റിനയോട് മല്ലിട്ട് ദൂരദര്‍ശനെ വരുതിയിലാക്കി കളി കണ്ടതിന്റെ കഥയും കേട്ട് മാത്രം ശീലിച്ച പ്രേക്ഷകര്‍ക്ക് പോലും കളിക്കിടയില്‍ കറണ്ട് പോയപ്പോള്‍ ദേഷ്യം വന്നു. അതായത് അവരും 1992 ലേക്ക് ഇറങ്ങിപ്പോയി എന്നര്‍ത്ഥം.

കളിക്കളത്തിന് പുറത്ത് പോലീസ് മേലുദ്യോഗസ്ഥന്റെ ഈഗോയ്ക്കടിയില്‍ മുങ്ങിപ്പോയ സത്യനെപ്പോലുള്ള താരങ്ങളുടെ കണ്ണീരിന്റെ കഥയും സിനിമയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഐപിഎസിന്റെ ജാഡയും ക്രൂരമായൊരു പ്രതീതിയും ഉണ്ടാക്കി സൈജു കുറുപ്പിന്റെ പോലീസ് വേഷവും ശ്രദ്ധേയമാവുന്നുണ്ട്.

ക്രിക്കറ്റിനെ നെഞ്ചേറ്റിയവര്‍ക്കിടയിലേക്ക് ഫുട്‌ബോള്‍ തട്ടിയെത്തുമ്പോള്‍ ഉണ്ടായ അവഗണന സിനിമയില്‍ അവിടവിടെ തെളിഞ്ഞ് കാണുന്നുണ്ട്. കണ്ണില്‍ മൈതാനവും ജീവിതവും നിറയുമ്പോള്‍ കാതില്‍ നിറയുന്ന പശ്ചാത്തല സംഗീതം സിനിമയുടെ വീര്യം ചോര്‍ന്ന് പോവാതെ കൂട്ടിചേര്‍ത്ത് വച്ചിട്ടുണ്ട്.

കളിക്കളത്തിന് പുറത്ത് സത്യനെന്ന ഭര്‍ത്താവുണ്ട്, അച്ഛനുണ്ട്, സുഹൃത്തുണ്ട്. സത്യന്റെ ജീവിതത്തോട് ചേര്‍ന്ന് അനിതയുണ്ട്. ഇത്രത്തോളം മികച്ചൊരു ക്യാപ്റ്റനെ തന്നതില്‍ അനിതയ്ക്ക് വലിയ പങ്കുണ്ട്. സത്യന്‍ തളര്‍ന്ന് പോകുന്നിടത്ത് സത്യനെ തോളിലേറ്റി നടത്താന്‍ അനിതയുണ്ട്.

അയാളിലെ വിഷമവും വിഷാദവും ഇറക്കി വെയ്ക്കാനുള്ള ഒരിടമാവുന്നുണ്ടവള്‍. ഫ്രാന്‍സിന്റെ കളി കാണാന്‍ വിളിക്കണമെന്ന് പറഞ്ഞ് ഉറങ്ങിയ സത്യനെ അനിത ഉണര്‍ത്താതിരിക്കുമ്പോള്‍ സത്യനിലുണ്ടാവുന്ന ഒരു ഭാവമാറ്റമുണ്ട്.

നിരന്തരമായ നിരാശയില്‍ നിന്ന് ഉടലെടുത്ത ഒരുതരം ക്രൂരമായ ദേഷ്യം. അവിടെ സത്യനെന്ന ജയസൂര്യയും അനിതയെന്ന അനുവും ഞെട്ടിച്ച് കളഞ്ഞു. ഷറഫലിയെന്ന ആത്മാര്‍ത്ഥ സുഹൃത്തിനെ സിനിമയിലുടനീളം കാണാം. ഷറഫലി നിരന്തരം സത്യനിലേക്കെത്താന്‍ ശ്രമിക്കുന്നുണ്ട്.

അവസാനം ഷറഫലി കൊണ്ടുവന്ന പ്രിയപ്പെട്ട ജിലേബി തിരിച്ചയക്കുമ്പോഴേക്കും സത്യന് ഇഷ്ടപ്പെട്ടതൊക്കെ നഷ്ടപ്പെട്ട കാലമായിരുന്നു. അവസാനം ബാക്കി വെച്ചുപോയ ശ്വാസവും സത്യന്‍ ഫുട്‌ബോളിലേക്ക് ഊറ്റി നല്‍കുമ്പോള്‍ ഒരു ജീവിയുസിന്റെ മുഴുവന്‍ നഷ്ടബോധമുണ്ടായിരുന്നു ആ കണ്ണുകളില്‍.

ജീവിതത്തിന്റെ ഹാഫ് വിസില്‍ മുഴങ്ങിയപ്പോള്‍ ജേഴ്‌സി അഴിച്ച് വെച്ച് സത്യന്‍ മൈതാനം വിട്ട് പോയി. എങ്കിലും സത്യനെന്ന ഊര്‍ജവും ആവേശവും ഇവിടെയൊക്കെ ഏതൊക്കെയോ മൈതാനങ്ങളിലുണ്ട്.

36 വാര അകലെ നിന്ന് സൗത്ത് കൊറിയന്‍ വലയിലേക്ക് സത്യന്‍ തൊടുത്തുവിട്ടൊരു പന്തുണ്ട്, സിനിമയിലെ ഗ്രാഫിക്‌സിന് എത്തിപ്പിടിക്കാന്‍ പറ്റാത്തത് കൊണ്ടാവാം ആ രംഗം ഒഴിവാക്കിയത്. അത്രത്തോളം ഉജ്വലമായൊരു ഗോള്‍. സത്യനോളം അനശ്വരമായിട്ടുണ്ട് സിനിമയും.

കൂട്ടിച്ചേര്‍ക്കലുകളോ അനാവശ്യ കുത്തിനിറയ്ക്കലുകളോ ഇല്ലാതെ ജീവിച്ചു തീര്‍ത്തൊരു ജീവിതം സിനിമ പകര്‍ത്തുന്നുണ്ട്. സത്യനെന്ന ക്യാപ്റ്റന്റെ കളിയും ജീവിതവും സിനിമയിലേക്ക് എത്തിച്ചതിന് അണിയറയിലെ ഓരോരുത്തരം അഭിനന്ദനത്തിന് അര്‍ഹരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here