സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; സെമിനാറുകള്‍ക്ക് ഇന്ന് തുടക്കം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് ഇന്ന് തുടക്കമാകും. വിവിധ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആറ് സെമിനാറുകളാണ് നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംഗമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഫെബ്രുവരി ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് സംസ്ഥാന സമ്മേളനം

രാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറം മാധ്യമ നിരൂപണവും, സാമൂഹിക സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമിട്ടുള്ള സെമിനാറുകളാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനത്തില്‍ ജാതിവ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും എന്ന വിഷയത്തിലാണ് സെമിനാര്‍. സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സെമിനാറിന് ഫ്രൊഫസര്‍ കാഞ്ചഏലയ്യ നേതൃത്വം നല്‍കും. ഡോ മീര വേലായുധന്‍, കെ. സോമപ്രസാദ്, ഡോ കെ.എന്‍ ഗണേശന്‍ എന്നിവര്‍ പങ്കെടുക്കും.

തിങ്കളാഴ്ച്ച നടക്കുന്ന സെമിനാറില്‍ മാധ്യമങ്ങളും കോര്‍പ്പറേറ്റ് ചങ്ങാത്ത മുതലാളിത്തവും എന്ന വിഷയമാണ് ചര്‍ച്ചയാകുന്നത്. എ വിജയരാഘവന്‍, തോമസ് ജേക്കബ്, വെങ്കടേഷ് രാമകൃഷ്ണന്‍, വീണജോര്‍ജ്, പി.എം മനോജ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും.

ഭാരതീയ ചിന്തയുടെ ബഹുസ്വരത, സംസ്‌കാരവും പ്രത്യയശാസ്ത്രവും, കേരളം ഇന്നലെ, ഇന്ന്, നാളെ തുടങ്ങിയ വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ സെമിനാറുകളുണ്ടാലവും. ഇരുപത്തിനാലിന് വൈകിട്ട് നടക്കുന്ന നവലിബറല്‍ നയങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാര്‍ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുക.

കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവന്ന പോഷക സംഘടനാ സംഗമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. പ്രവാസികള്‍, മത്സ്യ തൊഴിലാളികള്‍, വയോജനങ്ങള്‍, രക്തസാക്ഷി കുടുംബാംഗങ്ങള്‍ എന്നിവരുടെ സംഗമങ്ങളാണ് ഇന്ന് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here