പിഎന്‍ബി തട്ടിപ്പ് ബിജെപി നേതാക്കളുടെ ഒത്താശയോടെ നടന്ന കൊള്ള; കോടികളുമായി മുങ്ങിയ നീരവ് മോദി ബിസിനസ് ശൃംഖല വളര്‍ത്തുന്ന തിരക്കില്‍; നീരവ് എവിടെയാണെന്ന് അറിയില്ലെന്ന വാദവുമായി മോദിസര്‍ക്കാര്‍

ദില്ലി: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ലോകമെങ്ങും തിരയുന്നതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെ നീരവ് മോദി ക്വാലലംപൂരിലും മക്കാവു ദീപിലും പുതിയ ജ്വല്ലറി ഷോറൂമുകള്‍ തുറന്നു. സിബിഐയും ആദായ നികുതി വകുപ്പും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് നീരവ് ഷോറുമുകള്‍ തുറന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,400 കോടി തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി വിദേശത്ത് ബിസിനസ് ശൃംഖല വളര്‍ത്തുന്ന തിരക്കിലാണ്. രാജ്യത്തെ ആശങ്കയിലാക്കിയ വന്‍ തട്ടിപ്പിന് ശേഷം ഇന്ത്യ വിട്ട നീരവ് മോദി ഇക്കഴിഞ്ഞയാഴ്ച്ച സിംഗപ്പൂറിലെ ക്വാലാലംപൂരില്‍ തന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്തു.

നാലു ദിവസത്തിന് ശേഷം ചൈനയിലെ പ്രസിദ്ധമായ ടൂറിസം ദ്വീപായ മക്കാവില്‍ വീണ്ടും ജ്വല്ലറി തുറന്നു. സിബിഐ, ആദായ നികുതി വകുപ്പ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, കോര്‍പറേറ്റ് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങി ആറ് വകുപ്പുകള്‍ ജനുവരി 31ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ വജ്രവ്യാപാരി വ്യവസായ ശൃഖല വികസിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം.

അതേസമയം, നീരവ് മോദി ഇപ്പോള്‍ എവിടെയാണന്ന് അറിയില്ലെന്ന പതിവ് മറുപടിയില്‍ തന്നെയാണ് അന്വേഷണസംഘങ്ങള്‍. പഞ്ചാബ് നാഷണന്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

നീരവ് മോദിയുടെ ഉദ്യോഗസ്ഥര്‍ക്ക് പിഎന്‍ ബാങ്കിന്റെ പണമിടപാട് കൈകാര്യം ചെയ്യുന്ന കപ്യൂട്ടര്‍ നെറ്റവര്‍ക്ക് ഉപയോഗിക്കാനുള്ള പാസവേര്‍ഡ് അറിയാമായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

ഇതിനിടെ തട്ടിപ്പില്‍ കടുത്ത വിമര്‍ശനവും വെളിപ്പെടുത്തലുമായി ശിവസേന രംഗത്ത് എത്തി. നീരവ് മോദി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണന്ന് എന്‍ഡിഎ ഘടകക്ഷിയായ ശിവസേന ചൂണ്ടികാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി ഫണ്ട് പിരിക്കാന്‍ നീരവ് മോദി മുന്നിട്ടിറങ്ങി. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് കൊള്ള നടന്നതെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ സേന വിമര്‍ശിക്കുന്നു.

എല്ലാ വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് പറയുന്ന ബിജെപി, നീരവിന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. രാജ്യത്തെ പെട്ടന്ന് നശിപ്പിക്കാന്‍ നീരവിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് പരിഹസിച്ചാണ് സാമ്‌നയിലെ മുഖപ്രസംഗം അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News