ത്രിപുര വോട്ടിങ്ങ് പൂര്‍ത്തിയായി; 90 ശതമാനത്തിനടുത്ത് പോളിങ്ങ്

ദില്ലി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടിങ്ങ് പൂര്‍ത്തിയായി. 90 ശതമാനത്തിനടുത്ത് പോളിങ്ങ് രേഖപ്പെടുത്തി. പതിനഞ്ചോളം ബൂത്തുകളില്‍ വോട്ടിങ്ങ് മെഷീന്‍ തകരാറിലായത് വോട്ടിങ്ങ് വൈകി.

രാവിലെ 7 മണിയ്ക്ക് ആരംഭിച്ച ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വൈകുന്നേരം നാല് മാണിയ്ക്ക് പൂര്‍ത്തിയായി. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലെ പോളിങ്ങ് സ്റ്റേഷനുകളില്‍ പുലര്‍ച്ചെ വോട്ടര്‍മാരുടെ നീണ്ട നിര കാണപ്പെട്ടു. പതിനൊന്ന് മണിയ്ക്ക് ശേഷം ഗ്രാമീണ മേഖലകളില്‍ ബൂത്തുകളിലെ കനത്ത പോളിങ്ങ് രേഖപ്പെടുത്തി.

സിപിഐഎംയും ബിജെപിയും നേര്‍നേര്‍ പോരാട്ടം നടത്തിയ ത്രിപുര നിയമസഭാ പ്രചാരണ ചൂട് പോളിങ്ങ് വര്‍ദ്ധിക്കാന്‍ ഇടയാക്കി. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് വോട്ടിങ്ങ് മാറ്റി വച്ച ചാരിലാം മണ്ഡലമൊഴികെ 59 മണ്ഡലങ്ങളിലെ 3114 പോളിങ്ങ് സ്റ്റേഷനുകളിലും കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

അതേസമയം, പതിനഞ്ചോളം വോട്ടിങ്ങ് മെഷീനുകള്‍ തകരാറിലായതിനാല്‍, ആ ബുത്തുകളില്‍ വോട്ടിങ്ങ് ആരംഭിക്കാന്‍ ഒരു മണിക്കൂറോളം വൈകിയത് വോട്ടര്‍മാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അഗര്‍ത്തലയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മണിക് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിശ്ചായയിലൂന്നിയായിരുന്നു ഇടത് പക്ഷത്തിന്റെ പ്രചാരണം. 59 സീറ്റിലും ലെഫ്റ്റ് ഫ്രണ്ട് മത്സരിക്കുന്നു. വിഘടനവാദികളായ അതി തീവ്രവാദ ഗോത്രവിഭാഗ പാര്‍ടിയായ ഐപിഎഫ്ടിയെ ഘടകകക്ഷിയാക്കിയാണ് ബിജെപി മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരെയും ബിജെപി പാളയിലെത്തിച്ചിരുന്നു. കോണ്‍ഗ്രസിന്റെ 30 ശതമാനത്തിനടുത്ത് വരുന്ന വോട്ടിങ്ങ് ശതമാനത്തിലാണ് ബിജെപി പ്രതീക്ഷ.

കഴിഞ്ഞ തവണ ലഭിച്ച 49 സീറ്റും ഇത്തവണ നിലനിറുത്തുമെന്ന് സിപിഐഎം വ്യക്തമാക്കി. 25 വര്‍ഷമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം ഭരിക്കുന്ന ത്രിപുരയില്‍ ഇത്തവണയും വിജയിച്ചാല്‍ മണിക്ക് സര്‍ക്കാര്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും. മാര്‍ച്ച് മൂന്നിന് ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News