കൊച്ചി മയക്കുമരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി; അന്വേഷണം കുവൈറ്റ് മലയാളിയിലേക്ക്

കൊച്ചി: കൊച്ചി മയക്കുമരുന്നു കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി. 30 കോടിയുടെ എംഡിഎംഎ പിടികൂടിയ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കാണ് വധഭീഷണി. കേസിലെ തീവ്രവാദ ബന്ധം കൂടി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.

എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണനും സംഘത്തിനുമാണ് വധഭീഷണിയുണ്ടായിരിക്കുന്നത്. നെറ്റ് കോളിംഗ് വഴി വന്ന ഭീഷണി സന്ദേശം ഹിന്ദിയിലായിരുന്നുവെന്നും മുംബൈയില്‍ നിന്നുമാണ് വന്നതെന്ന് സംശയിക്കുന്നതായും എക്‌സൈസ് സംഘം പറയുന്നു.

ഇനി നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് ഭീഷണി സ്വരം. മാത്രമല്ല സംഘത്തിലെ ഓരോരുത്തരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഭീഷണിയിലുണ്ട്.

കേസില്‍ കരിയര്‍മാരായി കശ്മീര്‍ ഉള്‍പ്പെടെയുളള തീവ്രവാദികള്‍ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം ആ ദിശയിലേക്കും വ്യാപിപ്പിച്ചതിന് പിന്നാലെയാണ് ഭീഷണി സന്ദേശം. സംസാരത്തില്‍ തീവ്രവാദ സംഘടനകളില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 30 കോടി രൂപ വിലമതിക്കുന്ന 5 കിലോ എംഡിഎംഎയുമായി പാലക്കാട് സ്വദേശികളായ രണ്ട് പേരെ പിടികൂടിയത്.

അഫ്ഗാനില്‍ നിന്നെത്തുന്ന മയക്കുമരുന്ന് വിവിധ ഇടനിലക്കാര്‍ വഴി കേരളത്തിലെത്തിക്കുകയും അവിടെ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തുകയുമാണ് ചെയ്യുന്നത്.

കുവൈറ്റില്‍ നിന്നും ഭായി എന്ന് വിളിക്കുന്ന മലയാളിയാണ് ഇടനിലക്കാരെ നിയന്ത്രിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ അന്വേഷണം വ്യാപിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി തേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ വധഭീഷണി ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു കള്ളക്കടത്തായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News