വിസിമാര്‍ വാഴാത്ത സര്‍വകലാശാല

കോട്ടയം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു വി.സി.യെ ഗവര്‍ണര്‍ക്ക് പുറത്താക്കേണ്ടി വന്നതും എംജി സര്‍വകലാശാലയിലാണ്. ആ വിവാദം എം.ജി യൂണിവേഴ്സിറ്റിയില്‍ അവസാനിച്ചിട്ടില്ല. എംജി സര്‍വകലാശാലയില്‍ വിസിയെ അയോഗ്യനാക്കുന്നത് ഇത് രണ്ടാം തവണയാണ്. യു.ആര്‍ അനന്തമൂര്‍ത്തിയും, രാജന്‍ഗുരുക്കളും വിസിയായിരുന്ന സ്ഥാപനത്തിന്റെ സമീപകാല ചരിത്രത്തിലാണ് അയോഗ്യതയുടെ നിഴല്‍ വീണത്.

യോഗ്യതകളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവിധേയനായ എം.ജി വിസി എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ ഷീല ദീക്ഷിത് 2014 ല്‍ പുറത്താക്കിയതാണ് പ്രത്യക്ഷത്തിലുളള ആദ്യ നടപടി. ഇപ്പോഴത്തെ വിസി ബാബു സെബാസ്റ്റിയന്‍ അയോഗ്യനാണെന്ന് ഹൈക്കോടതി കണ്ടെത്തി. നിയമനം റദ്ദാക്കുകയും ചെയ്തു.ബാബു സെബാസ്റ്റിയന്റെ നിയമനത്തില്‍ ദുരൂഹതയുണ്ടെന്നും പത്തു വര്‍ഷം പ്രൊഫസറായിരിക്കണമെന്ന യോഗ്യത ഇല്ലെന്നും ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അന്ന് പ്രക്ഷോഭം നടത്തുകയും ചെയ്തുവെങ്കിലും പിന്നീട് കെട്ടടങ്ങി. മുന്‍ പ്രോവിസിയ്ക്കെതിരെയും യോഗ്യതാ വിവാദം ഉയര്‍ന്നിരുന്നു.

യുണിവേഴ്സിറ്റി വൈസ് ചാന്‍സലറായി ഡോ. ബാബു സെബാസ്റ്റിയനെ നിയമിച്ച നടപടിക്കെതിരെ പുതിയ ഗവര്‍ണറെ സമീപിക്കുമെന്ന് ബിജെപി ആദ്യം വ്യക്തമാക്കിയതാണ്. എന്നാല്‍ പിന്നീട് അവര്‍ അതില്‍ നിന്നും പി•ാറി.വിസി സ്ഥാനത്തേക്ക് ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി തിടുക്കത്തിലാണ് ശുപാര്‍ശ ചെയ്തതെന്നായിരുന്നു ആരോപണം .ശുപാര്‍ശ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിയമന ഉത്തരവും ഇറങ്ങി.

കേരള കോണ്‍ഗ്രസ് നോമിനിയായിരുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി വിഭാഗം ഡയറക്ടര്‍ ബാബു സെബാസ്റ്റിയന്‍, എം.ജി സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം മേധാവി സാബു തോമസ്, കേരള സര്‍വകലാശാല ജിയോളജി വിഭാഗം മേധാവി ഡോ. പ്രസന്നകുമാര്‍ എന്നിവരെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഐറ്റി അറ്റ് സ്‌കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, വിക്ടേഴ്സ് എജ്യുക്കേഷന്‍ ചാനലിന്റെ ഡയറക്ടറുമാണ് ബാബു സെബാസ്റ്റ്യന്‍. പാലാ സെന്റ് തോമസ് കോളജിലെ അധ്യാപകനായും ബാബു സേവനമനുഷ്ഠിച്ചിട്ടുണ്ട്

എവി ജോര്‍ജിനെ പുറത്താക്കിയുളള അന്നത്തെ ഗവര്‍ണര്‍ ഷീലാദീക്ഷിതിന്റെ ഉത്തരവ് തിടുക്കത്തിലുളളതാണെന്നും പരാതിയുണ്ടായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ഷീലാ ദീക്ഷിത് രാജിവച്ചത്. യുഡിഎഫ് സര്‍ക്കാരിലെ പ്രബല കക്ഷിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അന്ന് ജോര്‍ജിനെതിരെ സര്‍ക്കാര്‍ നീങ്ങിയതെന്ന് പരാതിയുണ്ടായിരുന്നു. വിസിയെ പുറത്താക്കുന്നതിനോട് അനുകൂല നിലപാടാണെന്ന് അന്ന് സര്‍ക്കാര്‍ അറിയിച്ചു. അതല്ല സര്‍വകലാശാലയിലെ സമുദായ ലോബിയാണ് ജോര്‍ജിനെതിരെ നീങ്ങിയതെന്നും ആക്ഷേപം ഉയര്‍ന്നതാണ്.

ഇതോടെ കേരളചരിത്രത്തില്‍ ആദ്യമായി ഒരു വൈസ് ചാന്‍സലറെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കുന്നതിന് കളം ഒരുങ്ങുകയായിരുന്നു. പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തിന് മുമ്പ് എ.വി.ജോര്‍ജ്, രാജിവയ്ക്കാനുള്ള അവസരം നല്‍കി മാന്യമായ ഒഴിഞ്ഞുപോകലിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യമുന്നയിച്ച് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. എന്നാല്‍ ഗവര്‍ണര്‍ ഇത് അനുവദിച്ചില്ല.

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു വിസിയായി നിയമനം നേടിയെന്നായിരുന്നു ജോര്‍ജിനെതിരേയുള്ള പരാതി. ഈ സമയം ജോര്‍ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡപ്യൂട്ടേഷനിലാണ് ജോര്‍ജ് കേന്ദ്രസര്‍വകലാശാലയില്‍ ജോലിചെയ്തത്. അദ്ദേഹം നടത്തിയ നിയമനങ്ങള്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നിരുന്നു. 2013 ജനുവരി അഞ്ചിനാണ് എ.വി. ജോര്‍ജ് എം.ജി. വിസിയായി ചുമതലയേറ്റത്.

ജോര്‍ജിനെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് നേരത്തെ തന്നെ ഗവര്‍ണര്‍ക്കു മുമ്പിലുണ്ടായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഷീലാ ദീക്ഷിതിന് മുമ്പുളള ഗവര്‍ണര്‍ നിഖില്‍ കുമാറും എ.വി ജോര്‍ജില്‍ നിന്നു മൊഴിയെടുത്തിരുന്നു. തീരുമാനമെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം വൈകിയത്. മുന്നണി രാഷ്ട്രീയത്തില്‍ സര്‍വകലാശാല വിസി പദം വീതം വയ്ക്കുന്നതാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്താന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here