മുസ്ലീം വിദ്വേഷം നിറഞ്ഞ്, മോദിയെ പുകഴ്ത്തുന്ന വീഡിയോയുമായി ശംഭുലാല്‍; അഫ്രൂള്‍ ഖാനെ ജീവനോടെ കത്തിച്ചുകൊന്നതില്‍ കുറ്റബോധമില്ലെന്നും ശംഭു

ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ അഫ്രൂള്‍ ഖാനെ ജീവനോടെ കത്തിച്ചുകൊന്നതില്‍ തെല്ലും കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂര്‍ ജയിലില്‍നിന്നും അനധികൃതമായി ചിത്രീകരിച്ച വീഡിയോയിലാണ് ശംഭുലാലിന്റെ വീരവാദം.

ദില്ലിയിലെ തിഹാര്‍ ജയില്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ജയിലാണിത്. അവിടെനിന്നുമാണ് മുസ്ലീം വിദ്വേഷം നിറഞ്ഞ, മോദിയെ പുകഴ്ത്തുന്ന വീഡിയോ അനധികൃതമായി ചീത്രീകരിച്ച് പുറത്തിറക്കിയത്.

മുസ്ലീം വിദ്വേഷം പറയുന്ന വീഡിയോയില്‍ ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയില്‍ നേരത്തെ തയ്യാറാക്കിയ കുറിപ്പ് നോക്കിയാണ് ശംഭുലാല്‍ സംസാരിക്കുന്നത്. സംസാരിക്കുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണും പിടിപ്പിച്ചിട്ടുണ്ട്.

ഇസ്ലാമിക ഭീകരവാദം, ലവ് ജിഹാദ്, കള്ളനോട്ട് എന്നെല്ലാം പറഞ്ഞ് ഇവയ്‌ക്കെതിരെ സംസാരിക്കുന്ന ശംഭുലാല്‍ താന്‍ ഒരു ദേശ ഭക്തി ഭജനിന്റെ റീ മിക്‌സ് ഉണ്ടാക്കിയതായും പറയുന്നു. ദേശഭക്തിയുടെ വികാരം ഉള്‍ക്കൊണ്ട് ദിവസവും രണ്ട് നേരം എല്ലാവരും ഈ പാട്ട് പാടണമെന്നും എല്ലാവരും മോദിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

വലിയ സുരക്ഷാ സംവിധാനമുള്ള ജലിലില്‍നിന്ന് വീഡിയോ പുറത്തിറങ്ങിയത് വിവാദമായിട്ടുണ്ട്. ജയിലില്‍ 4ജി സിഗ്‌നലുകള്‍ തടയാനുള്ള ജാമറുകളുണ്ട്. വലിയ സുരക്ഷയുടെ ബാരക്കുകളിലൊന്നിലാണ് ശംഭുലാലിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് 36 കാര്യനായ ശംഭുലാല്‍ 50കാരനായ പശ്ചിമബംഗാള്‍ സ്വദേശി മൊഹമ്മദ് അഫ്രൂളിനെ വെട്ടികൊലപ്പെടുത്തി ചുടുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ശംഭുലാലിന്റെ പരിചയക്കാരിയെ അഫ്രൂള്‍ ലൗ ജിഹാദിലുടെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് വെട്ടികൊന്നത്.

പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്രൂള്‍ കുടുംബത്തോടൊപ്പം ജോലിതേടിയാണ് രാജ്സ്ഥാനിലെ രാജ്‌സമന്തില്‍ എത്തിയിരുന്നത്. ജോലിയുണ്ടെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയാണ് ശംഭുലാല്‍ അഫ്രൂളിനെ കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here