കര്‍ഷകമാര്‍ച്ചിനെ അടിച്ചമര്‍ത്തി ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭ നേതാക്കളടക്കം 250ലേറെ പേര്‍ അറസ്റ്റില്‍; പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം

ജയ്പൂര്‍: രാജസ്ഥാനില്‍ കര്‍ഷക സമരത്തിനുനേരെ പൊലീസ് അക്രമം. കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ അംറ റാം ഉള്‍പ്പെടെ 250ലേറെ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയ്പൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അംറ റാമിനെ അറസ്റ്റ് ചെയ്തത്. പേമ റാം, ഹെത്രാം ബെനിവാള്‍, കിഷന്‍ പരീക് തുടങ്ങിയ നേതാക്കളും അറസ്റ്റിലായി.

കഴിഞ്ഞ സെപ്തംബറില്‍ നിരവധി കര്‍ഷക ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയാണ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി ജയ്പൂരിലേക്ക് വമ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കിസാന്‍ സഭ ആഹ്വാനം നല്‍കിയിരുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സമരത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഇതിനിടെയാണ് പ്രക്ഷോഭം തടയാന്‍ വേണ്ടി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐഎമ്മും കിസാന്‍ സഭയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്.

നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സമരം ശക്തമായി തുടരുമെന്നും കിസാന്‍ സഭ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here