എന്‍ഡോസള്‍ഫാന്‍; നഷ്ടപരിഹാരത്തിന്‍റെ പകുതിതുക കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥാനം വീണ്ടും കത്തയച്ചു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും പ്രതിമാസ പെന്‍ഷനും നല്‍കാന്‍ ആവശ്യമായ തുകയുടെ അമ്പതു ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ധനസഹായം നല്‍കാന്‍ സാധിക്കില്ലെന്ന കേന്ദ്രത്തിന്റെ മറുപടി പീപ്പിള്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍സംസ്ഥാന സര്‍ക്കാരിന് വരുന്ന ബാധ്യത 349 കോടി രൂപയാണ്. ഇതിന്റെ പകുതി തുകയായ 174.5 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ആവശ്യമായ തുകയുടെ പകുതി 25.8 കോടി രൂപയും അടക്കം 200.3 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന് 483 കോടി രൂപയുടെ പദ്ധതി 2012ല്‍ തന്നെ സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് 2017 ഫെബ്രുവരി 14ന് അയച്ച കത്തിന് സഹായം നല്‍കാന്‍ സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്ത പീപ്പിള്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 30നും പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാല്‍ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചത്.

ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനുമുളള ചുമതല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഏല്‍പ്പിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി ലഭിക്കുന്ന സഹായം തീര്‍ത്തും നിസ്സാരമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മതിയായ ധനസഹായം അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം
നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News