കല്‍ക്കരിസമ്പത്തും സ്വകാര്യമേഖലയ്ക്ക് തീറെഴുതി മോദിസര്‍ക്കാര്‍; പുതിയ തീരുമാനത്തോടെ വിദേശ കുത്തകകള്‍ക്കും ഖനനത്തിന് അവസരം

ദില്ലി: രാജ്യത്തിന്റെ കല്‍ക്കരിസമ്പത്തും മോദിസര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതി.

വിദേശ ആഭ്യന്തര സ്വകാര്യ കുത്തകകള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ കല്‍ക്കരിഖനനം അനുവദിക്കാന്‍ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി തീരുമാനിച്ചു. 1973ല്‍ ദേശസാല്‍ക്കരിക്കപ്പെട്ട കല്‍ക്കരിമേഖലയാണ് മോദി ഇപ്പോള്‍ സ്വകാര്യമേഖലയ്ക്കായി തുറന്നിട്ടത്.

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ കല്‍ക്കരിഖനനം നടത്താനും കല്‍ക്കരി വില്‍ക്കാനുമുള്ള അവകാശം നിലവില്‍ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യക്കുമാത്രമാണ്. പുതിയ തീരുമാനത്തോടെ വേദാന്ത, ഹിന്‍ഡാല്‍കോ, അദാനി, റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകള്‍ക്കും വിദേശ കുത്തകകള്‍ക്കും ഇതിന്് അവസരമൊരുങ്ങി.

കേന്ദ്രതീരുമാനം വന്നതിനുപിന്നാലെ ഹിന്‍ഡാല്‍കോ അടക്കമുള്ള കമ്പനികളുടെ ഓഹരിമൂല്യം ഉയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കല്‍ക്കരിഖനനം പലവിധ പ്രശ്‌നങ്ങളാല്‍ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മോദിസര്‍ക്കാരിന്റെ തീരുമാനം.

കല്‍ക്കരിവില്‍പ്പനയ്ക്കായി ഖനികളും ബ്ലോക്കുകളും ലേലത്തില്‍വയ്ക്കുന്നതിനുള്ള പ്രക്രിയക്കാണ് മന്ത്രിസഭാസമിതി ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്. സ്വന്തം ആവശ്യത്തിനായി കല്‍ക്കരി ഖനനംചെയ്യുന്നതിനുള്ള അവകാശം മാത്രമാണ് (കാപ്റ്റീവ് മൈനിങ്) സ്വകാര്യകമ്പനികള്‍ക്ക് ഇതുവരെ ഉണ്ടായിരുന്നത്.

മുഖ്യമായും ഉരുക്ക് ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കാപ്റ്റീവ് മൈനിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിന് കല്‍ക്കരിപ്പാടം അനുവദിക്കുന്നതിലാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് വന്‍ കുംഭകോണം അരങ്ങേറിയത്.

ഇപ്പോള്‍ ഖനനമേഖല പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് തുറന്നിടുമ്പോള്‍ അഴിമതിസാധ്യത പതിന്മടങ്ങ് വര്‍ധിക്കുകയാണ്.

കാപ്റ്റീവ് കോള്‍ മൈനിങ് മേഖലയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1.85 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. മത്സരലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടം സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ചതുവഴിയാണ് ഖജനാവിന് ഭീമമായ നഷ്ടം സംഭവിച്ചത്. തുടര്‍ന്ന് 2014 സെപ്തംബറില്‍ 204 പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി.

രാജ്യത്തെ കല്‍ക്കരിഖനി സ്വകാര്യമേഖലയ്ക്കായി നല്‍കുമെന്നും ഈ മേഖലയില്‍ മത്സരസ്വഭാവം വരുന്നതോടെ കാര്യക്ഷമത വര്‍ധിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ച കല്‍ക്കരിമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ലേലത്തിലൂടെ കിട്ടുന്ന മുഴുവന്‍ പണവും അതത് സംസ്ഥാനത്തിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News