ആഫ്രിക്കന്‍ മണ്ണില്‍ ചരിത്രം തിരുത്തിയ കൊഹ്ലിപ്പട ഇതിഹാസം കുറിക്കുമോ; ടി20 പരമ്പര കൈയെത്തും ദൂരെ; സാധ്യതകള്‍ ഇങ്ങനെ

ദക്ഷിണാഫ്രിക്കൻ മണ്ണിൽ മറ്റൊരു പരമ്പരനേട്ടം കുറിക്കാൻ വിരാട് കോഹ്ലിയും സംഘവും ഒരുങ്ങുന്നു. ഇന്ന് സെഞ്ചൂറിയനിൽ നടക്കുന്ന രണ്ടാം ട്വന്റി‐20യും ജയിച്ചാൽ പരമ്പര ഇന്ത്യക്കൊപ്പമാകും. ഏകദിനത്തിലെ ആധികാരിക ജയത്തിനൊപ്പം ട്വന്റി‐20 പരമ്പരയുമായി ഇന്ത്യക്ക് ആഘോഷിക്കാം.

വാശിയേറിയ ടെസ്റ്റ്പരമ്പരയ്ക്കുശേഷം ദുർബലപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിക്കാനുള്ള കരുത്തില്ല. മാനസികമായ ആധിപത്യം ഇന്ത്യൻ ടീം നേടിക്കഴിഞ്ഞു. മുൻനിര കളിക്കാരുടെ പരിക്കും ദക്ഷിണാഫ്രിക്കയെ തളർത്തി. ജൊഹന്നസ്ബർഗിൽ നടന്ന ആദ്യ ട്വന്റി 20യിൽ 28 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം.

ബാറ്റിലും പന്തിലും ദക്ഷിണാഫ്രിക്ക ഇന്ത്യക്കു പിന്നിലായി. ഇന്ന് നിലനിൽപ്പിനുള്ള പോരാട്ടംകൂടിയാണ് ജെ പി ഡുമിനിക്കും സംഘത്തിനും. അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയാണ് ദക്ഷിണാഫ്രിക്കയുടെ മനസ്സിൽ.

ജയിച്ചാൽ ഇന്ത്യക്ക് റാങ്കിങ്പട്ടികയിൽ രണ്ടാമതെത്താം. എന്നാൽ അതിനുമുമ്പ് ത്രിരാഷ്ട്ര ട്വന്റി‐20യിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ കീഴടക്കിയാൽ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തുതന്നെ തുടരേണ്ടിവരും. പാകിസ്ഥാനാണ് പട്ടികയിൽ ഒന്നാമത്. അവസാന മത്സരത്തിൽ പരിക്കിന്റെ അസ്വസ്ഥതകൾ കാട്ടിയ ക്യാപ്റ്റൻ കോഹ്ലി ശാരീരികക്ഷമത വീണ്ടെടുത്തതായാണ് സൂചന.

ഏകദിന പരമ്പരയ്ക്കിടയിലും കോഹ്ലിക്ക് പരിക്കേറ്റിരുന്നു. കടുത്ത മത്സരക്രമമാണ് അടുത്ത മൂന്നുമാസത്തിനുള്ളിൽ ഇന്ത്യയെ കാത്തിരിക്കുന്നത്. പരമ്പര നേടിയാൽ അവസാന മത്സരത്തിൽ കോഹ്ലി വിശ്രമിച്ചേക്കും. ഇന്ന് ക്യാപ്റ്റന് കളിക്കാനായില്ലെങ്കിൽ പകരം ലോകേഷ് രാഹുൽ ഇറങ്ങിയേക്കും.

ആദ്യ ട്വന്റി‐20യിൽ ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കിയത്. പക്ഷേ, ഏറെക്കാലത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്നയ്ക്ക് നല്ല കളി പുറത്തെടുക്കാനായില്ല. അവസാന ഓവറുകളിൽ റണ്ണടിക്കാൻ വിഷമിച്ച മനീഷ് പാണ്ഡെയും നിരീക്ഷണത്തിലാണ്.

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്രീതിയും ട്വന്റി 20ക്ക് യോജിച്ചതായിരുന്നില്ല.ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ പിച്ചിൽ തന്ത്രപരമായി പന്തെറിഞ്ഞ് അഞ്ചു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് ദക്ഷിണാഫ്രിക്കയെ ഉലച്ചുകളഞ്ഞത് അവസാന ഓവറുകളിൽ ഭുവനേശ്വർ കാട്ടുന്ന കണിശത ശ്രദ്ധേയമാണ്.

വേഗംകുറഞ്ഞ പിച്ചിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്. യുസ്വേന്ദ്ര ചഹാലിനൊപ്പം കുൽദീപ് യാദവോ അക്സർ പട്ടേലോ കളിച്ചേക്കും. അപ്പോൾ പേസർ ജയദേവ് ഉനദ്ഘട്ട് പുറത്തിരിക്കും.

എ ബി ഡി വില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിര ദുർബലപ്പെട്ടു. എങ്കിലും സ്മട്സും റീസ ഹെൻഡ്രിക്സും ഉൾപ്പെടുന്ന പുതുനിര പ്രതീക്ഷ നൽകുന്നുണ്ട്. ബൗളർമാരിൽ പക്ഷേ, നല്ല പ്രകടനം ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News