ചെമ്പട്ടണിഞ്ഞ് പൂരനഗരി; നാടും നഗരവും വിപ്ലവജ്വാലയില്‍; രക്തപതാക വാനിലുയര്‍ന്നു; സിപിഐഎം സംസ്ഥാന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

എണ്ണമറ്റ തൊഴിലാളിസമരങ്ങളും അഴീക്കോടന്‍ രാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വവും കൊണ്ട് ചുവന്ന് തുടുത്ത തൃശൂര്‍ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‍റെ ആ‍വേശ ലഹരിയില്‍. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ രക്ത പതാക ഉയര്‍ത്തിയതോടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.

സമ്മേളനത്തിന്‍റെ താത്കാലിക അധ്യക്ഷനായി കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ തെരഞ്ഞെടുത്തു. ഇ പി ജയരാജന്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന സെക്രട്ടേറിയേറ്റംഗം എളമരം കരീം അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തിന് ആശംസ അറിയിക്കാന്‍ എത്തിയിട്ടുണ്ട്.

സമ്മേളന നടപടികള്‍ തത്സമയം കാണാം


ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും. 25വരെ പ്രതിനിധി സമ്മേളനം തുടരും.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവര്‍ പങ്കെടുക്കും. 25ന് ഉച്ചകഴിഞ്ഞ് കാല്‍ലക്ഷം റെഡ്വളണ്ടിയര്‍മാരുടെ മാര്‍ച്ചും തുടര്‍ന്ന് രണ്ടുലക്ഷം പേര്‍ അണിനിരക്കുന്ന പൊതുസമ്മേളനവും നടക്കും. 475 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാനകമ്മിറ്റിയിലെ നാല് ക്ഷണിതാക്കളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

പൊതുസമ്മേളനം നടക്കുന്ന കെ കെ മാമക്കുട്ടി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ ഇന്നലെ വൈകുന്നേരം പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് ദീപശിഖ തെളിച്ചത്.

37 വര്‍ഷത്തിന് ശേഷം ആതിഥ്യമരുളുന്ന സമ്മേളനം ചരിത്രസംഭവമാക്കാന്‍ നാടും നഗരവും ചെമ്പട്ടണിഞ്ഞ് സുസജ്ജമായി. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കൂടുതല്‍ കരുത്തേകാനുള്ള മഹാദൗത്യവുമായി അദ്ധ്വാനവര്‍ഗത്തിന്റെ മുന്നണിപ്പോരാളികള്‍ നാലുനാള്‍ ഒത്തുചേരുകയാണ്. പാര്‍ടിയെ നെഞ്ചേറ്റുന്ന ജനലക്ഷങ്ങള്‍ സംഘശക്തിയുടെ പുതുഗാഥ തീര്‍ത്ത് 22ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം അവിസ്‌‌‌മരണീയമാക്കും.

മാനവമോചന പോരാട്ടത്തിനിടെ എതിരാളികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച കേരളത്തിലെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ദീപശിഖ സമ്മേളനനഗറില്‍ ജ്വലിച്ചപ്പോള്‍ തേക്കിന്‍കാട് മൈതാനം വികാരനിര്‍ഭരമായിരുന്നു .

സംസ്ഥാന സമ്മേളനം തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News