അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ടിജി മോഹന്‍ ദാസിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന സംഘപരിവാര്‍ നേതാവ് ടി ജി മോഹന്‍ ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

കേസില്‍ ശരിയായ അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അര്‍ത്തുങ്കല്‍ പള്ളി നിന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നും അത് വീണ്ടെടുക്കലാണ് ഹിന്ദുക്കളുടെ ജോലിയെന്ന ടി ജി മോഹന്‍ ദാസിന്റെ ട്വീറ്റാണ് വിവാദമായത്.

മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ എഐവൈഎഫ് നേതാവ് ജിസ്‌മോന്‍ നല്‍കിയ പരാതിയില്‍ അര്‍ത്തുങ്കല്‍ പേലീസ് കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ദാസ് കോടതിയെ സമീപിച്ചത്.

അര്‍ത്തുങ്കല്‍ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നു. ഇവിടെ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കും. ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടത്.

അള്‍ത്താരയുടെ നിര്‍മാണത്തിനിെട ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സനെ കണ്ട് ഉപദേശം തേടിയിരുന്നു. അങ്ങനെ അള്‍ത്താര മാറ്റി സ്ഥാപിച്ചുവെന്നുമാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.

അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ വര്‍ഗീയ നീക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ആജണ്ടയായിട്ടാണ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here