‘അങ്ങനെ കാത്തിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരുപ്പ് മാത്രം’; തുറന്നുപറഞ്ഞ് ഭാവന

കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ഭാവന മലയാളത്തില്‍ ആദം ജോണിലാണ് അവസാനമായി വേഷമിട്ടത്.

ശിവരാജ് കുമാര്‍ നായകനായെത്തുന്ന കന്നഡ ചിത്രം തഗരുവിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. നായകന് പ്രാധാന്യമുള്ള ചിത്രമാണ് തഗരു. നായികയ്ക്ക് പ്രാധാന്യമില്ലാത്തൊരു സിനിമയില്‍ അങ്ങനെയൊരു കഥാപാത്രത്തെ എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ഭാവന നല്‍കുന്ന മറുപടി ഇങ്ങനെ:

‘സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരുപ്പ് മാത്രമേ ഉണ്ടാവുകയുളളൂ. നിങ്ങള്‍ക്ക് പൂര്‍ണമായും സംതൃപ്തി നല്‍കുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്.’-ഭാവന പറയുന്നു.

‘മലയാളത്തിലെ എന്റെ അവസാന ചിത്രമായ ആദം ജോണ്‍ നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയായിരുന്നു. എന്നിട്ടും അതില്‍ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ഞാന്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ചെയ്തു.’

‘നായികാ പ്രാധാന്യമുളള സിനിമയായിരുന്നു അത്. നല്ല കഥാപാത്രങ്ങള്‍, അത് ചെറുതായാലും വലുതായാലും എനിക്ക് സന്തോഷം നല്‍കുന്നതാണെങ്കില്‍ ചെയ്യും.’

‘തഗരു ഒരു കൊമഴ്‌സ്യല്‍ സിനിമയാണെന്ന് എനിക്ക് അറിയാം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചപ്പോള്‍ നോ പറയാതിരിക്കാന്‍ എനിക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശിവരാജ് കുമാറിന്റെ സിനിമയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്.’

‘മറ്റൊരു കാരണം ഈ സിനിമയുടെ സംവിധായകന്‍ സൂരിയാണ്. അദ്ദേഹമാണ് ജാക്കി എന്ന സിനിമയിലൂടെ കന്നഡയില്‍ എന്നെ പരിചയപ്പെടുത്തിയത്. അദ്ദേഹവുമായി അന്നു മുതല്‍ നല്ല പരിചയമുണ്ട്. തഗരു നായികാ പ്രാധാന്യമുളള സിനിമയല്ല, പക്ഷേ ഞാന്‍ അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു.’-അഭിമുഖത്തില്‍ ഭാവന പറയുന്നു.

അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു ഭാവനയുടേയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്റേയും വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News