ആ പന്ത് ഇപ്പോഴും ഉരുളുകയാണ്; പിന്തുടരുന്ന പടം ‘ക്യാപ്റ്റന്‍ ‘

കായിക കേന്ദ്രീകൃതമായ സിനിമ ‘ലഗാന്‍’ പോലും പകരാത്ത ചിലതുണ്ട് ‘ക്യാപ്റ്റ’ന്.

തിരസ്‌കരിക്കപ്പെട്ട ഒരു ഫുട്‌ബോള്‍ താരത്തിന്റെ അനുസ്മരണം എന്നതിനപ്പുറം ക്യാപ്റ്റന്‍ സംവദിക്കുന്ന ഒട്ടനവധി സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളുണ്ട്. മലബാറിന്റെ ഫുട്‌ബോള്‍ ഹരം, സാമ്രാജിത്വവിരുദ്ധ സമരത്തിന്റെ ബാക്കി പത്രമാണെന്ന് അനുഭവസാക്ഷിയുടെ പശ്ചാത്തലത്തില്‍ പറയുന്നത്.

അത് ഇതില്‍ ഒന്ന് മാത്രം. സിദ്ദിഖിന്റെ ആ പേരില്ലാ കഥാപാത്രം അവതൂദനെ പോലെ പിന്തുടരുന്നത്. ‘ആരു പറഞ്ഞു ഞാന്‍ നിങ്ങളെയാണ് പിന്തുടരുന്നതെന്ന്, ഈ ഗോളത്തെയാണ് ഞാന്‍…’ എഴുത്തിന്റെ കരുത്തും യാഥാര്‍ത്ഥ്യ ബോധത്തിന്റെ മികവും തെളിയിക്കുന്ന ഒന്നാണ് ആ കലഹം.

ഫ്രാന്‍സിന്റെ കളി കാണാന്‍ വിളിക്കാന്‍ ഏല്‍പിച്ച ഭാര്യ അത് മുടക്കുന്നു. വേദനയില്‍ ഉറങ്ങാതിരുന്ന സത്യേട്ടന്‍ ഉറങ്ങുന്നെങ്കില്‍ ഉറങ്ങട്ടെ, യാഥാര്‍ത്ഥ്യബോധം നല്‍കുന്ന ആനുകൂല്യമാണ് ഭാര്യയെ ന്യായീകരിക്കാന്‍ ഉപയോഗിച്ചത്. ഏതോ പനി പിടിച്ച നാളിലെ കൃത്രിമ വാശിയില്‍ പങ്കാളി നമ്മെ സ്പര്‍ശിക്കുമ്പോലെ തന്നെയാണ് സത്യനെ തലോടി ഉറങ്ങുമ്പോള്‍ ആ മുഹൂര്‍ത്തം പകര്‍ന്നത്.

ഏതൊരാളുടേയും ജീവിതയാഥാര്‍ത്ഥ്യത്തിന് യോജിക്കുന്ന മുഹൂര്‍ത്തം വീണ്ടും വികസിക്കുന്നു. ടെലിവിഷന്‍ തല്ലിതകര്‍ക്കുന്നതിലേക്ക് പരിണമിക്കുന്ന ആ അര്‍ദ്ധരാത്രിയിലെ അസ്വസ്ഥതയുടെ ഉറക്കരുചി പോലും പടര്‍ന്നു കയറി. ഒരു നിസാരകാര്യമെന്ന് മൂന്നാമന് തോന്നാവുന്ന മുഹൂര്‍ത്തം.

ഫ്രാന്‍സും സിദാനും അരങ്ങുതകര്‍ത്ത ആ ലോകകപ്പ് കാണാന്‍ ഉണര്‍ത്താത്ത ഭാര്യമായുള്ള പ്രശ്‌നങ്ങള്‍. ഇനി കളിയുടെ റിപ്പീറ്റ് ഉണ്ടാകും എന്ന് പറയുന്ന ഭാര്യയോട്, ‘എനിക്ക് ഈ ലോകത്ത് റിപ്പീറ്റ് ഉണ്ടോ, നിനക്കുണ്ടോ റിപ്പീറ്റ്, നമ്മുടെ മോള്‍ക്ക് റിപ്പിറ്റുണ്ടോ’? അത് തന്നെയാണ് സത്യന്റെ മനോവ്യാപാരങ്ങളെ സന്നിവേശിപ്പിക്കുന്ന ഡയലോഗ്. എങ്ങനെയാണ് സത്യന്‍ ജീവിതത്തെയും ഫുട്‌ബോളിനെയും ബന്ധത്തെയും കാണുന്നതെന്ന് മനസിലാക്കാം.

ഒരു കളി സ്ഥലത്തെ മലയാളിയുടെ സാംസ്‌കാരിക വൈകാരിക മേഖലകളിലേക്ക് ചൂടും ചൂരും ചോരാതെ പകര്‍ന്നാടിയ സിനിമ സംവിധാനത്തിന്റെയും മികവ് പുലര്‍ത്തി. ജീവിതതെരുവീഥികളില്‍ ആര്‍ജിച്ച അനുഭവങ്ങള്‍ സംസാരിച്ചു.

ഇന്നത്തെ ന്യു ജനറേഷനു അന്യമായ ഗ്രാമീണ അന്തരീക്ഷത്തില്‍ ആന്റിന തിരിക്കുന്നതടക്കം പറിച്ചു നടാനായി. ഫുട്‌ബോളിനെ ഹൃദയരക്തത്തില്‍ ചാലിച്ച ഒരു ജനതയെ സ്പന്ദിപ്പിക്കാനും സംവിധായകനായി.

വിരസമായി പോകാവുന്ന വിഷയത്തെ അനുനിമിഷം ഗംഭീരമാക്കാന്‍, പന്തിനോപ്പം പ്രേക്ഷകന്റെ മനസിനെ ഉരുട്ടാനായി. ഫുട്‌ബോളും ഒപ്പം സത്യനും ഒരു ഉന്മാദം പോലെ പകര്‍ന്നാടിയ രണ്ടു മണിക്കൂര്‍ പിന്നെയും തുടര്‍ന്നു.

സിനിമക്കു ശേഷവും സത്യനും ജീവിതവും ചിന്തയിലും വര്‍ത്തമാനത്തിലും കുടുങ്ങി. തിരസ്‌കാരത്തിന്റെ ബാഹ്യ ആക്രമണവും ഉള്ളിലെ വിഷാദാഗ്‌നിയുടെ ജൈവയാഥാര്‍ത്ഥ്യവും ഒടുവില്‍ കൂകിപായുന്ന തീവണ്ടിക്ക് മുന്നിലേക്ക് എത്തിക്കുന്നു. അവിടേയും നീതി പുലര്‍ത്തുന്നു. താന്‍ കണ്ട ഏറ്റവും വലിയ മോചനമാണ്, ശാപമായ ഈ ശരീരത്തെ അതിജീവിക്കുക എന്ന തോന്നലുള്ളപ്പോഴും സത്യനോട് സംവിധായകന്‍ നീതി പുലര്‍ത്തുന്ന മുഹൂര്‍ത്തമായത്.

ഇന്നോളം താന്‍ കണ്ട ഏറ്റവും വലിയ വൈകാരിക മുഹൂര്‍ത്തങ്ങളെ റയില്‍വേസ്റ്റേഷനില്‍ പുനര്‍ജനിപ്പിക്കുകയായിരുന്നു. വേഷം മാറി പകര്‍ന്നാടിയ ചുറ്റുപാടുകളോട് പ്രതികരിച്ചാണ് സത്യന്‍ പൊലിയുന്നത്. ആത്മഹത്യയാണോ പരകായപ്രവേശം നടത്തിയ ഇലൂഷനാണോ അപകടമാണോ എന്നൊന്നും വ്യക്തമാക്കാതെ നീതീകരിക്കുകയായിരുന്നു സംവിധായകന്‍.

പിന്നെ ജയസൂര്യയുടെ ഗംഭീര നടനം. ഒരുപക്ഷെ ജീവിക്കുകയായിരുന്നു. സംവിധായകനെന്ന ശില്പിക്ക് പറ്റിയ മണ്ണായ ജയസൂര്യ. ഷറഫലി ഫോണ്‍വെച്ച് സത്യന്റെ ഭാര്യയെ കേള്‍പ്പിക്കുന്ന പ്രസംഗസീനില്‍, ജയസൂര്യയുടെ ശരീരഭാഷ, സംസാരം, അധരവിന്യാസം പോലും സത്യനെ അപാരമായി പരകായപ്രവേശം ചെയ്തു.

ശിഷ്ടം:

‘സത്യേട്ടനെ കൊന്നതാ’ എന്ന് ഭാര്യ പറയുന്നതും കതകില്‍ തൂക്കിയിട്ട 6ാം നമ്പര്‍ ജേഴ്‌സി വീഴുന്നതും ഉദ്വേഗം നിലനിര്‍ത്താന്‍ കാട്ടിയ ചില നമ്പറുകളാണെന്ന് എതിര്‍പ്പുണ്ട്.

പക്ഷെ സൂക്ഷ്മതകളുടെ ഒരു കൂട്ടം വ്യാപാരങ്ങളെ ക്രോഡീകരിച്ച്, ഉടനീളം ഉന്മാദസുഖം സമ്മാനിച്ച സിനിമയെ ഓര്‍ത്ത് അത് സഹിക്കുന്നു. നല്ല സിനിമ. നവസംവിധായകനും കൂട്ടര്‍ക്കും അഭിമാനിക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News