അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ കൂട്ടമര്‍ദ്ദനത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കൊല്ലപ്പെട്ട മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News