അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം; സെല്‍ഫിയെടുത്ത ഉബൈദ് അടക്കം ഏഴു പേര്‍ കസ്റ്റഡിയില്‍; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്; മനുഷ്യാവകാശ കമീഷന്‍ സ്വമേധായ കേസെടുത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍.

ഹുസൈന്‍, അബ്ദുല്‍ കരീം, ഉെൈബെദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ഐജി എം.ആര്‍ അജിത്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടറോടും പൊലീസ് സൂപ്രണ്ടിനോടും കമീഷന്‍ റിപ്പോര്‍ട്ട് തേടി.

അതേസമയം, മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ അല്ലി ആവശ്യപ്പെട്ടു. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്നും അല്ലി പറഞ്ഞു. തന്റെ മകന്‍ മോഷ്ടാവല്ലെന്നും അവന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മധുവിന്റെ അമ്മ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു.


ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ആരെയും തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നും ഇതു പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എസ്.പിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

യുവാവ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം വേദനാജനകവും അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


ഇന്നലെയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു.

ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here