ഇടതുസര്‍ക്കാരിനും സിപിഐഎമ്മിനും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറിയെന്ന് എ വിജയരാഘവന്‍; പാര്‍ട്ടി അംഗസംഖ്യയിലും വന്‍ വര്‍ധനവ്; ന്യൂനപക്ഷങ്ങള്‍ക്കിടയിലും പാര്‍ട്ടി സ്വാധീനം വര്‍ധിച്ചു

തൃശൂര്‍: 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം സംസ്ഥാനസമ്മേളനം വന്‍ ഐക്യത്തോടെയാണ് നടക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു.

സിപിഐഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും പാര്‍ട്ടിക്കും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറിയിരിക്കുകയാണെന്നും സമ്മേളന നടപടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ വിപുലീകരണമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. അതിനായി പാര്‍ട്ടിയുടെ അടിസ്ഥാന ഘടകത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനെ കുറിച്ചും കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുവാന്‍ ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ചും ചര്‍ച്ച നടക്കുന്നു. നടപ്പാക്കേണ്ട കാര്യങ്ങള്‍, മുന്‍ഗണന കൊടുക്കേണ്ടവ എന്നിവ ചര്‍ച്ചചെയ്യുന്നു.

പാര്‍ട്ടിയും സര്‍ക്കാരും വലിയ ഐക്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലുകളും നയങ്ങളും കൂടുതല്‍ ജനകീയമാക്കുന്നതിനായി പാര്‍ട്ടി സ്വാധീനം വിപുലമാക്കണം.

അംഗസംഖ്യയിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. അതില്‍ 17 ശതമാനവും മഹിളകളാണ്. പാര്‍ട്ടിയില്‍ സ്ത്രീകളുടെ അംഗസംഖ്യ 25 ശതമാനമായി ഉയര്‍ത്തുവാനാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പാര്‍ട്ടി സ്വാധീനം വര്‍ദ്ധിക്കുകയാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് സിപിഐഎം ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അത്തരം പ്രതിരോധ നിലപാടുകളോട് രാജ്യമെങ്ങും വലിയ സ്വീകാര്യതയാണുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരുടെ ഉന്നമനവും ഏറ്റെടുക്കേണ്ട ചുമതലയാണ്.

വര്‍ഗ ബഹുജന സംഘടനകളുടെ അംഗസംഖ്യയിലും വലിയ വര്‍ദ്ധനയാണുള്ളത്. രാഷ്ട്രീയമായ ആശയപ്രചരണം ശക്തമാകുന്നതിന്റെ തെളിവാണ് അത്.

അതേസമയം, പാര്‍ടിയും സര്‍ക്കാരും രാഷ്ട്രീയ എതിരാളികളില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് എതിരാളികളാല്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തപ്പെട്ടു. നിരവധി പേരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു.

ഇതെല്ലാം പാര്‍ട്ടി നേരിടുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരള സര്‍ക്കാരിനെതിരെയാണ്. ഫെഡറല്‍ സംവിധാനത്തിന് യോജിച്ച വിധമല്ല കേരളത്തോടുള്ള സമീപനം. കുത്തക മാധ്യമങ്ങളും സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെയെല്ലാം മറികടക്കാന്‍ എന്തെല്ലാം ചെയ്യാനാകും എന്നാണ് സമ്മേളനം ചര്‍ച്ചചെയ്യുന്നത്.

കൂടാതെ കേരളം ആവശ്യപ്പെടുന്ന വയോജന സൗഹൃദ നിലപാടുകള്‍, സ്വാന്തന പരിചരണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സമ്മേളനം ചര്‍ച്ചചെയ്യുന്നുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, പികെ ബിജു എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News