സിപിഐഎമ്മും സിപിഐയും പിരിയാന്‍ പോകുന്നുയെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്ന് എസ്ആര്‍പി; വോട്ടുബാങ്ക് രാഷ്ട്രീയത്തിന് പിന്നാലെ പോയി ആരും സെല്‍ഫ് ഗോളടിക്കരുതെന്ന് കാനം

തൃശൂര്‍: ആഗോളവല്‍ക്കരണ നവ ഉദാര നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജം പകരണമെന്നും സംഘപരിവാറിന്റെ അമിതാധികാര പ്രവണതകളെ ചങ്ങലക്കിടണമെന്നും നിലപാടുയര്‍ത്തി സിപിഐഎം സംസ്ഥാന സമ്മേളന സെമിനാര്‍.

‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ തേക്കിന്‍കാട് മൈതാനിയിലെ സ. അഴീക്കോടന്‍ വേദിയിലായിരുന്നു സെമിനാര്‍. സിപിഐ എമ്മിന്റെ സമുന്നത നേതാക്കള്‍ക്ക് പുറമെ കാനം രാജേന്ദ്രന്‍, കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍ എല്ലാവരും ഒരേ വേദിയില്‍. ഇവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍.

കേരളത്തിന്റെ രാഷ്ട്രീയ പരിച്ഛേദം അണിനിരന്ന സെമിനാറില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നതിനായിരുന്നു ഊന്നല്‍. ലോകത്തിനും രാജ്യത്തിനും മാതൃകയായി കേരളം സൃഷ്ടിച്ച സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ക്ക് സ്ഥായീഭാവമുണ്ടാകണം. എല്‍ഡിഎഫിന്റെ ഉദാത്തമായ മൂല്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അഭിപ്രായമുണ്ടായി.

സംഘടിത ആക്രമണങ്ങള്‍ക്ക് രൂപീകരണ നാളുകളില്‍പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തളര്‍ത്താനായിട്ടില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് നവ ഉദാരവല്‍ക്കരണ സമീപനമാണ് എല്ലാകാര്യത്തിലും. കേന്ദ്ര ഭരണരീതികളും ബിജെപിയുടെ സമീപനവും അമിതാധികാരപ്രവണത സൃഷ്ടിച്ചു. ജനക്ഷേമ നടപടിസ്വീകരിക്കുന്ന കേരള സര്‍ക്കാരിനെ ശക്തിപ്പെടുത്താനും വിപുലെപ്പടുത്താനും അനുകൂല സാഹചര്യം ഇനിയും ഒരുങ്ങണം. യുഡിഎഫ് ശിഥിലമാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് നാല് കക്ഷികള്‍ യുഡിഎഫ് വിട്ടു. തെരഞ്ഞെടുപ്പിനുശേഷം കേരള കോണ്‍ഗ്രസ് എം ആ മുന്നണിവിട്ടു.

ഇനിയുള്ളവര്‍ എത്രകാലം ഉണ്ടാകുമെന്നതിനും വ്യക്തതയില്ല. അതിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസിലും ലീഗിലും ആഭ്യന്തരമായി പുതിയ ഉരുത്തിരിയലുകള്‍ ഉണ്ടാകുന്നുണ്ട്. എന്‍ഡിഎയാകട്ടെ ജനിച്ച നാള്‍മുതല്‍ സംഘര്‍ഷഭരിതമാണ്.

എല്‍ഡിഎഫിനെ നയിക്കുന്ന സിപിഐഎമ്മും സപിഐയും മുന്നണിയുടെ നയങ്ങളില്‍ ഊന്നി സൗഹാര്‍ദത്തോടെ മുന്നോട്ട് പോകും. മറിച്ച് ചിന്തിച്ച് ആരും മനപ്പായസം ഉണ്ണേണ്ട. എല്‍ഡിഎഫ് ഇനിയും കൂടുതല്‍ ശക്തിപ്പെട്ടേ തീരൂവെന്നും എസ്ആര്‍പി പറഞ്ഞു.

ഭരണത്തുടര്‍ച്ചക്ക് എല്‍ഡിഎഫ് വികസനമെന്നതില്‍ ഭൂരിപക്ഷം പ്രാസംഗികരും യോജിപ്പിലെത്തിയതായി മനസ്സിലാക്കാമെന്ന് അധ്യക്ഷനായ കേന്ദ്രകമ്മറ്റി അംഗം എളമരം കരീം പറഞ്ഞു.

എല്‍ഡിഎഫ് ഇപ്പോള്‍ സുശക്തമാണ്. 1957 ല്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിനെ പിരിച്ചുവിട്ടു. ജനം അതിനെതിരായിരുന്നു. എന്നാല്‍ പിന്നീട് എതിരാളികള്‍ മുക്കൂട്ട് മുന്നണി ഉണ്ടാക്കി ഭരണംപിടിച്ചു. മുന്നണി രൂപീകരണത്തിലൂടെയാണ് പിന്നീട് ഇടതുപക്ഷം ഭരണത്തിലെത്തിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുവേണം എല്‍ഡിഎഫ് മുന്നോട്ടുപോകേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അഴിമതിക്കെതിരായ മുന്നണിയുടെ നിലപാടില്‍ വിട്ടുവീഴ്ച പാടില്ല. ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികവ്യവസായ മേഖലയെ തളര്‍ത്തിയെന്ന് കെഎം മാണി പറഞ്ഞു. ആരും തര്‍ക്കിച്ച് യുഡിഎഫിന്റെ കൈയില്‍ ഭരണം കൊണ്ടുകൊടുക്കരുതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

എല്‍ഡിഎഫ് നേതാക്കളായ ടി പി പീതാംബരന്‍, എം കെ കണ്ണന്‍ എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here