മഞ്ഞപ്പടയ്ക്ക് ഇക്കുറി കലിപ്പടക്കാനാകുമോ; പ്ലേ ഓഫിലെത്താന്‍ സാധ്യത ഇങ്ങനെ മാത്രം; ഇനിയുള്ള മത്സരഫലങ്ങള്‍ ഇങ്ങനെയാകണം

കൊച്ചി: കാല്‍പന്ത് പ്രേമികളുടെ ആവേശമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധകരുള്ള ടീം ഏതെന്ന് ചോദിച്ചാല്‍ ആര്‍ത്തലയ്ക്കുന്ന മഞ്ഞപ്പട എന്നതുമാത്രമാണ് ഉത്തരം.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തന്‍ വീരഗാഥയ്ക്ക് മുന്നില്‍ കിരീടം നഷ്ടമായപ്പോള്‍ ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ് അത് സ്വന്തമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. റെനെ മ്യൂലന്‍സ്റ്റീന്‍ എന്ന പരിശീലകനും ബെര്‍ബറ്റോവെന്ന സൂപ്പര്‍ താരവും ഇയാന്‍ ഹ്യൂമും കൂടി മഞ്ഞപ്പടയുടെ പാളയത്തിലെത്തിയപ്പോള്‍ ആ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തുമെന്നായിരുന്നു ആരാധകര്‍ വിശ്വസിച്ചത്.

കലിപ്പടക്കാന്‍ ഇക്കുറി കപ്പടിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു കളി തുടങ്ങിയത്. എന്നാല്‍ കളിക്കളത്തില്‍ പകച്ചുനില്‍ക്കുന്ന താരങ്ങളെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. നിര്‍ണായക സമയത്ത് അബദ്ധം പിണയുന്ന നായകന്‍ ജിങ്കാനും പരിക്കിന്റെ പിടിയിലായ ബെര്‍ബറ്റോവും ഫോം കണ്ടെത്താന്‍ വിഷമിച്ച സി കെ വിനീതുമെല്ലാം കൂടിയായപ്പോള്‍ ആരാധകര്‍ നിരാശരായി.

ഒടുവില്‍ അത്ഭുതം കാട്ടാനെത്തിയ റെനെച്ചായന്‍ പാതി വഴിയില്‍ കളി ഉപേക്ഷിച്ച് ലണ്ടനിലേക്കുള്ള വണ്ടി പിടിച്ചു. പോകുന്ന വഴിക്ക് ടീമിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിടാനും അദ്ദേഹം മറന്നില്ല. ഇതെല്ലാം കണ്ടും കേട്ടും ആരാധകര്‍ ഒരു വഴിക്കായി.

എന്നാല്‍ കളി മാറിയത് പെട്ടെന്നായിരുന്നു. റെനെച്ചായന് പകരക്കാരനായെത്തിയ ഡേവിഡ് ജെയിംസ് അത്ഭുതങ്ങള്‍ കാട്ടിയതോടെ ആരാധകര്‍ ഉണര്‍ന്നെണീറ്റു. തോല്‍വിയും സമനിലയും ചോദിച്ച് വാങ്ങുന്നവരില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് അത്ഭുതജയങ്ങള്‍ പിടിച്ചെടുത്തു. കിതച്ചും കുതിച്ചും മുന്നേറുന്ന സംഘത്തിന് ഏറ്റവും നിര്‍ണായകമായിരുന്നു ഇന്നലത്തെ മത്സരം.

സ്വന്തം തട്ടകത്തില്‍ ചെന്നൈയ്ന്‍ എഫ് സിയെ തകര്‍ത്ത് തരിപ്പണമാക്കി ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലേക്ക് കുതിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. കളത്തില്‍ കളി തുടങ്ങിയതും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ അവസരങ്ങള്‍ തുറന്നെടുത്ത മഞ്ഞപ്പടയുടെ പോരാളികള്‍ ഗോളടിക്കാന്‍ മറന്നു.

കറേജ് പെക്കൂസണ്‍ പെനാല്‍ട്ടി കൂടി നഷ്ടമാക്കിയതോടെ അര്‍ഹിച്ച ജയം കൂടിയാണ് നഷ്ടമായത്. ഇനി അവസാന നാലില്‍ ആരാധകരുടെ പ്രിയ ടീം എത്തണമെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതം സംഭവിക്കണം. ആദ്യ സീസണില്‍ അത്തരം അത്ഭുത വാതിലുകള്‍ തള്ളിത്തുറന്നാണ് മഞ്ഞപ്പട കലാശക്കളിവരെയെത്തിയതെന്നത് ആരും മറന്നിട്ടില്ല.

നിലവില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇനി ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇങ്ങനെയാണ്. സീസണിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്ന് നിസംശയം പറയാവുന്ന ഒന്നാം സ്ഥാനക്കാരായ ബംഗലുരൂവിനെ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കണം. അങ്ങനെയെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാകും.

നാലാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സി, ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റി, ഏഴാമതുള്ള ഗോവ എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായുള്ളത്.

16 മത്സരങ്ങളില്‍ 26 പോയിന്റുകളുമായാണ് കൊപ്പലാശാന്റെ ജംഷഡ്പൂര്‍ നാലാം സ്ഥാനത്ത് തുടരുന്നത്. രണ്ട് കളികള്‍ ബാക്കിയുള്ളതിനാല്‍ തന്നെ അവരുടെ സാധ്യതകള്‍ ഏറെയാണ്. കൊപ്പലാശാന്റെ തന്ത്രങ്ങളും ജംഷഡ്പൂരിന് തുണയാകും.

എന്നാല്‍ ബംഗളുരുവുവിനേയും ഗോവയേയുമാണ് അവര്‍ക്ക് നേരിടാനുള്ളത്. ഈ രണ്ട് മത്സരങ്ങളും ജംഷഡ്പൂര്‍ പരാജയപ്പെട്ടാന്‍ മഞ്ഞപ്പടയുടെ സാധ്യതകള്‍ വര്‍ദ്ദിക്കും.

ബംഗളുരുവിനെതിരെ പരാജയപ്പെട്ട് ഗോവയ്‌ക്കെതിരെ സമനിലയില്‍ കുരുങ്ങിയാലും പ്രശ്‌നമില്ല. അങ്ങനെയെങ്കില്‍ ജംഷഡ്പൂരിന് 27 പോയിന്റുകള്‍ മാത്രമാകും.

അതേസമയം ഗോവയുടെ സാധ്യതകള്‍ കൂടി അവസാനിക്കേണ്ടതുണ്ട്. ഗോവയ്ക്ക് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. നിലവില്‍ 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുള്ള അവര്‍ മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ 30 പോയിന്റുമായി പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യും.

രണ്ട് മത്സരങ്ങള്‍ ഗോവ ജയിച്ച് ഒരെണ്ണം തോറ്റാലും ബ്ലാസ്‌റ്റേഴിസ് നേട്ടമാണ്. പക്ഷെ ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ഗോവ തോല്‍ക്കാന്‍ പാടില്ല.

23 പോയിന്റുള്ള മുംബൈ സിറ്റിയാണ് മറ്റൊരു വെല്ലുവിളി. ചെന്നൈയിനെയും ഡല്‍ഹിയ്ക്കുമെതിരായ ഈ മത്സരങ്ങള്‍ മുംബൈ പരാജയപ്പെടണം. ഒരു മത്സരം ജയിച്ചാലും കുഴപ്പമില്ല. രണ്ടും ജയിക്കാത്തിടത്തോളം ബ്ലാസ്‌റ്റേഴിസിന് പ്രശ്‌നമാകില്ല.

ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിലെത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളുടെ ഫലം ഇങ്ങനെയാകണം.

24.02.18 ഡല്‍ഹി – കൊല്‍ക്കത്ത, ഫലം ബ്ലാസ്റ്റേഴ്‌സിന് പ്രസക്തമല്ല

25.02.18 പുനെസിറ്റി – ഗോവ , മത്സരത്തില്‍ ഗോവ ജയിക്കാന്‍ പാടില്ല

25.02.18 ജംഷഡ്പൂര്‍ – ബംഗലൂരു , ജംഷഡ്പൂര്‍ ജയിക്കാന്‍ പാടില്ല

27.02.18 ഡല്‍ഹി – മുംബൈ സിറ്റി , മുംബൈ ജയിക്കരുത്

28.02.18 ഗോവ – കൊല്‍ക്കത്ത , ഗോവ ജയിക്കരുത്

01.03.18 ബംഗലൂരു – കേരള ബ്ലാസ്‌റ്റേഴ്‌സ്, ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചേ മതിയാകു

02.03.18 ഡല്‍ഹി – പുണെ, മത്സരഫലം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ല

03.03.18 ചെന്നൈയ്ന്‍ – മുംബൈ, ചെന്നൈയ്ന്‍ ജയിക്കണം

04.03.18 ജംഷഡ്പൂര്‍ – ഗോവ, മത്സരം സമനിലയിലായാല്‍ നല്ലത്

04.03.18 കൊല്‍ക്കത്ത – നോര്‍ത്ത് ഈസ്റ്റ്, മത്സരം ഫലം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News