ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി; പൊലീസ് അന്വേഷണം ഫലപ്രദം; കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസില്‍ നിലവില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് അന്വേഷണം ഫലപ്രദമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.  ഷുഹൈബ് വധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തെ ന്യായീകരിക്കാനാവില്ല. കേസില്‍ അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നുണ്ട്. അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞുവെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് സമാധനം ആഗ്രഹിക്കുന്നു എന്ന വാദം അംഗീകരിക്കുന്നില്ലെന്നും കെ സുധാകരന്റെ കാര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here