കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുഖ്യവിവരാവകാശ കമീഷണര്‍; മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ യാത്രാചെലവ് 30 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവ്

ദില്ലി: നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ വിമാനയാത്രാചെലവ് 30 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു.

2014 മുതല്‍ 2017 വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് മോദി നടത്തിയ വിദേശയാത്രകളുടെ വിവരം വെളിപ്പെടുത്താനാണ് നിര്‍ദേശം. യാത്രാ ചെലവ് വെളിപ്പെടുത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വിദേശമന്ത്രാലയത്തിന്റെ വാദം മുഖ്യ വിവരാവകാശ കമീഷണര്‍ രാധാകൃഷ്ണമാതുര്‍ തള്ളി.

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ ബില്ലുകളുടെയും ഇന്‍വോയ്‌സുകളുടെയും വിശദാംശം തേടി മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കമ്മഡോര്‍ (റിട്ട.) ലോകേഷ് ബത്രയാണ് വിദേശമന്ത്രാലയത്തെ സമീപിച്ചത്.

വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാത്തതിനെ തുടര്‍ന്ന്് അദ്ദേഹം കേന്ദ്ര വിവരാവകാശ കമീഷന് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകള്‍ക്കും പണം ലഭിച്ചിട്ടുണ്ടോ? എത്ര ബില്ലുകള്‍ക്ക് ഇനിയും പണം ലഭിക്കാനുണ്ട്? ഏതെങ്കിലും ബില്ലുകള്‍ പിഎംഒയുടെയോ വിദേശമന്ത്രാലയത്തിന്റെയോ പരിഗണനയിലുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.

ദേശസുരക്ഷയുടെ പേരില്‍ യാത്രാചെലവ് പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും സ്വീകരിച്ച സേവനത്തിന് സമയബന്ധിതമായി പണമടയ്‌ക്കേണ്ടത് സേവനം സ്വീകരിച്ച വ്യക്തിയുടെ ബാധ്യതയാണെന്നും അതിന് രാജ്യസുരക്ഷയുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ വിശദാംശം വിവിധ ഫയലുകളിലും രേഖകളിലുമായി ചിതറിക്കിടക്കുകയാണെന്നും നിരവധി ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം അധ്വാനിച്ചാല്‍ മാത്രമേ എല്ലാ വിവരവും ക്രോഡീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വിദേശമന്ത്രാലയം പ്രതികരിച്ചു.

വിദേശമന്ത്രാലയം അടുത്തിടെ ഓഫീസ് മാറിയതിനാല്‍ ഫയലുകളും രേഖകളും പല സ്ഥലത്തായി ചിതറിക്കിടക്കുകയാണെന്നും അതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍പ്രയാസമാണെന്നും മന്ത്രാലയം നിലപാടെടുത്തു. എന്നാല്‍, കുടിശ്ശിക തീര്‍ക്കാന്‍ ബില്ലുകളും ഇന്‍വോയ്‌സുകളും എന്തായാലും ആവശ്യമുണ്ടല്ലോയെന്ന് വിവരാവകാശ കമീഷണര്‍ ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യക്ക് യാത്രാചെലവ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ബില്ലുകള്‍ പരിശോധിച്ചശേഷമാകും. കുടിശ്ശിക നല്‍കാനുണ്ടെങ്കില്‍ അത് തീര്‍ക്കുന്നതും ബില്ലുകള്‍ നോക്കിയാകും.

ഈ സാഹചര്യത്തില്‍ പ്രസ്തുത വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്നും മുഖ്യവിവരാവകാശ കമീഷണര്‍ ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here