മനുഷ്യജീവന്റെ മാന്യത കാക്കുന്ന ഈ ചുവടുവെയ്പ്പ് ഇന്ത്യയിലാദ്യം; കേരളത്തിന് അഭിനന്ദനവുമായി ഉലകനായകന്‍

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ യന്ത്രമനുഷ്യനെ രൂപപ്പെടുത്തിയ കേരളത്തെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ‘മനുഷ്യജീവനുകളുടെ മാന്യത കാക്കുന്ന ഇത്തരമൊരു ചുവടുവെയ്പ്പ് ഇന്ത്യയിലാദ്യമാണ്, കേരളത്തിന് അഭിനന്ദനം’ കമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ (ക്വിസ്) ആഭിമുഖ്യത്തില്‍ ജന്‍ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട് അപ് കമ്പനിയാണ് ബന്‍ഡിക്കൂട്ട് (പെരുച്ചാഴി) എന്ന യന്ത്രമനുഷ്യനെ വികസിപ്പിച്ചത്. ക്വിസിന്റെ മേല്‍നോട്ടത്തില്‍ ഏഴുമാസംകൊണ്ട്പദ്ധതി പൂര്‍ത്തീകരിച്ചു.

ജന്റോബോട്ടിക്സിലെ എം കെ വിമല്‍ഗോവിന്ദ്, അരുണ്‍ ജോര്‍ജ്, എം പി നിഖില്‍, കെ റഷീദ്, പി ജലീഷ്, അഫ്സല്‍ മുട്ടിക്കല്‍, ഇ ബി ശ്രീജിത് ബാബു, കെ സുജിത്, പി കെ വിഷ്ണു എന്നിവരാണ് ആശയം സാക്ഷാല്‍ക്കരിച്ചത്.

മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാത്ത രീതിയിലാണ് യന്ത്രമനുഷ്യനെ സൃഷ്ടിച്ചത്. തൊഴിലാളികള്‍ക്കുതന്നെ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മാണം.

ലോകത്തിന് മാതൃകയായ സാങ്കേതിക വിദ്യയിലാണ് ജലവിഭവവകുപ്പ് ‘ബന്‍ഡിക്കൂട്ട്’ യന്ത്രമനുഷ്യനെ രൂപപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ബന്‍ഡിക്കൂട്ടി’നെ നാടിന് സമര്‍പ്പിച്ചു.

കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയെയും അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ ഓര്‍മകളും ഈ കണ്ടുപിടിത്തത്തിന് ഊര്‍ജം പകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News