സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രന്‍; സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കാനം

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. പതിനേഴ് പുതുഖങ്ങളെ ഉള്‍പ്പെടുത്തി 96 അംഗകൗണ്‍സിലും സമ്മേളനം തിരഞ്ഞെടുത്തു. എംപി അച്ചുതന്‍, വാഴൂര്‍ സോമന്‍ തുടങ്ങിയവരെ ഒഴിവാക്കി. വിവാദമുയര്‍ത്തിയ ഒമ്പതംഗ കണ്‍ട്രോള്‍ കമ്മിഷനില്‍ ആറുപേര്‍ പുറത്തായി.

വിഭാഗീയത ചൂടുപിടിപ്പിച്ച സിപിഐ സംസ്ഥാനസമ്മേളനം കാനം രാജേന്ദ്രന്‍ തുടരണമെന്ന് തന്നെ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാനം രാജേന്ദ്രന്റെ പേര് നിര്‍ദേശിച്ചത്. ഇസ്മയില്‍ പക്ഷം മത്സരിക്കാനില്ലെന്നറിയിച്ചതോടെ പ്രഖ്യാപനമായി.

പതിനേഴ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് 96 അംഗ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്തനായ വാഴൂര്‍ സോമനുള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലകള്‍ നഷ്ടമായി. വിവാദമുയര്‍ത്തിയ ഒമ്പതംഗ കണ്‍ട്രോള്‍ കമ്മിഷനില്‍നിന്ന് ആറുപേരെയും മാറ്റിയാണ് കെഇ ഇസ്മയിലിനെ അനുനയിപ്പിച്ചത്.

ആരോപണങ്ങളുടെ കെട്ടായിമാറിയ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ പ്രതിനിധികള്‍ക്ക് നന്ദിപപറഞ്ഞാണ് ഇസ്മായില്‍ സമ്മേളനനഗരിയില്‍ നിന്നിറങ്ങിയത്. ബിജി മോള്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിച്ച് കൗണ്‍സിലില്‍ 30 ശതമാനം വനിതാപ്രാതിനിധ്യമുണ്ടാക്കാനും സമ്മേളനത്തിന് കഴിഞ്ഞു.

സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാനം പറഞ്ഞു.

കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ അസ്വാഭാവികതയില്ല. ഇത്തവണ ആറ് പുതുമുഖങ്ങള്‍ കമ്മീഷനിലേക്ക് എത്തിയപ്പോള്‍ മൂന്ന് പേരെ നിലനിര്‍ത്തുകയായിരുന്നു. അതില്‍ അസാധാരണമായി ഒന്നുമില്ല. പുതിയ ആള്‍ക്കാര്‍ക്ക് അവസരം കൊടുക്കേണ്ടതല്ലേയെന്നും കാനം ചോദിച്ചു.

വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ രണ്ടാംതവണയാണ് സിപിഐയുടെ അമരത്തെത്തുന്നത്.

1982 മുതല്‍ 91 വരെ നിയമസഭാംഗമായിരുന്ന കാനം എഐവൈഎഫ് സംസ്ഥാനസെക്രട്ടറി, എഐടിയുസി സംസ്ഥാന പ്രസിഡന്റ്, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News