മുന്‍ ധനമന്ത്രി പി ചിന്ദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റ കസ്റ്റഡി കാലാവധി സിബിഐ കോടതി 3 ദിവസത്തേയ്ക്ക് കൂടി നീട്ടി. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തെ കൂടുതല്‍ ദിവസം ചോദ്യം ചെയ്യണമെന്ന് സിബിഐ അറിയിച്ചു.

9 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി 3 ദിവസമായി കുറയ്ക്കുകയായിരുന്നു. കേസുകള്‍ കെട്ടിച്ചമച്ചതാണന്ന് കാര്‍ത്തി ചിദംബരം വാദിച്ചു.അതേ സമയം സിബിഐയും ആദായ നികുതി വകുപ്പും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഇക്കഴിഞ്ഞ 28നാണ് കാര്‍ത്തി ചിന്ദംബരത്തെ സിബിഐ അറസറ്റ് ചെയ്തത്. അച്ഛന്‍ പി.ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ സ്വാധീനം ഉപയോഗിച്ച് ഐ.എന്‍.എക്‌സ് മീഡിയ്ക്ക് അനധികൃതമായി വിദേശ ഫണ്ട് തരപ്പെടുത്തി കൊടുത്തെന്നാണ് കേസ്. ഈ കേസുകളെല്ലാം രാഷ്ട്രിയ വേട്ടയാടലിന്റെ ഭാഗമെന്ന് ചൂണ്ടികാട്ടിയാണ് കാര്‍ത്തി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസുകള്‍ അടിയന്തരമായി തള്ളാന്‍ കോടതി തയ്യാറായില്ല.

ഇതിന് പിന്നാലെ കാര്‍ത്തി ചിദംബരത്തെ ദില്ലി പട്യാല കോടതിയില്‍ സിബിഐ ഹാജരാക്കി. ചോദ്യം ചെയ്യാന്‍ 9 ദിവസം കൂടി കാര്‍ത്തി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് ദിവസമായി കാര്‍ത്തിയെ ചോദ്യം ചെയ്യുകയാണ് സിബിഐ. എന്നാല്‍ 9 ദിവസം എന്ന ആവശ്യം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചില്ല.

പകരം മൂന്ന് ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി നല്‍കി. കേസുകള്‍ എല്ലാം കെട്ടിച്ചമച്ചതാണന്ന് കാര്‍ത്തി ചിദംബരം വാദിച്ചു. വാദം കേള്‍ക്കാന്‍ അച്ഛന്‍ പി.ചിദംബരവും കോടതിയിലെത്തിയിരുന്നു. പി.ചിദംബരം ധനമന്ത്രിയായിരക്കെ ചട്ടങ്ങളില്‍ ഇളവ് വരുത്തി കാര്‍ത്തി ചിദംബരം ഐ.എന്‍എക്‌സ് മീഡിയയ്ക്ക് അനധികൃതമായി വിദേശ ഫണ്ട് തരപ്പെടുത്തി നല്‍കിയെന്നാണ് കേസ്.