ഒരു ഫാസിസ്റ്റിനും തകർക്കാനാകാത്ത ഒരു ലെനിൻ പ്രതിമയുണ്ട് കേരളത്തിന്; മലയാളം ഉള്ളിടത്തോളം കാലം അതു നിലനില്ക്കുകയും ചെയ്യും

ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെടുമ്പോ‍ഴും സംസ്കാരത്തിന്റെ ശത്രുക്കൾക്കു കൈയെത്താത്ത ഉയരത്തിൽ അക്ഷരചരിത്രത്തിൽ നില്ക്കുകയാണ് കേരളം തീർത്ത ലെനിൻ പ്രതിമ. “ഇന്ത്യയോര്‍ക്കും ലെനിനെ; മനുഷ്യന്‍റെ കണ്ണില്‍ ബാഷ്പം നിറയുമ്പൊഴൊക്കെയും” എന്നു തുടങ്ങുന്ന വയലാർ രാമവർമ്മയുടെ ആറ് ഈരടികൾ:

“ഇന്ത്യയോര്‍ക്കും ലെനിനെ; മനുഷ്യന്‍റെ കണ്ണില്‍

ബാഷ്പം നിറയുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;വിലങ്ങുകള്‍

വന്നു കൈകളില്‍ വീഴുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;പടിഞ്ഞാറു

ഗന്ധകപ്പുക പൊങ്ങുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;വിയറ്റ്‌നാമില്‍

നിന്നു ഗദ്ഗദം കേള്‍ക്കുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;സയന്‍സിന്റെ

യന്ത്രപക്ഷി പറക്കുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;മനുഷ്യന്‍റെ

മുന്നില്‍ ദൈവം മരിക്കുമ്പൊഴൊക്കെയും”

വ്ലാദിമിർ ഇല്ലിച്ച് ലെനിന്റെ ശതാബ്ദിക്ക് – 1970ൽ- വയലാർ എ‍ഴുതിയ കവിതയിലാണ് ഈ വരികളുള്ളത്. വെളിച്ചമേ, നയിക്കൂ എന്ന ശീർഷകത്തിലായിരുന്നു വയലാറിന്റെ കവിത. ലോകത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വലതുപക്ഷരാജ്യത്തെ ഒരു സംസ്ഥാനത്ത് വോട്ടെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയ ഒരു ജനതയ്ക്ക്, ലോക ചരിത്രത്തിലാദ്യമായി ഒരു ജനതയെ വിമോചിപ്പിച്ച കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ നായകനോടുള്ള ബഹുമാനാദരങ്ങൾ നിറഞ്ഞു വ‍ഴിയുന്നതാണ് ആ വയലാർക്കവിത:

“വിശ്വമാകെ വെളിച്ചം വിടര്‍ത്തുന്ന

വിപ്ലവത്തിന്റെ രക്ത നക്ഷത്രമേ

റഷ്യ, രാജ്യാന്തരങ്ങളെ ചൂടിച്ച

പുഷ്യരാഗ സ്വയംപ്രഭാ രത്നമേ

കാലസാഗരം വിപ്ലവത്തിന്‍ കൊടും-

കാറ്റുകൊണ്ട് മനുഷ്യന്‍ കടഞ്ഞനാള്‍

നീയുദിച്ചു യുഗചക്രവാളത്തില്‍ നീയുദിച്ചി-

തൊരഗ്നി സ്പുലിംഗമായ്

ആ ലെനിന്‍റെ രഥപതാകക്കുമേല്‍

ആദ്യമായ് കണ്ടു നിന്‍റെ മന്ദസ്മിതം

ആ ലെനിന്‍റെ പടകുടീരത്തില്‍ നി-

ന്നാദ്യമായ് കേട്ടു നിന്‍റെ ധീര സ്വരം

“വെട്ടിമാറ്റുകീ ചങ്ങലകള്‍ ,-പട-

വെട്ടി നേടുക വിശ്വ സമ്പത്തുകള്‍”

വിഗ്രഹങ്ങള്‍ തകര്‍ന്ന നാള്‍, മര്‍ദ്ദിത-

വര്‍ഗ്ഗ ശക്തിയൊരു യുഗം തീര്‍ത്തനാള്‍

ക്രെംലിനിലെ തൊഴിലാളി, മാനവ-

ധര്‍മ്മ ശക്തി തിരുത്തി ക്കുറിച്ചനാള്‍

ആ യുഗത്തിന്‍റെ ആദ്യ പ്രഭാതത്തില്‍

വോള്‍ഗയില്‍ കുളിച്ചെത്തിയ തെന്നലില്‍

ആ ലെനിന്‍റെ മിഴികളില്‍, സംക്രമ-

ജ്വാലയായി നീ രക്ത നക്ഷത്രമേ

ദിങ്മുഖങ്ങള്‍ ചുവന്നൂ; പുതിയൊരു

കര്‍മ്മശക്തി തുറന്നു നീ ഭൂമിയില്‍

മാര്‍ക്സിസത്തിന്റെ വീഥി, യുഗതത്വ-

ശാസ്ത്രവീഥി;- നയിക്കൂ വെളിച്ചമേ !

നല്‍ പ്രകാശം വലിച്ചു കുടിക്കുവാന്‍

നിന്‍ വികാരം ഞരമ്പില്‍ കൊളുത്തുവാന്‍

നിന്നെ ഞങ്ങള്‍ക്കു കാണിച്ചുതന്നൊരാ

ധന്യ ജീവിതം മാതൃകയാക്കുവാന്‍

ആ കരങ്ങള്‍ പിടിച്ച കൊടിയുമായ്

ആ സ്മരണകള്‍ തന്ന പൂച്ചെണ്ടുമായ്

ഇശ്ശതാബ്ദിതന്‍ പൂമുഖത്തിങ്കല്‍നി-

ന്നിന്ത്യ വീണ്ടും പുതുക്കും പ്രതിജ്ഞകള്‍

“ഇന്ത്യയോര്‍ക്കും ലെനിനെ; മനുഷ്യന്‍റെ കണ്ണില്‍

ബാഷ്പം നിറയുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;വിലങ്ങുകള്‍

വന്നു കൈകളില്‍ വീഴുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;പടിഞ്ഞാറു

ഗന്ധകപ്പുക പൊങ്ങുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;വിയറ്റ്‌നാമില്‍

നിന്നു ഗദ്ഗദം കേള്‍ക്കുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;സയന്‍സിന്റെ

യന്ത്രപക്ഷി പറക്കുമ്പൊഴൊക്കെയും

ഇന്ത്യയോര്‍ക്കും ലെനിനെ;മനുഷ്യന്‍റെ

മുന്നില്‍ ദൈവം മരിക്കുമ്പൊഴൊക്കെയും”

വിശ്വമാകെയുണര്‍ത്തു,മൊക്ടോബര്‍

വിപ്ലവത്തിന്‍റെ രക്ത നക്ഷത്രമേ

റഷ്യ, രാജ്യാന്തരങ്ങളെ ചൂടിച്ച

പുഷ്യരാഗ സ്വയംപ്രഭാ രത്നമേ

നിന്നില്‍ നിന്നു കൊളുത്തിയെടുത്തതാ-

ണെന്നിലിന്നുള്ള തീയും വെളിച്ചവും!

നിന്നില്‍ നിന്ന് പകര്‍ന്നു നിറച്ചതാ-

ണെന്നിലിന്നുള്ള രാഗവും താളവും!”

ത്രിപുരയിൽ ലെനിന്റെ പ്രതിമ ഇടിച്ചു വീ‍ഴ്ത്തി അല്പബുദ്ധികൾ വിജയമാഘോഷിക്കുമ്പോൾ കേരളത്തിന്റെ ഓർമ്മകളിൽ ഈ കവിതയും നിറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News