പ്രതിരോധത്തിന്റെ കാവ്യലോകം തുറന്ന് കവിതയുടെ കാര്‍ണിവലിന് തുടക്കം

പട്ടാമ്പി: പട്ടാമ്പിയില്‍ കവിതയുടെ ഉത്സവത്തിന് തുടക്കം.

രാഘവന്‍ വായന്നുര്‍ ഉണര്‍ത്തുപാട്ടു പാടിയാണ് പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം പതിപ്പിനു തുടക്കമായത്. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്ന പ്രമേയത്തിലാണ് ഇക്കുറി കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്‌കാരം സംരക്ഷിക്കുന്നെന്നു പറഞ്ഞ് രാജ്യത്തെ പഴമയിലേക്കു തള്ളി വിടാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കന്നഡ നാടകസംവിധായകനും ഗാന്ധിയനുമായ പ്രസന്ന പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമെല്ലാം വലതുപക്ഷ രാഷ്ട്രീയം ചെയ്യുന്നത് ഒരേ കാര്യമാണ്. യന്ത്രവല്‍കരണത്തിലൂടെ പുരോഗമനം കൊണ്ടുവരുമെന്ന് പറയുന്നവര്‍ സംസ്‌കാരത്തെ സംരക്ഷിക്കണമെന്ന് പറയുന്നത് പുരോഗമനപരമായ എല്ലാ മുന്നേറ്റങ്ങളെയും തിരസ്‌കരിച്ചുകൊണ്ടാണ്.

പഴമയില്‍തന്നെ തളച്ചുനിര്‍ത്താനാണ് സംസ്‌കാര സംരക്ഷണത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതെന്നും പ്രസന്ന പറഞ്ഞു.

ഇന്ത്യയില്‍ മോദിക്കാലത്തു സംഭവിക്കുന്നത് ജര്‍മനിയില്‍ ഹിറ്റ്‌ലറിന്റെ കാലത്തു സംഭവിച്ചതുതന്നെയാണെന്നു ചടങ്ങില്‍ ഉദ്ഘാടന ഭാഷണം നടത്തിയ പ്രശസ്ത ക്യൂറേറ്ററും ഫൊട്ടോഗ്രാഫറുമായ റാം റഹ്മാന്‍ പറഞ്ഞു.

ഇന്ത്യയില്‍ ദല്‍തുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായ സംഭവങ്ങള്‍ ഹിറ്റ്‌ലറിന്റെ കാലത്തു നടന്നതാണ്. പുരോഗമന പക്ഷം എല്ലാ വെല്ലുവിളികളെയും ചെറുത്തു ശക്തമായി നില്‍ക്കുകമാത്രമാണ് പോംവഴിയെന്നും റാം റഹ്മാന്‍ പറഞ്ഞു.

കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ ഡോ. എച്ച് കെ സന്തോഷ് കാര്‍ണിവല്‍ പരിപ്രേഷ്യം അവതരിപ്പിച്ചു. കല്‍ക്കി സുബ്രഹ്മണ്യം, കെ സഹദേവന്‍, പി പി പ്രകാശന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീല എന്നിവര്‍ പങ്കെടുത്തു. നാടന്‍ പാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രത്തെക്കുറിച്ച് എന്‍ പ്രഭാകരന്‍ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here