നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യം

യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. തനിക്കെതിരായ തെളിവുകളുടെയെല്ലാം പകര്‍പ്പ് ലഭിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.

ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് മുന്‍പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു . ദിലീപിന്റെയും പോലീസിന്റെയും വാദങ്ങള്‍ കേട്ട ശേഷം അങ്കമാലി കോടതി ആവശ്യം നിരസിക്കുകയായിരുന്നു . ദിലീപ് ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത് ഇരയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ദിലീപിന് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് നിലപാട് സ്വീകരിച്ചു.

മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അവസരമൊരുക്കിയിരുന്നു . ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നതായും ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ കൈവശമുള്ള മറ്റ് തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും ദിലീപ് വാദിക്കുന്നു . നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു സ്ത്രീ ശബ്ദം ദൃശ്യങ്ങളിലുണ്ടെന്നും , നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിലേതാണ് ദൃശ്യങ്ങളെന്നുമാണ് ദിലീപിന്റെ മറ്റൊരു വാദം.
എന്നാല്‍ പോലീസ് വാദങ്ങള്‍ അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ആവശ്യം തള്ളി. ഇതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത് .

ദൃശ്യങ്ങള്‍ കിട്ടാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി.
ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും . നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 14 ന് സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. വിചാരണ ആരംഭിക്കുന്നത് നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട ആറ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ , ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ , മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പോലീസ് ദിലീപിന് കൈമാറിയിരുന്നു . എന്നാല്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തന്നെ വേണം എന്ന നിലപാടിലാണ് ദിലീപ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News