ബിജെപിയുടെ പരാജയം പ്രഥമലക്ഷ്യം

കഴിഞ്ഞ 25 കൊല്ലക്കാലം പാര്‍ടി സ്വീകരിച്ച രാഷ്ട്രീയ അടവുനയങ്ങളുടെ അനുഭവങ്ങള്‍ കഴിഞ്ഞ 21ാം പാര്‍ടി കോണ്‍ഗ്രസ് വിമര്‍ശനപരമായി വിലയിരുത്തി. കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ടിയും മറ്റ് ഇടതുകക്ഷികളും എന്തുകൊണ്ട് വളരുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ പരിശോധന.

1990നു ശേഷമുള്ള 25 കൊല്ലക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സംഭവബഹുലമായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണവും പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ ഭരണവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണവും പിന്നീട് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണവും ഇക്കാലത്ത് മാറിമാറിവന്നു. ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമാണ്. ഇക്കാലത്ത് കോണ്‍ഗ്രസ് പൊതുവില്‍ ദുര്‍ബലമായി.

പ്രാദേശിക രാഷ്ട്രീയകക്ഷികളും വര്‍ഗീയകക്ഷിയായ ബിജെപിയും കരുത്താര്‍ജിച്ചു. എന്നാല്‍, കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ടി അടക്കമുള്ള ഇടതുപക്ഷകക്ഷികള്‍ ഇക്കാലത്ത് ശക്തിപ്പെട്ടില്ലെന്ന് മാത്രമല്ല, ദുര്‍ബലപ്പെടുകയാണ് ഉണ്ടായത്. അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ രാഷ്ട്രീയ നയസമീപനങ്ങള്‍ക്ക് എന്ത് പങ്കാണുള്ളതെന്നാണ് കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസ് പരിശോധിച്ച ഒരു വിഷയം.

1989ല്‍ നടന്ന 13ാം കോണ്‍ഗ്രസ് മുതല്‍ പാര്‍ടി തുടര്‍ച്ചയായി അംഗീകരിച്ച രാഷ്ട്രീയ അടവുനയങ്ങള്‍ അതത് സാഹചര്യങ്ങളെ നേരിടുന്നതിനുള്ള അടവുകളും ഉപായങ്ങളും രൂപപ്പെടുത്തുന്നതിനും അടിയന്തര ഭീഷണയെ നേരിടുന്നതിനും സഹായിച്ചു.

കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പോരാടാനും രാജീവ്ഗാന്ധി ഗവണ്‍മെന്റിനെയും പിന്നീട് നരസിംഹറാവു ഗവണ്‍മെന്റിനെയും പരാജയപ്പെടുത്താനുള്ള സമീപനങ്ങള്‍ രൂപപ്പെടുത്താനും രാഷ്ട്രീയ അടവുനയം നമ്മെ പ്രാപ്തരാക്കി.

കോണ്‍ഗ്രസിതര മതനിരപേക്ഷകക്ഷികളെ അണിനിരത്തി 1996ല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാനും കഴിഞ്ഞു. പിന്നീട് 2004ല്‍ ബിജെപിഎന്‍ഡിഎ ഗവണ്‍മെന്റിനെ പരാജയപ്പെടുത്തുന്നതിന് രാഷ്ട്രീയ അടവുനയം വ്യക്തമായ ദിശാബോധം നല്‍കി.

കാലാകാലങ്ങളില്‍ സ്വീകരിച്ച അടവുനയങ്ങള്‍ സമകാലിക സ്ഥിതിയെ നേരിടാനും അടിയന്തരഭീഷണിയെ എതിരിടാനും പറ്റിയ തെരഞ്ഞെടുപ്പ് അടവുകളും പാര്‍ലമെന്ററി ഉപായങ്ങളും ആവിഷ്‌കരിക്കാന്‍ സഹായിച്ചു. എന്നാല്‍, പാര്‍ടിയുടെ സ്വതന്ത്രമായ വളര്‍ച്ചയും ഇടതുപക്ഷ ജനാധിപത്യശക്തികള്‍ കരുത്താര്‍ജിക്കുന്നതും ഇക്കാലത്ത് സംഭവിച്ചില്ല.

ഇക്കാലമത്രയും കോണ്‍ഗ്രസ്, ബിജെപി എന്നീ രണ്ട് പ്രധാന ഭരണവര്‍ഗപാര്‍ടികള്‍ക്ക് ചുറ്റുമായി രാഷ്ട്രീയശക്തികളുടെ ബലാബലം തളയ്ക്കപ്പെട്ടിരിക്കുകയാണ്. ബിജെപിയെ 1996ല്‍ അധികാരം നേടുന്നതില്‍നിന്നും അകറ്റിനിര്‍ത്തിയെങ്കിലും 1998ലും 1999ലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

2004ല്‍ ബിജെപിഎന്‍ഡിഎയുടെ പരാജയത്തെത്തുടര്‍ന്ന് പത്തുവര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം വന്നു. എന്നാല്‍, 2014ല്‍ കൂടുതല്‍ ശക്തിയോടെ ബിജെപി തിരിച്ചെത്തി. തനതുശക്തി വര്‍ധിപ്പിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ മുന്നേറ്റം ഉണ്ടാക്കുന്നതിനും സിപിഐഎമ്മിന് കഴിയാതെ വന്നുവെന്നതാണ് ഈ രാഷ്ട്രീയസംഭവങ്ങള്‍ എടുത്തുകാട്ടുന്നത്.

പാര്‍ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശക്തിയുള്ള പ്രാദേശിക കക്ഷികളുമായി ഉണ്ടാക്കിയ സഖ്യം ഇടതുജനാധിപത്യ പരിപാടി ഉയര്‍ത്തിക്കാണിക്കുന്നതിനെ തടസ്സപ്പെടുത്തി. ഇടതുരാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിലുള്ള മുന്നണി നിലനില്‍ക്കുന്ന, പാര്‍ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ശക്തി കുറഞ്ഞ ബൂര്‍ഷ്വാ പാര്‍ടികളുമായി ഉണ്ടാക്കുന്ന ബന്ധം ഇടതുജനാധിപത്യ പരിപാടി ഉയര്‍ത്തിക്കാട്ടുന്നതിന് തടസ്സമാകുന്നില്ല.

ചില സന്ദര്‍ഭങ്ങളില്‍ ബിജെപിക്കെതിരെ ഇടതുജനാധിപത്യ മതനിരപേക്ഷശക്തികളെ അണിനിരത്തുകയും അവയുടെ ഐക്യം ഊട്ടിയുണ്ടാക്കുകയും ചെയ്യുകയെന്നത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുകയെന്ന മനോഭാവത്തിലേക്കെത്തി.

ഇത് 2004ല്‍ നടന്ന ആന്ധ്ര തെരഞ്ഞെടുപ്പിലും പിന്നീട് ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയായി പരിണമിച്ചു. നമ്മുടെ സമരത്തിന്റെ മുഖ്യദിശ ബിജെപിക്കെതിരാണെങ്കിലും കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ പാടില്ലെന്നും 2002ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന 17ാം കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ടു.

ഇതിന്റെ ഫലമായി ഇടതുജനാധിപത്യപരിപാടി ഉയര്‍ത്തിക്കാട്ടുന്നതിന് വൈഷമ്യങ്ങളുണ്ടായി. പാര്‍ടിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. പാര്‍ടിയുടെ സ്വതന്ത്രശക്തിയും മറ്റ് ഇടതുപക്ഷകക്ഷികളുടെ ശക്തിയും വളരാതിരുന്നതിന്റെ മുഖ്യകാരണങ്ങള്‍ ഇവയായിരുന്നു.

പത്താം കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചതുപോലെ ബൂര്‍ഷ്വഭൂപ്രഭു പാര്‍ടികളുടെ പരിപാടിക്കും പ്രയോഗത്തിനും തീര്‍ത്തും എതിരും വ്യതിരിക്തവുമായ രാഷ്ട്രീയ സാമ്പത്തികപരിപാടി നേടിയെടുക്കാന്‍ ബഹുജനങ്ങളെ നയിച്ചുകൊണ്ട് ബൂര്‍ഷ്വഭൂപ്രഭു പാര്‍ടികളില്‍നിന്ന് അവരെ അകറ്റിമാറ്റാനും ഒരു ബദല്‍ നേതൃത്വത്തിനു ചുറ്റും ബഹുജനങ്ങളെ വര്‍ധിച്ച തോതില്‍ അണിനിരത്തുമ്പോഴുമാണ് ഇടതുപക്ഷ ജനാധിപത്യശക്തികള്‍ കരുത്താര്‍ജിക്കുന്നത്.

ബൂര്‍ഷ്വഭൂപ്രഭുവര്‍ഗം രാഷ്ട്രീയമായി ദുര്‍ബലപ്പെടുന്നത്. കഴിഞ്ഞകാലത്ത് ഈ കടമ നിര്‍വഹിക്കുന്നതില്‍ പോരായ്മകള്‍ സംഭവിച്ചു.

രാഷ്ട്രീയ അടവ് സമീപനങ്ങളുടെ 25 കൊല്ലത്തെ അവലോകനത്തെതുടര്‍ന്ന് 21ാം കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്ന കടമയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചു. പാര്‍ടിയുടെ സ്വതന്ത്ര പങ്ക് മെച്ചപ്പെടുത്താനും അതിന്റെ ശക്തിയും ബഹുജന അടിത്തറ വികസിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്നും നിശ്ചയിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്ന കടമയ്ക്ക് കീഴ്‌പ്പെടുന്നതായിരിക്കണം തെരഞ്ഞെടുപ്പ് അടവുനയമെന്നും 21ാം കോണ്‍ഗ്രസ് എടുത്തുപറഞ്ഞു. സമകാലിക സംഭവ വികാസങ്ങളെ നേരിടുന്നതിന് സ്വീകരിക്കുന്ന രാഷ്ട്രീയസമീപനങ്ങള്‍ പാര്‍ടിയുടെയും ഇടതുജനാധിപത്യശക്തികളുടെയും കരുത്ത് വളര്‍ത്തണമെന്ന താല്‍പ്പര്യവുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും അതിന് വിധേയമായിരിക്കണമെന്നും 21ാം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവം സംബന്ധിച്ച പാര്‍ടി പരിപാടിയിലെ വിലയിരുത്തലിന്റെയും പാര്‍ടിയുടെ രാഷ്ട്രീയ അടവുനയം നടപ്പാക്കിയതു സംബന്ധിച്ച് 21ാം കോണ്‍ഗ്രസ് നടത്തിയ വിമര്‍ശനപരമായ അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കരട് രാഷ്ട്രീയപ്രമേയത്തിലെ രാഷ്ട്രീയനയത്തിനും തെരഞ്ഞെടുപ്പ് അടവിനും രൂപംനല്‍കിയതെന്നും നേരത്തെ പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്.

കോണ്‍ഗ്രസുമായി ധാരണയും സഖ്യവും ഉണ്ടാക്കിയാല്‍ ജനവിരുദ്ധമായ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെയും സാമ്രാജ്യത്വ അനുകൂല നയങ്ങളെയും ബൂര്‍ഷ്വഭൂപ്രഭുവര്‍ഗ മേധാവിത്വത്തിന്റെ സഹജ സ്വഭാവമായ അമിതാധികാരപ്രവണതയെയും എതിര്‍ക്കാനും തുറന്നുകാട്ടാനും കഴിയാതെ വരുന്നു.

ബിജെപിയും കോണ്‍ഗ്രസും പിന്തുടരുന്ന ഇത്തരം ജനവിരുദ്ധനയങ്ങളെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയനയങ്ങളെയും തുറന്നുകാട്ടുകയും എതിര്‍ക്കുകയും ചെയ്യേണ്ടത് ഇടതുജനാധിപത്യബദല്‍ ഉയര്‍ത്തുന്നതിനും ജനങ്ങളെ അണിനിരത്തുന്നതിനും സിപിഐ എം അടക്കമുള്ള ഇടതുകക്ഷികള്‍ ശക്തിപ്പെടുന്നതിനും ആവശ്യമാണ്. പ്രധാനപ്പെട്ട ഈ ദൗത്യം അടിയറവയ്ക്കാതെ ബിജെപി വിരുദ്ധവോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാന്‍ കഴിയുമെന്ന് പാര്‍ടി കരുതുന്നു.

എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തിക്കൊണ്ട് ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യകടമ എന്നും എന്നാല്‍, ഇതുചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ടിയുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കിക്കൊണ്ടായിരിക്കരുതെന്ന് കരട് രാഷ്ട്രീയപ്രമേയം നിര്‍ദേശിക്കുന്നത് അതുകൊണ്ടാണ്.

തെരഞ്ഞെടുപ്പില്‍ പാര്‍ടിയും ഇടതുപക്ഷകക്ഷികളും തങ്ങള്‍ക്ക് താരതമ്യേന ശക്തിയുള്ള പ്രദേശങ്ങളില്‍ മാത്രം മത്സരിച്ചാല്‍ മതിയാകും.

മറ്റു നിയോജകമണ്ഡലങ്ങളില്‍ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താന്‍ കഴിയുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതരകക്ഷികള്‍ ആരാണോ അവയ്ക്ക് വോട്ടുചെയ്യും. പാര്‍ടിയും ഇടതുപക്ഷകക്ഷികളും തങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയപ്രചാരണം നടത്തും.

ബിജെപിയെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ശക്തിയായി പ്രചരിപ്പിക്കും. ഇതോടൊപ്പം ബൂര്‍ഷ്വഭൂപ്രഭുവര്‍ഗ നയങ്ങളെ തുറന്നുകാട്ടുകയും ഇടതുജനാധിപത്യബദല്‍ ഉയര്‍ത്തുകയും ചെയ്യും. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കിയാല്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള ഇടതുകക്ഷികളുടെ സ്വാതന്ത്ര്യം അടിയറവയ്ക്കപ്പെടും.

നമ്മുടെ പ്രചാരണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും. ബൂര്‍ഷ്വഭൂപ്രഭു നയങ്ങളെ തുറന്നുകാട്ടാനും എതിര്‍ക്കാനുമുള്ള ഇടതുകക്ഷികളുടെ സ്വാതന്ത്ര്യവും അവകാശവും കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കി അടിയറവയ്ക്കണമെന്നാണ് ഡി രാജ അഭിപ്രായപ്പെടുന്നത്. ഇടതുജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം അത്തരം സമീപനം ആത്മഹത്യാപരമായിരിക്കും.

ത്രിപുര തെരഞ്ഞെടുപ്പുഫലങ്ങളില്‍നിന്നും പാഠങ്ങള്‍ പഠിക്കണമെന്നും പഠിക്കേണ്ട ഒരു പാഠം കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയാണെന്നും ത്രിപുര തെരഞ്ഞെടുപ്പിനുശേഷം ഡി രാജ പ്രസ്താവിക്കുകയുണ്ടായി.

ത്രിപുരയില്‍ കോണ്‍ഗ്രസ് മൊത്തമായി ബിജെപിയായി മാറുകയാണ് ചെയ്തത്. ത്രിപുരയില്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു എന്ന് ഡി രാജയ്ക്ക് പറയാന്‍ കഴിയില്ല. ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുക്കാന്‍ നേതൃത്വത്തെയോ അണികളെയോ കോണ്‍ഗ്രസ് പഠിപ്പിക്കുന്നില്ല.

അതുകൊണ്ടാണ് മൊത്തമായി കോണ്‍ഗ്രസ് ബിജെപിയായി മാറുന്നത്. ത്രിപുരയില്‍ സംഭവിച്ചതുതന്നെയാണ് മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കന്മാരും അണികളും ബിജെപിയിലേക്ക് കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

2004നു ശേഷമുള്ള പത്തുകൊല്ലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ ഭരണമാണ് 2014ല്‍ ബിജെപിയെ അധികാരത്തിലേറ്റിയതെന്ന കാര്യം ഡി രാജ വിസ്മരിച്ചിരിക്കുന്നു.

ഇടതുജനാധിപത്യശക്തികളുടെ വളര്‍ച്ചയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള സമീപനമാണ് ഇടതുകക്ഷികള്‍ എക്കാലത്തും സ്വീകരിക്കേണ്ടത്. രാജ്യത്താകെ വിവിധ വിഭാഗം ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും പിന്തുടരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളോടുള്ള അസംതൃപ്തിയെയും എതിര്‍പ്പിനെയുമാണ് പ്രകടിപ്പിക്കുന്നതെന്നും വിസ്മരിക്കരുത്. ഈ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഉപകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ഇടതുപക്ഷകക്ഷികള്‍ സ്വീകരിക്കേണ്ടതെന്നും സിപിഐ എം കരുതുന്നു.

വര്‍ഗീയതയ്‌ക്കെതിരായ സമരം വിജയിക്കുന്നത് ജനവിരുദ്ധ നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരായി പോരാടുന്ന ബഹുജനങ്ങളെ അണിനിരത്താന്‍ കഴിയുമ്പോഴാണ്. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം അതിനെയും തടസ്സപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News