“എന്തുചെയ്തു പണ്ടുതൊട്ടു പൂർവ്വികർ മുതൽക്കവർ? ഉ‍ഴുതിടാതെ, വിത്തിടാതെ, കൊയ്തിടാതെ ഉണ്ടു”; . 147 കൊല്ലം മുമ്പ് ലോകചരിത്രത്തെ ത്രസിപ്പിച്ച ചോദ്യവും ഉത്തരവും ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കമാകുന്നു

“എന്തുചെയ്തു പണ്ടുതൊട്ടു പൂർവ്വികർ മുതൽക്കവർ? ഉ‍ഴുതിടാതെ, വിത്തിടാതെ, കൊയ്തിടാതെ ഉണ്ടു.” ഒരു ലക്ഷം കർഷകർ ചെങ്കൊടിയുമായി മഹാരാഷ്ട്ര നിയമസഭാ മന്ദിരം വളയുമ്പോൾ രാഷ്ട്രീയ ഇന്ത്യ കേൾക്കുന്ന ചോദ്യവും ഉത്തരവും അതായിരിക്കും.

സാർവ്വദേശീയഗാനത്തിലെ വരികളാണത്. 147 കൊല്ലം മുമ്പ് ലോകചരിത്രത്തിലാദ്യമായി നിസ്വരുടെ ഭരണം സ്ഥാപിച്ച പാരീസ് കമ്യൂൺ ലോകത്തിനു നൽകിയ ചോദ്യവും ഉത്തരവും.

കമ്യൂണിസ്റ്റുകാരുടെ ലോകഗീതമാണ് സാർവ്വദേശീയഗാനം. പാരീസ് കമ്യൂണിന്റെ നേതാവു കൂടിയായിരുന്ന യൂജിൻ പോത്തിയർ രചിച്ച ആ ഗീതത്തിന്റെ നാലാം ഖണ്ഡത്തിലാണ് ആ ചോദ്യവും ഉത്തരവും ഉള്ളത്.

“നിങ്ങളും നിങ്ങളുടെ പൂർവ്വികരും പണിയെടുത്തിട്ടുണ്ടോ” എന്ന് ആ വരികൾ ലോകമെമ്പാടുമുള്ള ചൂഷകരോടു ചോദിക്കുന്നു. അവ ഉത്തരവും പറയുന്നു, “എക്കാലത്തും ഉ‍ഴാതെയും വിതയ്ക്കാതെയും കൊയ്യാതെയും ഉണ്ണുകയാണ്ചൂഷകർ.”

ആ ചോദ്യവും ഉത്തരവും ഉദ്ഘോഷിച്ചുകൊണ്ടാണ് മഹാരാഷ്ട്രയുടെ വയലേലകളിൽ പണിയെടുത്ത് ആത്മഹത്യമാത്രം മുന്നിലുള്ള ഗതിയിലേയ്ക്കെത്തിയ പാവങ്ങൾ മുംബൈയിലേയ്ക്ക് മാർച്ച് ചെയ്തെത്തിയത്. ഒരു കൊടിയും പേറാതെ നടന്നോർ. പല കൊടികൾക്കും പിമ്പേ നടന്നോരും. ഇപ്പോൾ, ചെങ്കൊടിയും കൈയിലെടുത്തുള്ള അവരുടെ മാർച്ച് ചരിത്രത്തെ ഓർമ്മകളിലാ‍ഴ്ത്തും. ആ ഓർമ്മകളിലിരമ്പുക ചൂഷകർ രക്തത്തിൽ മുക്കിക്കൊന്ന പാരീസ് കമ്യൂൺ ലോകത്തിനു നൽകിയ പ്രക്ഷോഭത്തിന്റെയും പ്രത്യാശയുടെയും ഗാഥയായ സാർവ്വദേശീയഗാനമാണ്:

i

“ഉണരുവിൻ ഉണരുവിൻ ഉണരുവിൻ

ഉണരുവിൻ പട്ടിണിയുടെ ബന്ദികളേ ഉണരുവിൻ

ഉണരുവിൻ മന്നിതിലെ നിന്ദിതരേ ഉണരുവിൻ

ഇടിമു‍ഴക്കി നിൽപ്പു ന്യായം അഗ്നിപർവ്വതങ്ങളിൽ

ഒരു യുഗം ക‍ഴിഞ്ഞതിൻ ഉരുളുപൊട്ടൽ മലകളിൽ

ഇവിടെ നാം കുറിക്കുക പുതിയ ചുവരെ‍ഴുത്തുകൾ

ഉണരുവിൻ അടിമകളേ അടിമകളേ ഉണരുവിൻ

അസ്ഥിവാരമാകെ മാറി – മാറിമറിയും ഉലകിനി

അനാഥരേ വരൂ, വരൂ, നാഥരാകുവാൻ വരൂ.

സമരം, അന്ത്യസമരമായ്

നിരകൾ തീർത്തു നിൽക്ക നാം

പിറവിനേടും നമ്മിൽനിന്നു

പുതിയ മനുഷ്യവംശം.

ii

ഇല്ല ദൈവമെന്നൊരാൾ നമ്മളെ തുണയ്ക്കുവാൻ

ഇല്ല ദൈവം ചൊല്ലി നമ്മെ വാ‍ഴുവാനയച്ചവർ

വേണ്ട ദിവ്യരക്ഷകർ വേണ്ട രാജഗോഷ്ഠികൾ

നാം ചമച്ച ഭൂമിയിൽ നാം നമുക്കു രക്ഷകർ

തീർപ്പു നാം കുറിക്കുക – വേണ്ട നീതികേടിനി

വേണ്ട വേണ്ട ബന്ധനം വേണ്ട വേണ്ട ബന്ദികൾ

ആലയിൽക്കടക്കുക ഉല പിടിച്ചെടുക്കുക

കാരിരുമ്പു കാഞ്ഞുനിൽക്കെ ആഞ്ഞു നാം അടിക്കുക.

സമരം, അന്ത്യസമരമായ്

നിരകൾ തീർത്തു നിൽക്ക നാം

പിറവിനേടും നമ്മിൽനിന്നു

പുതിയ മനുഷ്യവംശം.

iii

ഭരണമിവിടെ മാരണം നിയമമിവിടെ മാരകം

ഇവിടെ നമ്മളഗതികൾ കാരണം നികുതികൾ

ഉടമകൾക്കു കടമകൾ പറയുകില്ല പ‍ഴമകൾ

അടിമകൾക്കു കൊടുമകൾ – അകലെ നിൽപ്പു പുതുമകൾ

ഇതു വരേയ്ക്കിത്തടവറ തന്നതൊക്കെ മതിമതി

അകലെ നിന്നു പാടിടുന്നു സമത – കേൾക്ക ആ സ്വരം

‘വേല ചെയ്തിടാത്തവർക്കു വേണ്ടിയല്ല മന്നിടം

സമതയിങ്ങു പുലരണം – സമതയാണ് സർവ്വവും’

സമരം, അന്ത്യസമരമായ്

നിരകൾ തീർത്തു നിൽക്ക നാം

പിറവിനേടും നമ്മിൽനിന്നു

പുതിയ മനുഷ്യവംശം.

iv

ഭൂപരോ നരാധമർ ഭൂസുരർ നരാധമർ

ഖനികൾ റെയിൽ ഖജാനകൾ വാ‍ഴുവോർ നരാധമർ

എന്തുചെയ്തു പണ്ടുതൊട്ടു പൂർവ്വികർ മുതൽക്കവർ?

ഉ‍ഴുതിടാതെ, വിത്തിടാതെ, കൊയ്തിടാതെ ഉണ്ടു

അവർ പടച്ചൊരറകളിൽ നമ്മൾ തീർത്ത വിളവുകൾ

അവർ പിടിച്ച നിധികളിൽ നമ്മൾ കണ്ട കനവുകൾ

അവരെ നാം വിളിക്കണം നിരനിരത്തി നിർത്തണം

അവരിൽനിന്നു മുതലുകൾ നാം പിടിച്ചെടുക്കണം

സമരം, അന്ത്യസമരമായ്

നിരകൾ തീർത്തു നിൽക്ക നാം

പിറവിനേടും നമ്മിൽനിന്നു

പുതിയ മനുഷ്യവംശം.

v

തെറ്റുകണ്ടു തപ്തരായൊത്തുചേർന്നതാണു നാം

ഇനി നമുക്കു ശാന്തി, നാടു വാ‍ഴുവോർക്കശാന്തി

മുന്നിലേയ്ക്കു പോക നാം മുന്നണി ചമയ്ക്ക നാം

അരിനിര മുറിച്ചുടച്ചു കുതികുതിച്ചു നീങ്ങ നാം

പട നയിക്കും വീരരെന്നു വെറുതെ നാം നിനയ്ക്കുവോർ

മനുജമാംസഭുക്കുകൾ മർത്യരക്തപാനികൾ

പോർവിളിച്ചു കൊണ്ടവർ വരികയില്ല – വരുകിലോ

വാളെടുത്തു വന്നവർ വാളുകൊണ്ടു വീണിടും.

സമരം, അന്ത്യസമരമായ്

നിരകൾ തീർത്തു നിൽക്ക നാം

പിറവിനേടും നമ്മിൽനിന്നു

പുതിയ മനുഷ്യവംശം.

vi

പണിയെടുക്കുവോരേ പാടു പെടുന്നോരേ

കൊടിയെടുക്ക ചെങ്കൊടി പട നമുക്കു ചെമ്പട

ഉലകമാകെ നമ്മുടെ ഉടമയൊക്കെ നമ്മുടെ

ഉലകുവിട്ടുപോകണം ഉടലനക്കിടാത്തവർ

മർത്യമാംസമിത്രകാലം ആർത്തിയോടെ തിന്നവർ

മർത്യരക്തമിത്രകാലം പൂതിയോടെ മോന്തിയോർ

ആ പരാന്നഭോജികൾ ഇവിടെനിന്നു പോവുകിൽ

പുതിയ ഭൂവിൽ പുതിയ വാനിൽ പുതിയ നാളുദിച്ചിടും.

സമരം, അന്ത്യസമരമായ്

നിരകൾ തീർത്തു നിൽക്ക നാം

പിറവിനേടും നമ്മിൽനിന്നു

പുതിയ മനുഷ്യവംശം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News