വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ വിശ്രമിക്കാതെ ലോങ് മാര്‍ച്ച്; മുംബൈ നഗരത്തിന്റെ ഹൃദയം കവര്‍ന്ന് കര്‍ഷകസമരയോദ്ധാക്കള്‍

മുംബൈ: പകല്‍സമയത്ത് കിലോ മീറ്ററുകള്‍ നടന്നിട്ടും ഇന്നലെ രാത്രി ഒരു മണിക്കൂറോളം മാത്രമാണ് കിസാന്‍ സഭാ പ്രക്ഷോഭപോരാളികള്‍ വിശ്രമിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ന് എസ്എസ്‌സി പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാല്‍ ഗതാഗത തടസം ഒഴിവാക്കാനായിരുന്നു കര്‍ഷകര്‍ ഇന്നലെ രാത്രി വിശ്രമിക്കാതെ ആസാദ് മൈതാനത്തേക്ക് നടന്നത്.

കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഞായറാഴ്ച രാത്രിയാണ് സയോണിലെ കെജെ സോമയ്യ മൈതാനിയിലെത്തിയത്. ഇവിടെ വിശ്രമിച്ച് തിങ്കളാഴ്ച രാവിലെ ആസാദ് മൈതാനിയിലേക്ക് നീങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ തിങ്കളാഴ്ച എസ്എസ്‌സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാര്‍ച്ച് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്. രാത്രി പന്ത്രണ്ടരയോടെ കെ ജെ സോമയ്യ മൈതാനിയില്‍ ഒരു മണിക്കൂര്‍ വിശ്രമിച്ച ശേഷം ഒന്നരയോടെ മാര്‍ച്ച് വീണ്ടും മുന്നോട്ടു നീങ്ങി.


വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാലാണ് രാത്രി തന്നെ ആസാദ് മൈതാനിയിലേക്ക് തിരിക്കുന്നതെന്ന് കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ അറിയിച്ചു.

നാസിക്കില്‍ നിന്നും മുംബൈയിലേക്കെത്തിയ കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് മുംബൈ വാസികളില്‍ നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടാകുന്നത്. പലയിടങ്ങളിലും നഗരവാസികള്‍ അവര്‍ക്ക് സ്വീകരണങ്ങളൊരുക്കി.

വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടൊഴിവാക്കുന്ന നടപടിയിലൂടെ കര്‍ഷകര്‍ മുംബൈയിലെ മധ്യവര്‍ഗ്ഗത്തിന്റെയും ബഹുമാനം നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here