നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് കോടതിയിലെത്തി; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടിയും കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പടെ 10 പ്രതികള്‍ ഇന്ന് ഹാജരായി. 11, 12 പ്രതികളായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഹാജരായില്ല.

ഇതിനിടെ നടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് അപേക്ഷ സമര്‍പ്പിച്ചു.കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി അനുവദിക്കുക, വനിതാ ജഡ്ജിയെ അനുവദിക്കുക, അതിവേഗ വിചാരണ, രഹസ്യ വിചാരണ, എന്നിവയ്ക്കു പുറമെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയുക എന്നിവയാണ് ആവശ്യങ്ങള്‍.

സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ച കോടതി അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28ലേയ്ക്ക് മാറ്റി.

അതേസമയം, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റെല്ലാ തെളിവുകളും പ്രതികള്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അക്കാര്യത്തില്‍ ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 28ന് പരിഗണിക്കാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here