സ്വന്തം തട്ടകത്തിലും നാണംകെട്ട് യോഗി; ഗൊരഖ്പൂരില്‍ 29 വര്‍ഷങ്ങള്‍ക്ക് ശേഷം താമര കരിഞ്ഞു; ഫുല്‍പൂരിലും പ്രഹരം; ജനവിധിയില്‍ ഞെട്ടി കേന്ദ്രനേതൃത്വവും

ദില്ലി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് കനത്ത പരാജയം.

ബിജെപി കോട്ടയായി അറിയപ്പെടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലമായ ഗൊരഖ്പൂരിലും ബിജെപി പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രിയുടെ സീറ്റായ ഫുല്‍പൂരും നഷ്ടമായി. രണ്ടിലും സമാജ്‌വാദി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

1989 മുതല്‍ യോഗി ആദിത്യനാഥ് വിജയിച്ച് വരുന്ന ലോക്‌സഭാ മണ്ഡലമായ ഗൊരഖ്പൂര്‍ ഇത്തവണ ബിജെപിയെ പരാജയപ്പെടുത്തി. 21,961 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സമാജ്‌വാദി സ്ഥാനാര്‍ത്ഥി പ്രവീണ്‍ നിഷാദ് മണ്ഡലം പിടിച്ചെടുത്തു.

2014ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യോഗി ഇവിടെ വിജയിച്ചത്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും ബിജെപിയ്ക്ക് കൈപൊള്ളി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ ലീഡ് നിലനിറുത്തിയ സമാജ്‌വാദി 59,613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി പരാജയപ്പെടുത്തി.

രണ്ട് മണ്ഡലങ്ങളിലും അഖിലേഷ് യാദവിന് മായാവതിയുടെ ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ബി.എസ്.പി വോട്ടുകള്‍ കൃത്യമായി വീണതോടെ സമാജ്‌വാദിയ്ക്ക് ബിജെപിയെ തറപറ്റിക്കാനായി. 24 വര്‍ഷത്തെ വൈരം മറന്നാണ് മായാവതി സമാജവാദിയെ പിന്തുണച്ചത്.

അതേസമയം, ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിന് കെട്ടിവച്ച് കാശ് പോലും കിട്ടിയില്ല. ഗൊരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയം മണത്തതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ മാറ്റാനും ശ്രമമുണ്ടായി.

യോഗി ആദിത്യനാഥിന്റെ വിശ്വസ്തനായ ജില്ലാ കളക്ടറാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ഉള്ളവരെ പോലും പ്രവേശിപ്പിച്ചില്ല. ഇതിനെതിരെ സമാജ്‌വാദി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബീഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡിയോട് ഏറ്റുമുട്ടി ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങി. ലാലുപ്രസാദ് യാദവ് ജയിലിലായതിനാല്‍ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലാണ് ആര്‍.ജെ.ഡി പ്രചാരണം നടത്തിയത്.

മഹാസഖ്യം വിട്ട നിധീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് നിറുത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കാര്യമായ മത്സര പ്രതീതി സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല.

അതേസമയം, നിയമസഭയിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് സീറ്റായ ബാബുവ നിലനിറുത്താന്‍ ബിജെപിക്കായി. ജഹനബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ജെഡിയും വിജയിച്ചു. സമാജ്‌വാദിയും ബിഎസ്പിയും ഒരുമിച്ചാല്‍ വോട്ട് ബാങ്ക് കൈവിട്ട് പോകുമെന്ന് തിരിച്ചറിവ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News