കലാപത്തിന്റെ ഭീതിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് താങ്ങും തണലുമായത് സിപിഐഎം; യുകെയെ അപമാനിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ചരിത്രം മാപ്പു കൊടുക്കില്ലെന്ന് പ്രൊഫ. അബ്ദുറഹിമാന്‍

“കലാപത്തിന്റെ ഭീതിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് താങ്ങും തണലുമായത് സി പി ഐ എമ്മുകാര്‍ മാത്രമായിരുന്നു. കലാപത്തിന് ഇരയായ തലശ്ശേരിയിലെ മുസ്ലീം കുടുംബാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇപ്പോഴും ജീവനു തുല്യം സ്‌നേഹിക്കുന്നതും അതുകൊണ്ടാണ്. എന്തെല്ലാം നുണ പ്രചരണങ്ങള്‍ നടത്തിയാലും യു കെ കുഞ്ഞിരാമനെന്ന ധീരരക്തസാക്ഷിയെ തലശ്ശേരിക്കാരുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയാനാകില്ല.”

തലശ്ശേരി മാടപ്പീടികയിലെ പ്രൊഫസര്‍ എം അബ്ദു റഹ്മാന്‍ തലശ്ശേരി കലാപകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ചരിത്ര നിഷേധികളോടുള്ള അമര്‍ഷം മുഖത്ത് പ്രതിഫലിച്ചു. മുസ്ലീം പള്ളിക്ക് കാവല്‍ നിന്നതിന് സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയ യു കെ കുഞ്ഞിരാമനെ നിയമസഭയില്‍ കോണ്‍ഗ്രസ്സ് എം എല്‍ എ പി ടി തോമസ് അപമാനിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രൊഫസര്‍ അബ്ദു റഹ്മാന്‍ പറഞ്ഞു. കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് യു കെ കൊല്ലപ്പെട്ടതെന്ന പി ടി തോമസിന്റെ പ്രസ്താവന ചരിത്രത്തോടുള്ള അവഹേളനമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാപത്തിന് ഇരയായ കുടുംബത്തിലെ അംഗവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനുമായിരുന്നു പ്രൊഫസര്‍ എം അബ്ദു റഹിമാന്‍.

“കലാപത്തിന്റെ മറവില്‍ മുസ്ലീം വീടുകള്‍ തിരഞ്ഞു പിടിച്ചുള്ള കൊള്ളയാണ് നടന്നത്. അന്ന് മുസ്ലീം വീടുകള്‍ക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ സംരക്ഷണം ഒരുക്കി. ചെങ്കൊടി കെട്ടിയ വാഹനത്തില്‍ തലശ്ശേരിയില്‍ ഉടനീളം സമാധാന ആഹ്വാനവുമായി സഞ്ചരിച്ചത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുണ്ടും മാടിക്കുത്തി എ കെ ജി മാടപ്പീടികയിലൂടെ നടന്നപ്പോള്‍ അത് ഭീതിയിയാരുന്നവര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.

മാടപ്പീടികയില്‍ എ കെ ജി യുടെ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു. തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിന് തീയിട്ടുവെന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത് എ കെ ജി യുടെ പ്രസംഗത്തിലൂടെയായിരുന്നു. ഇ എം എസ് കലാപ മേഖലയില്‍ സന്ദര്‍ശനം നടത്തിയതും സമാധാനം സ്ഥാപിക്കാന്‍ വലിയ മുതല്‍ക്കൂട്ടായി.”

ഒരു നാട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ ധീരനായിരുന്നു യു കെ കുഞ്ഞിരാമനെന്ന സി പി ഐ എം പ്രവര്‍ത്തകന്‍. അദ്ദേഹത്തെ അപമാനിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ചരിത്രം മാപ്പു കോടുക്കില്ലെന്നും പ്രൊഫസര്‍ എം അബ്ദു റഹ്മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here