കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ കഴിയണം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

നഷ്ടപ്പെട്ടു പോയ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ നമുക്ക് കഴിയണമെന്ന് പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും കാര്‍ഷിക ചെലവ് ഏറിയതും ഉപഭോഗ സംസ്‌കാരത്തിന്റെ കടന്നു വരവും നമ്മെ കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും അകറ്റി. നെല്‍പ്പാടങ്ങള്‍ തരിശിട്ടതോടെ ജലക്ഷാമം രൂക്ഷമായി.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിച്ചാല്‍ മാത്രമേ ജലക്ഷാമം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളു. പ്രകൃതി സംരക്ഷണത്തിനും കൃഷി പുനരുജ്ജീവനത്തിനും സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷനിലൂടെ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

അഞ്ഞൂറില്‍ അധികം വര്‍ഷം പഴക്കമുള്ള ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ തനതു രീതികളില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. മുന്‍പ് കാലികളെ കൈമാറ്റം ചെയ്യുന്നതായിരുന്നു മേളയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, കാളവണ്ടിയും കലപ്പയും യന്ത്രങ്ങള്‍ക്ക് വഴിമാറിയതോടെ കാലികളുടെ പ്രസക്തി നഷ്ടപ്പെട്ടു.

എന്നിരുന്നാലും കാര്‍ഷിക വിഭവങ്ങള്‍, ഉപകരണങ്ങള്‍, അന്യം നിന്നു പോകുന്ന വീട്ടുപകരണങ്ങള്‍ എന്നിവയുടെ ലഭ്യത വയല്‍ വാണിഭത്തിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ തിലകക്കുറിയായ ഓമല്ലൂര്‍ വയല്‍ വാണിഭം കൂടുതല്‍ പ്രൗഢിയോടെ നടത്തുവാന്‍ വരും വര്‍ഷങ്ങളിലും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News