ആണ്‍കുട്ടികളെ പാചകം പഠിപ്പിക്കുക

കെ.എ. ബീനയുടെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം കൂട്ടുകാരി മിനിയുടെ മകള്‍ ഇരുപത്തഞ്ചുകാരി രമ്യ കുടുംബകോടതിയുടെ വിവാഹ പടിയിറങ്ങി. ഏകമകളുടെ ദുര്‍വ്വിധി പങ്കുവച്ചുകൊണ്ട് മിനി തേങ്ങി:

”ആ ചെക്കന്റമ്മയ്ക്ക് നല്ല കാലത്ത് അതിനെ വല്ലതുമൊക്കെ പാചകം ചെയ്യാന്‍ പഠിപ്പിച്ചു കൂടായിരുന്നോ. പെണ്ണിന്റെ വാശി മുഴുവന്‍ അതായിരുന്നു. എത്ര പറഞ്ഞിട്ടും തലയില്‍ കേറുന്നില്ല.”

രമ്യ ഡോക്ടറാണ്. ഭര്‍ത്താവ് വരുണും ഡോക്ടര്‍ തന്നെ. ഒരുമിച്ച് പഠിച്ച് പ്രണയിച്ച് കല്യാണം കഴിച്ചവര്‍. കല്യാണം മുതല്‍ രമ്യയ്ക്ക് ഈര്‍ഷ്യ തുടങ്ങിയതാണ്. ഒരേ വിദ്യാഭ്യാസവും ഒരേ ജോലിയുമായിട്ടും വരുണിന്റെ വീട്ടുകാര്‍ പുതിയ കാറും ഫ്‌ളാറ്റും ചോദിച്ചതു രമ്യയ്ക്ക് തീരെ ഇഷ്ടമായില്ല. പ്രണയത്തിന്റെ പേരില്‍ അവളതു സഹിച്ചു. അച്ഛനമ്മമാര്‍ക്ക് അത് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ വിവാഹജീവിതത്തിലും വരുണ്‍ അതുപോലെ പെരുമാറാന്‍ തുടങ്ങിയെന്നായിരുന്നു രമ്യയുടെ പരാതി.

ഒരേ ആശുപത്രിയില്‍ ജോലി ചെയ്ത് മടങ്ങിയെത്തിയാല്‍ വരുണ്‍ നേരെ കമ്പ്യൂട്ടറിന്റെ മുന്നില്‍ പോവും, ഇല്ലെങ്കില്‍ ടി.വി. കാണും. രമ്യ ഒറ്റയ്ക്ക് അടുക്കളയില്‍ മല്ലിടല്‍ – മാറി മാറി വന്ന വീട്ടുസഹായികള്‍ ഒന്നും വരുണിന്റെ രുചിമുകുളങ്ങളെ തൃപ്തമാക്കിയില്ല, അവന് രുചിയുള്ള ഭക്ഷണം നിര്‍ബ്ബന്ധം – അവ ഉണ്ടാക്കി മടുത്ത് തളര്‍ന്ന രമ്യ ഒടുവില്‍ പറഞ്ഞു.
”തുല്യ ജോലി, തുല്യ വേതനം, തുല്യ സ്ഥാനം – അടുക്കള ജോലി എന്റേത് മാത്രമല്ല, നീയും കൂടി അത് ഏറ്റെടുക്ക്.”
വരുണ്‍ തയ്യാറായില്ല. മകനെ അടുക്കളയില്‍ കയറ്റാന്‍ ശ്രമിച്ച മരുമകളുമായി അമ്മായിയമ്മ കലഹിച്ചു. മൊത്തം അലമ്പായി കേസ് കുടുംബ കോടതിയിലെത്തി വഴിപിരിഞ്ഞു. പുതിയ കാലത്ത് എത്രയെത്ര കേസ്സുകളാണ് ഇങ്ങനെ കേള്‍ക്കുന്നത്! രമ്യയുടെ അമ്മയെപ്പോലെ എത്ര പേരാണ് പറഞ്ഞു പോവുന്നത്:
”ചെക്കനെ പാചകം പഠിപ്പിച്ചിരുന്നെങ്കില്‍.”
നമ്മുടെ ചെക്കന്മാരെ പാചകം പഠിപ്പിക്കുന്നതിന് വേണ്ടി സിലബസ് പരിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.

ജീവിതത്തില്‍ അത്യാവശ്യം പഠിച്ചിരിക്കേണ്ട ഒന്നാണ് പാചകം എന്ന് തിരിച്ചറിയുന്നത് നാടുവിട്ട് ജീവിക്കേണ്ടി വരുമ്പോഴാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഡല്‍ഹിയില്‍ ജോലി സംബന്ധമായി താമസിക്കുന്ന എന്റെ ഭര്‍ത്താവ് ഇതിനകം പലവട്ടം പറഞ്ഞു കഴിഞ്ഞു:

”പണ്ടേ പാചകം പഠിക്കേണ്ടിയിരുന്നു.”
ചമ്പാവരിക്കഞ്ഞിയും പയര്‍തോരനും ചമ്മന്തിയുമാണ് പുള്ളിയുടെ മിനിമം ഡിമാന്റ്. ഇവ ഉണ്ടാക്കാന്‍ അറിയാതെ വടക്കേ ഇന്ത്യയില്‍ ഭക്ഷണം കഴിച്ച് മടുക്കുകയാണ് ബൈജു.
പെണ്‍കുട്ടികള്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത്, ആണ്‍കുട്ടികള്‍ എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകള്‍ നമുക്കുണ്ട്. ചെറുപ്പകാലം മുതലേ ഇതനുസരിച്ച് വളര്‍ത്താനും ശ്രമിക്കുന്നു. ഈയിടെ ഒരു സുഹൃത്ത് ഒരനുഭവം പറഞ്ഞു:
കറന്റ് പോയി ഫ്യൂസ് കെട്ടുമ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകളോട് ചോദിച്ചു:

”നിന്നെ സ്‌കൂളില്‍ ഇതൊക്കെ പഠിപ്പിക്കാറില്ലേ?”
”അതൊക്കെ ആണ്‍കുട്ടികളെയാണ് പഠിപ്പിക്കുന്നത്. പെണ്‍കുട്ടികളെ ആ പീരിയഡില്‍ കുക്കിംഗും സ്റ്റിച്ചിംഗും ആണ് പഠിപ്പിക്കാറ്. ഇലക്ട്രിസിറ്റി, പ്ലംബിംഗ്, മെയിന്റനന്‍സ് ഒക്കെ ആണ്‍കുട്ടികളെയേ പഠിപ്പിക്കൂ.”
ഇത് കേട്ട് ക്ഷുഭിതനായ സുഹൃത്ത് പിറ്റേന്ന് സ്‌കൂളില്‍ ചെന്നു. ന്യൂജനറേഷന്‍ സ്‌കൂളാണ്. മകള്‍ക്ക് സമ്പൂര്‍ണ്ണ വളര്‍ച്ചയുണ്ടാകണം എന്ന് കരുതിയാണ് ചേര്‍ത്തത്. എന്നിട്ട് ഇവിടെയും വിവേചനമോ?
”അത് പിന്നെ പെണ്‍കുട്ടികളെ തയ്യലും പാചകവും അല്ലേ പഠിപ്പിക്കേണ്ടത്. വീട്ടിലെ മറ്റു പണികള്‍ ആണ്‍കുട്ടികള്‍ അറിഞ്ഞിരിക്കണ്ടേ.”
”പെണ്‍കുട്ടികളെ പാചകവും തയ്യലും പഠിപ്പിക്കാതെയിരുന്നാലും അവര്‍ ജീവിതത്തില്‍ നിന്നത് പഠിച്ചോളും. അതുപോലെ വീട്ടിലെ മെക്കാനിക്കു പണികള്‍ ആണ്‍കുട്ടികളെ പ്രതേ്യകിച്ച് ഇരുത്തി പഠിപ്പിക്കണ്ട, അതവര്‍ പഠിച്ചോളും. മറിച്ചാണ് സ്‌കൂളുകാര്‍ ചെയ്യേണ്ടത്” എന്ന് സുഹൃത്ത് ടീച്ചറോട് പറഞ്ഞു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വ്യവസ്ഥാപിതമായി വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാലമാണിത്. കുടുംബസംവിധാനത്തില്‍ പൊളിച്ചെഴുത്ത് നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീ ഇന്ന് അടുക്കളയിലല്ല, വിദ്യാഭ്യാസവും ഉദേ്യാഗവും നേടി പുറലോകത്തെത്തിയിരിക്കുന്നു. സ്ത്രീയും പുരുഷനും ജോലിക്ക് പോകുമ്പോള്‍ വീട് രണ്ട് വ്യക്തികളുടേതായി മാറുന്നു. ഒരാള്‍ മാത്രം പാചകം ചെയ്ത് ജീവിക്കുകയെന്നത് ഇന്ന് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ആണ്‍കുട്ടികളെ പാചകം പഠിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. അന്യനാടുകളില്‍ പോയി പണിയെടുത്ത് കഷ്ടപ്പെടുന്നതിനിടയില്‍ സ്വന്തം നാട്ടിലെ ഭക്ഷണം കഴിക്കുകയെന്നത് നല്‍കുന്ന ആശ്വാസം ചെറുതല്ല. പ്രവാസികളാണ് നമ്മള്‍, പ്രവാസത്തിന് അത്യാവശ്യമായ ഒന്നാണ് പാചകം.

നമ്മുടെ കരിക്കുലത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നിരാശ തോന്നാറുണ്ട്. മനുഷ്യജീവിതത്തിനാവശ്യമായതൊന്നും അതിലില്ല. കുറെ വിവരങ്ങള്‍, വിജ്ഞാനം ഇവയുടെ മന:പാഠം. പത്താം ക്ലാസ്സ് കഴിഞ്ഞ എത്ര കുട്ടികള്‍ക്ക് ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടിപ്പോയാല്‍ തുന്നിപ്പിടിപ്പിക്കാന്‍ അറിയാം? ഇതുപോലെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാതെയാണ് നമ്മള്‍ ”വിദ്യാഭ്യാസം” നല്‍കുന്നത്. പാചകം കരിക്കുലത്തിന്റെ ഭാഗമാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

യുവാക്കളിലെ വിവാഹമോചന നിരക്ക് കൂടുന്നതിനെക്കുറിച്ച് നമ്മള്‍ വ്യാകുലപ്പെടുന്നു. തുല്യ വിഭ്യാഭ്യാസവും തുല്യ ശമ്പളവുമുള്ള ജോലിയും ഉള്ള ആണും പെണ്ണും ഓഫീസ് ജോലി കഴിഞ്ഞ് വന്ന് വീട്ടുപണി പെണ്ണിന്റേതു മാത്രം എന്ന മട്ടില്‍ പെരുമാറിയാല്‍ എത്ര കാലമാണ് ദാമ്പത്യം നിലനില്‍ക്കുക?
പുതിയ കാലത്ത് ഒരുപാട് ആണ്‍കുട്ടികള്‍ വീട്ടുകാര്യങ്ങളിലും അടുക്കളയിലും ശ്രദ്ധപതിപ്പിക്കാന്‍ തയ്യാറാകുന്നു എന്നത് സ്വാഗതാര്‍ഹമാണ്. സ്വാനുഭവത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പരസ്പരമുള്ള അംഗീകാരത്തിന്റെ ആഘോഷമാകണം വിവാഹം. അതിനാവശ്യം രണ്ടുംപേരും ഒന്നിച്ച് വീട്ടുകാര്യങ്ങള്‍ ഏറ്റെടുക്കുകയാണ്.

നമ്മുടെ ആണ്‍കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമായും പാചകം പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. പെണ്‍കുട്ടികളെ ഫ്യൂസ് കെട്ടാനും പൈപ്പ് നന്നാക്കാനുമൊക്കെ പഠിപ്പിക്കണം.
നിത്യ ജീവിതത്തില്‍ അത്യാവശ്യമായ കാര്യങ്ങളാണ് ആദ്യം പഠിക്കേണ്ടത്. ഒരു വ്യക്തിയെ പൂര്‍ണ്ണനാക്കിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇവിടെ നടക്കുന്നത് സമ്പൂര്‍ണ്ണ വികാസമല്ല, തലയുടെ മാത്രം വികാസമാണ്. ഇതാണ് മാറേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News