കുഞ്ഞച്ചനും ബിലാലും മാമാങ്കവും; 2018 ല്‍ സിനിമാകൊട്ടകകളെ ഇളക്കിമറിക്കാന്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രങ്ങള്‍; അറിയേണ്ടതെല്ലാം

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി അഭിനയത്തിന്‍റെ നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോ‍ഴും കേരളക്കരയ്ക്ക് അത്ഭുതമാണ് പ്രദാനം ചെയ്യുന്നത്. 2018 ല്‍ കൈനിറയെ ചിത്രങ്ങളുമായി സിനിമാ കൊട്ടകകളെ ഇളക്കിമറിക്കാന്‍ മമ്മൂട്ടിയെത്തും.

റിലീസിന് തയ്യാറെടുക്കുന്ന അബ്രഹാമിന്‍റെ സന്തതികളും പരോളും പേരന്‍പും അങ്കിളും മമ്മൂട്ടിക്കും പ്രേക്ഷകര്‍ക്കും നല്‍കുന്ന പ്രതീക്ഷകള്‍ ചില്ലറയല്ല. അതിലും വലുതാണ് തീയറ്ററുകളെ ഇളക്കിമറിച്ച രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നവെന്നത്.

അമല്‍ നീരദ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലും കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗവും ഒപ്പം മാമാങ്കവും ഈ വര്‍ഷത്തെ ബ്രഹ്മാണ്ഡചിത്രങ്ങളാകും.

വാനോളം പ്രതീക്ഷയുമായി ബിലാല്‍

ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്നത് തന്നെയാണ്  ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിന്‍റെ സവിശേഷത. ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന് പ്രധാന്യം നല്‍കി ചിത്രീകരിച്ച ബിഗ് ബി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. പോറ്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് പറഞ്ഞത്. രണ്ടാം ഭാഗത്തിന്‍റെ കഥയും മറ്റ് വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

കുഞ്ഞച്ചന്‍റെ മാസ്

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുകയാണ്. മമ്മൂക്കയ്ക്ക് കോമഡിയും നല്ല അസ്സലായി വഴങ്ങുമെന്ന് തെളിയിച്ച ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍.

അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ കാല്‍ നൂറ്റാണ്ടു മുമ്പ് എത്തി വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു.

ആദ്യഭാഗത്തില്‍ രഞ്ജിനിയായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ ആരാവും മമ്മൂക്കയ്‌ക്കൊപ്പം എത്തുകയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആട് 2 വിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ്, ആരാധകര്‍ കാത്തിരിക്കുകയാണ് മിഥുന്‍മാനുവേല്‍ മമ്മൂട്ടി കൂട്ടുകെട്ടിന്റെ കോട്ടയം കുഞ്ഞച്ചനു വേണ്ടി.

ഏറ്റവും വലിയ സംരഭമായി മാമാങ്കം

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടാണ് ഒക്ടോബറില്‍ പ്രഖ്യാപിച്ച മാമാങ്കം. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായി മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കാന്‍ ആരാധകരുടെ പ്രിയ താരമെത്തുകയാണ്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം ചിത്രീകരണത്തിലേക്ക് കടന്നു. മലയാളത്തിലെ ഏക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം മംഗലാപുരത്താണ്.

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ മാമാങ്കത്തില്‍ അണിനിരക്കും. താര നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ നവോദയ അനുമതി നല്‍കിയിരുന്നു. മാമാങ്കം എന്ന പേരില്‍ നവോദയ 1979 ല്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News