അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഇരട്ടത്താപ്പാണെന്ന് യെച്ചൂരി; യുപിയില്‍ ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി പ്രതീക്ഷ നല്‍കുന്നു

ദില്ലി: നടപടിക്രമം പാലിക്കാത്തതിനാലാണ് അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞതെന്ന ബിജെപി വാദം ഇരട്ടത്താപ്പാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പാര്‍ലമെന്റിനോടുള്ള ബിജെപിയുടെ അനാദരവിനു തെളിവാണിത്. 10 ലക്ഷം കോടിയോളം രൂപ ഖജനാവില്‍നിന്ന് വിനിയോഗിക്കാന്‍ അധികാരം നല്‍കുന്ന ധനബില്‍ പാസാക്കിയത് ബഹളത്തിനിടെയാണ്. ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

അവിശ്വാസപ്രമേയം പരിഗണിക്കാന്‍ ചട്ടപ്രകാരം 10 ശതമാനം അംഗങ്ങളുടെ പിന്തുണ മതി. നൂറില്‍പരം അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച് എഴുന്നേറ്റുനില്‍ക്കേ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കവെ യെച്ചൂരി പറഞ്ഞു.

ലോക്സഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന് സിപിഐഎം പൂര്‍ണപിന്തുണ നല്‍കുന്നു. ആന്ധ്രപ്രദേശിനു പ്രത്യേക സംസ്ഥാനപദവി വേണമെന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ വഞ്ചന അംഗീകരിക്കാനാകില്ല.

സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പരാജയവും പാര്‍ലമെന്ററി ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവും അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തുറന്നുകാട്ടുമെന്നും യെച്ചൂരി പറഞ്ഞു.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേരിട്ട പരാജയം ക്രിയാത്മകമായ സംഭവവികാസമാണെന്ന് പൊളിറ്റ്ബ്യൂറോ യോഗം വിലയിരുത്തി. ബിജെപിയെ നിരാകരിച്ച വോട്ടര്‍മാരെ പിബി അഭിവാദ്യംചെയ്തു.

ഗൊരഖ്പുരിലും ഫൂല്‍പുരിലും സമാജ്വാദി പാര്‍ടി സ്ഥാനാര്‍ഥികള്‍ക്കും ബിഹാറിലെ അറാറിയയില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിക്കും ഇടതുപാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഉജ്വലപോരാട്ടത്തിലൂടെ അവകാശങ്ങള്‍ നേടിയെടുത്ത മഹാരാഷ്ട്ര കര്‍ഷകരെ പിബി അഭിവാദ്യംചെയ്തു. തുടക്കത്തില്‍ 25,000 പേരാണ് മാര്‍ച്ചില്‍ അണിനിരന്നതെങ്കില്‍ ആറുദിവസം കഴിഞ്ഞപ്പോള്‍ പ്രക്ഷോഭകരുടെ എണ്ണം 50,000 ആയി ഉയര്‍ന്നു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. രാജ്യമെമ്പാടും ഈ പോരാട്ടത്തിന്റെ സ്വാധീനമുണ്ടായി. ഉറപ്പുകള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് ഇനി വേണ്ടത്. ലോങ്മാര്‍ച്ച് ആകസ്മിക സംഭവമല്ല. മൂന്നുവര്‍ഷമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ്.

കഴിഞ്ഞവര്‍ഷം നാസിക്കില്‍ ഉപരോധസമരം നടത്തി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത സമരകേന്ദ്രം മുംബൈയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ എല്ലാവിഭാഗം ജനങ്ങളില്‍നിന്നും രാഷ്ട്രീയസാമൂഹ്യ പ്രസ്ഥാനങ്ങളില്‍നിന്നും ലോങ്മാര്‍ച്ചിനു ലഭിച്ച പിന്തുണ പ്രശംസനീയമാണെന്ന് പിബി ചൂണ്ടിക്കാട്ടി.

ഹൈദരാബാദില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന 22ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയസംഘടന റിപ്പോര്‍ട്ട് പൊളിറ്റ്ബ്യൂറോ ചര്‍ച്ചചെയ്തു. ഈ മാസം 28 മുതല്‍ 30 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയശേഷമാണ് കരട് റിപ്പോര്‍ട്ട് പാര്‍ടികോണ്‍ഗ്രസില്‍ വയ്ക്കുകയെന്ന് യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News