‘കൃഷ്ണം’ വെറും കെട്ടുകഥയല്ല; എല്ലാം നടന്ന സംഭവങ്ങള്‍; അഭിനയിക്കുന്നത് അനുഭവസ്ഥര്‍

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒട്ടനവധി സിനിമകൾ ഒരുപാട് ഭാഷകളിൽ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ആ യഥാർത്ഥ സംഭവത്തിലെ അനുഭവസ്ഥർ തന്നെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ ? അതാണ് റിലീസിന് തയ്യാറെടുക്കുന്ന കൃഷ്ണം എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ പ്രത്യേകത.

നവാഗതനായ അക്ഷയ് കൃഷ്ണൻ നായകനാകുന്ന കൃഷ്ണം ഒരേസമയം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

ഇന്ത്യയിലെ റിലീസിനൊപ്പം തന്നെ ലോകമെമ്പാടും ടെക്‌നോളജി ഉപയോഗിച്ച് ഓൺലൈൻ റിലീസും ചെയ്യുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സിനിമ കൂടിയാണ് കൃഷ്ണം. DRM ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ ചിത്രത്തിൻ്റെ പൈറസി നിരോധിച്ച് സിനിമാ മേഖലയ്ക്ക് ഒരു പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് കൃഷ്ണം.

എ ആർ റഹ്‌മാൻ, ഇളയരാജ,ഹാരിസ് ജയരാജ് തുടങ്ങിയ സംഗീത ലോകത്തെ പ്രമുഖരോടൊപ്പം പ്രവർത്തിച്ച് പരിചയമുള്ള ഹരിപ്രസാദ് ഈണം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരായ ഗായകരാണ്.

വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ടിപ്പു എന്നീ ഗായകർ മലയാളം പതിപ്പിൽ ഗാനങ്ങൾ ആലപിക്കുമ്പോൾ. സംഗീത ലോകത്തെ ഇതിഹാസ ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിന് വേണ്ടി ഒരു ഗാനം ആലപിക്കുന്നുണ്ട്. മധു ബാലകൃഷ്ണൻ, കാർത്തിക്,സത്യപ്രകാശ് എന്നിവരാണ് തമിഴ് പതിപ്പിലെ മൂന്ന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കിടയിൽ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ മൂന്ന് വ്യത്യസ്ത മത്സരങ്ങളും നടത്തുന്നുണ്ട്. മത്സരം സംഘടിപ്പിക്കുന്നതിനായി ആൻഡ്രോയിഡിലും ഐ ഒ എസിലും ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമ്മാണ കമ്പനിയായ പി എൻ ബി സിനിമാസ്. മൂന്ന് വ്യത്യസ്ത മത്സരങ്ങളിലും വിജയിക്കുന്നവർക്ക് ഈ ബിഗ് ബജറ്റ് സിനിമയുമായി സഹകരിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

സിംഗ് ആൻഡ് വിൻ, ഡാൻസ് ആൻഡ് വിൻ എന്നീ മത്സരങ്ങളിൽ വിജയികളാകുന്നവർ പി എൻ ബി സിനിമാസ് നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ യഥാക്രമം ഗായകനായും നടനായും പ്രത്യക്ഷപ്പെടും. ഇത് കൂടാതെ തന്നെ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ചെറു കഥാമത്സരത്തിൽ വിജയികളാകുന്നവർ പി എൻ ബി സിനിമാസ് നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ സഹ സംവിധായകനായിപ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും.

ദിനേശ് ബാബു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന കൃഷ്ണം വിതരണം ചെയ്യുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയകരമായ മാറ്റങ്ങൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയായ സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ്. ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ പി എൻ ബൽറാമിൻ്റെത് തന്നെയാണ് കൃഷ്ണം ൻ്റെ കഥ. സംവിധായകൻ തന്നെയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും.

പുതുമുഖമായ ഐശ്വര്യ ഉല്ലാസ് നായികയാകുന്ന ചിത്രത്തിൽ സായ്കുമാർ, ശാന്തി കൃഷ്ണ, രൺജി പണിക്കർ, വി കെ പ്രകാശ്, ജയകുമാർ,വിജയകുമാർ, മുകുന്ദൻ മേനോൻ, അഞ്‌ജലി ഉപാസന എന്നീ പ്രമുഖരായ അഭിനേതാക്കൾ അടങ്ങുന്ന വൻ താരനിര തന്നെയാണ്അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel