പ്രചരിപ്പിക്കുന്നത് പൊള്ളയായ വാദങ്ങള്‍; കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തിലെ വസ്തുതകള്‍ ഇങ്ങനെ

കണ്ണൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരം അവസാനിച്ചതോടെ സമരക്കാരും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്ന വാര്‍ത്തകളെല്ലാം തന്നെ വസ്തുതാവിരുദ്ധമെന്ന് തെളിഞ്ഞിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്കായിരുന്നെങ്കിലും വസ്തുതകള്‍ ബോധ്യപ്പെട്ടതോടെ അവരും ബൈപ്പാസിനു വേണ്ടി ഭൂമിനല്‍കാന്‍ സ്വമേധയാ മുന്നോട്ടുവന്നു. പ്രദേശവാസികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ബൈപ്പാസിനെതിരായ സമരത്തില്‍ അവശേഷിച്ചത്.

അപ്പോഴും ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ കള്ളം ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ആ കള്ളങ്ങളെല്ലാം അതുപോലെ വാര്‍ത്തയാക്കി മാധ്യമങ്ങളും ഇവരെ സഹായിച്ചു. ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ ചാനലുകളില്‍ വന്നിരുന്ന് കെട്ടിപ്പൊക്കിയ നുണകള്‍ ഒന്നൊന്നായി പൊളിഞ്ഞപ്പോഴും മാധ്യമങ്ങള്‍ ജനങ്ങളോട് സത്യം പറയാന്‍ തയ്യാറായില്ല.

കീഴാറ്റൂരിലെ 250 ഏക്കര്‍ വയല്‍പ്രദേശം ഏറ്റെടുക്കേണ്ടി വരും എന്നതായിരുന്നു ആദ്യ നുണ.എന്നാല്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 11 ഏക്കര്‍ മാത്രമേ വരികയുള്ളൂ എന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഇതില്‍ ആറ് ഏക്കറില്‍ താഴെ മാത്രമേ വയല്‍ ഭൂമി ഉള്ളു. കീഴാറ്റൂര്‍ നെല്‍വയലുകളാകെ ഇല്ലാതാകും എന്നതും മാധ്യമങ്ങളും സമരക്കാരും പ്രചരിപ്പിച്ച നുണയായിരുന്നു. നെല്‍വയലിന്റെ ഒരു ഭാഗം(ആറ് ഏക്കര്‍) മാത്രമേ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.ബാക്കി ഭാഗം നെല്‍കൃഷി നടത്തുന്നതിന് യാതൊരു തടസവുമില്ല.

കീഴാറ്റൂര്‍ വയലിലൂടെ ഒഴുകുന്ന തോട് പൂര്‍ണ്ണമായും ഇല്ലാതാകും എന്ന പ്രചരണവും കളവായിരുന്നുവെന്ന് സര്‍വേ പൂര്‍ത്തിയായതോടെ വ്യക്തമായി. സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത് തോടിനു പുറത്താണ്. അതിനാല്‍ തന്നെ തോട് അതുപോലെ നിലനില്‍ക്കുമെന്നും ബോധ്യമായി.

ബൈപ്പാസ് വരുന്നതോടു കൂടി വേട്ടക്കൊരുമകന്‍ ക്ഷേത്രം അടക്കം പൊളിക്കേണ്ടി വരുമെന്ന് വിശ്വാസികള്‍ക്ക് ഇടയില്‍ നുണ പ്രചരണം നടത്താനും ഇവര്‍ മടിച്ചില്ല. എന്നാല്‍ സര്‍വ്വേ നടന്നതിനു ശേഷം ഇതും ഊതി വീര്‍പ്പിച്ച പെരും നുണയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.

ഒരു നാട് മുഴുവനായും ബൈപ്പാസിന് എതിരായ സമരത്തോടൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങളും സമരക്കാരും ശ്രമിച്ചത്. 2011ലെ അലൈന്‍മെന്റ് പ്രകാരമാണ് ബൈപ്പാസ് പോകുന്നതെങ്കില്‍ 112 വീടുകള്‍ നഷ്ടപ്പെടുമായിരുന്നു. അതില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍ ഉള്ളവരുടെ വീടുകളായിരുന്നു. കൈത്തറി ഗ്രാമമായ പൂക്കോത്ത് തെരുവും ഇല്ലാതാകുമായിരുന്നു. എന്നാല്‍ നിലവിലെ അലൈന്‍മെന്റ് ഏറ്റവും നഷ്ടം കുറഞ്ഞതും പുനരധിവാസത്തിന്റെ പ്രശ്‌നം ഇല്ലാത്തതുമായ റൂട്ടാണ്.

350 ഓളം വീടുകളും 1800 ല്‍ അധികം ജനസംഖ്യയുമുള്ള കീഴാറ്റൂരില്‍ 30 ല്‍ താഴെ വരുന്ന ജനങ്ങള്‍ മാത്രമാണ് ഇപ്പോഴും ബൈപ്പാസിന് എതിരെ സമരം ചെയ്യുന്നത്. അതില്‍ സമര നായികയായ് ചാനലുകള്‍ അവതരിപ്പിക്കുന്ന നമ്പ്രാടത്ത് ജാനകിക്ക് പോലും കീഴാറ്റൂര്‍ വയലില്‍ ഒരു തുണ്ട് ഭൂമി ഇല്ല.

ഭൂമിയുടെ ഉടമസ്ഥരായ 58 പേരില്‍ 52 പേര്‍ ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് കളക്ടര്‍ക്ക് സമ്മതപ്രതം നല്‍കിയിട്ടുണ്ട്. ഇനിയും മൂന്ന് പേര്‍ കൂടി സമ്മതപത്രം നല്‍കാനിരിക്കുന്നു.

സമര നേതാവ് അന്ന് തന്നെ പത്രം സമ്മേളനം വിളിച്ച് ആരും സമ്മതപത്രം നല്‍കിയിട്ടില്ലെന്നും അവരെല്ലാം ഇപ്പോഴും തങ്ങളുടെ കൂടെയാണെന്നും ചാനലുകള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു പറഞ്ഞു. മാധ്യമങ്ങള്‍ ഇതും പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.

സിപിഐ എമ്മിനെതിരായ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നപ്പോള്‍ സത്യം ജനങ്ങളെ ബോധ്യപെടുത്താനായി പിറ്റേ ദിവസം ഈ ഭൂമി വിട്ടുനല്‍കിയ 52 പേരും സിപിഐ എം നേതാക്കളുമായി കീഴാറ്റൂര്‍ വായനശാലയില്‍ ഒരു പത്രം സമ്മേളനം നടത്തി. എന്നാല്‍ സിപിഐ എം വിരുദ്ധത മൂലം ഈ വാര്‍ത്തയും നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News