അണഞ്ഞുപോയത് വലിയ വഴിവിളക്ക്….

അന്തരിച്ച ടി ആര്‍ ചന്ദ്രദത്തിനെ ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് അനുസ്മരിയ്ക്കുന്നു

അവിശ്വസനീയമായ ഒരു വിടവാങ്ങല്‍….അമൃത ഹോസ്പിറ്റലിന്റെ ഐസിയുവില്‍ ഞാനും ബീനയും ചെന്നു കാണുമ്പോള്‍ ശരീരമാസകലം വിവിധ യന്ത്രങ്ങള്‍. ശ്വാസം നിലച്ചിട്ടില്ല.

ഇങ്ങനെ പലപ്പോഴും കിടക്കേണ്ടി വന്നിട്ടുള്ളതാണല്ലോ?ദത്ത് മാഷല്ലെ ,തിരിച്ചു വരും എന്നായിരുന്നു ഞങ്ങള്‍ പരസ്പരം പറഞ്ഞത്. വിശ്വസിച്ചത്. മാഷ് ബന്ധുവായതു കൊണ്ട് ബീനക്ക് ദത്ത് മാമനാണ്.കുട്ടിക്കാലം മുതലെ അറിയാം.

73 74 കാലത്താണ് ഞാന്‍ മാഷെ കാണുന്നത്. അന്നു കണ്ട ചുറുചുറുക്കുള്ള സുന്ദരനായ യുവാവാണ് ഇപ്പോഴും മനസ്സില്‍. എത്ര ശ്രമിച്ചാലും ശസ്ത്രക്രിയ മാറ്റിയ മുഖത്തിന് ഈ ചിത്രം മാറ്റാനായിട്ടില്ല

അനന്തമായ പ്രവര്‍ത്തന ഊര്‍ജത്തിന്റെയും നൂതനമായ കര്‍മ്മ പരിപാടികളുടെയും സംഭരണിയായിരുന്നു ആ ശോഷിച്ച ശരീരം. രോഗത്തെ വെല്ലുവിളിച്ചു ജീവിക്കാന്‍ അനവധി പേര്‍ക്ക് മാതൃകയായി ദത്ത് മാഷ്.

കനോലി കനാലിനു ഇരു പുറവുമുള്ള ഇടതു യുവാക്കളുടെ നേതൃത്യത്തില്‍ 73 74ല്‍ തൃപ്രയാര്‍ വെച്ച് നടന്ന ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ക്യാമ്പിന്റെ നടത്തിപ്പുകാരുടെ കൂട്ടത്തിലാണ് ആദ്യം കണ്ടത്. കൃഷ്ണന്‍കുട്ടിമാഷും പ്രൊഫ. പി.വിജയനമുണ്ട് മുന്‍നിരയില്‍.

എന്റെ നാട്ടുകാരായ അന്നത്തെ യുവാക്കള്‍ സി ജി ശാന്തകുമാര്‍, കെ.സി.ഗോപാലകൃഷ്ണന്‍ മാഷ്, ജി. അന്തിക്കാട് .സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എന്റെ പിന്നീടുള്ള ഇടതു പക്ഷ സഞ്ചാരം സാധ്യമാക്കിയത് ഇവരുമായുള്ള സാമീപ സമ്പര്‍ക്കമാണ്.
81 മുതല്‍ നാട്ടിക എസ് എന്‍ കോേളജില്‍ ജോലി ചെയതു തുടങ്ങിയതോടെ അപ്പുറത്തു പോളിടെക്കിക്കില്‍ ജോലി ചെയ്യുന്ന ദത്ത് മാഷ് അടുത്ത സാന്നിദ്ധ്യമായി.

കടലില്‍ വല വീശാനിറങ്ങുന്ന മുക്കുവരെന്ന പോലെയാണവര്‍.തങ്ങളിലേക്ക് പുതിയ സഖാക്കളെ അടുപ്പിച്ചു വലയിലാക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. വളര്‍ത്തി വലുതാക്കാന്‍ . എപ്പോഴും എന്തിനും മാഷെ ആശ്രയിക്കാം. അങ്ങനെ പല വിധത്തില്‍ രക്ഷപ്പെട്ടവര്‍ എത്രയെത്ര.

ഉള്‍ക്കൊള്ളലാണ് മാഷുടെ ജീവിതത്തിന്റെ നിത്യ മുദ്ര. കടുത്ത അഭിപ്രായ വ്യത്യാസമുള്ളവരെങ്കിലും വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചു. ആപത്തില്‍ കൈതാങ്ങായി. തളിക്കുളത്തായാലും തൃശൂര്‍ നഗരത്തിലായാലും എല്ലാ വിഭാഗം ജനങ്ങളുമായി മാഷ് സൗഹൃദം സൂക്ഷിച്ചു.

83 84 ല്‍ സംസ്ഥാന ശാസ്ത്ര കലാജാഥ തളിക്കുളത്തും 87ല്‍ സംസ്ഥാന തല വനിതാശിബിരം വലപ്പാടും നടന്നപ്പോള്‍ ജനറല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ച എനിക്ക് ലഭിച്ച ഏറ്റവും വലിയ സാമൂഹ്യ പിന്തുണ ദത്ത മാഷില്‍ നിന്നായിരുന്നു.

സംഘാടനത്തിനിടെയുള്ള പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നതെങ്ങനെയെന്ന് നിരവധി മാതൃകകളിലൂടെ മാഷില്‍ നിന്നു പഠിക്കാന്‍ സാധിച്ചു. പെട്ടെന്നു തീരുമാനമെടുക്കാനുള്ള കഴിവ് അതാണ് മികച്ചു നിന്നത്.

മാഷ് നിര്‍ദ്ദേശിച്ച പ്രകാരം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനവസരം ലഭിച്ചു.കര്‍ഷക തൊഴിലാളി സമ്മേളനത്തിന്റെ ഭാഗമായി വി.എസ്സിനെ ആലപ്പുഴ വീട്ടില്‍ ചെന്ന് ഇന്റര്‍വ്യൂ നടത്തിയത്, ബോംബെയില്‍ നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പങ്കെടുത്തത്.

ഹ്യൂഗോ ഷാവേസിന്റെ ജീവചരിത്രമെഴുതാന്‍ പ്രേരണയായത്, സ.എ.സി.മൊയ്തീന്‍ ആദ്യം നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ ഡോക്കുമെന്ററി ചെയ്തത് തുടങ്ങീ നിരവധി സന്ദര്‍ഭങ്ങള്‍ ഓര്‍മ്മയില്‍ വരുന്നു.ഇതിനെല്ലാം പണവും മറ്റു സൗകര്യങ്ങളും ഒരുക്കി തന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രയോഗത്തിനേക്കാള്‍ സൈദ്ധാന്തിക പ്രവര്‍ത്തനത്തിനു ഊന്നല്‍ നല്‍കുന്ന നിരവധി ചര്‍ച്ചകള്‍ക്കും പ്രസാധന സംരംഭങ്ങള്‍ക്കും തുടക്കമിട്ടു.

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പില്‍ മാഷുടെ ഇടപെടലുകള്‍ ആ കര്‍മ്മകാണ്ഡത്തിന്റെ ഉച്ചാവസ്ഥയായി. യുവ സഖാക്കള്‍ക്കു പോലും അസൂയ തോന്നുന്ന സജീവത. സാമ്രാജ്യത്വത്തിനും വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ നിതാന്ത ജാഗ്രത: ഇടതുപക്ഷത്തെ അറിയപ്പെടുന്ന പല ബുദ്ധിജീവികളേക്കാള്‍ ആ വിഷയങ്ങളില്‍ അറിവും അന്വേഷണത്വരയും സംവാദ ശേഷിയും ദത്ത് മാഷ് പ്രകടിപ്പിച്ചു.

തൃശൂരിലെ എല്ലാ വിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മാഷുടെ സാമീപ്യം ഒരാശ്വാസമായിരുന്നു.ചെന്ന കാര്യം തൃപ്തികരമായി നടന്നോ ഇല്ലയോ എന്നതു വിഷയമല്ല.

ഒരു വഴി കാണിച്ചു തന്നിരിക്കും. അതെ അണഞ്ഞുപോയത് ഒരു വലിയ വഴിവിളക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News